കേരളത്തിന്റെ സൗമ്യനായകൻ പിതാവിന്റെ കൈപിടിച്ച്, ജ്യേഷ്ഠന്റെ വഴിയേ നേതൃരംഗത്ത്
ഇ.പി മുഹമ്മദ്
കോഴിക്കോട്
പിതാവിൽനിന്നും ജ്യേഷ്ഠനിൽനിന്നും പകർന്നുകിട്ടിയ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക ബോധ്യങ്ങളാണ് ഹൈദരലി തങ്ങളെന്ന രാഷ്ട്രീയ കേരളത്തിന്റെ സൗമ്യനായകനെ മുന്നോട്ടുനയിച്ചത്. സംഘർഷാത്മകമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒന്നിൽപ്പോലും പതറാതെ, സംയമനം കൈവിടാതെ, മിതമായ ഭാഷയിൽ നിലപാട് പറഞ്ഞുപോകുന്ന ഒരു മനുഷ്യന് കേരള രാഷ്ട്രീയത്തെ ഇത്രമേൽ സ്വാധീനിക്കാനായത് ആ പാരമ്പര്യത്തിന്റെ കൂടി സവിശേഷതയാണ്. രാഷ്ട്രീയ കൊടുങ്കാറ്റുകളെയും ഇളംകാറ്റുകളെയും അക്ഷോഭ്യനായി ഒരുപോലെ അദ്ദേഹം സ്വീകരിച്ചു.
പിതാവിന്റെ കൈപിടിച്ച് കുഞ്ഞുനാളിലേ മുസ്‌ലിം ലീഗ് പരിപാടിയിൽ എത്തിയിരുന്നെങ്കിലും നേതൃപരിവേഷത്തോടെ ഹൈദരലി തങ്ങൾ ആദ്യമായി ലീഗ് വേദിയിലെത്തിയത് പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജിൽ പഠിക്കുന്ന കാലത്താണ്.
പൊന്നാനിയിൽ നടന്ന ലീഗ് സമ്മേളനത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നിർദേശപ്രകാരമാണ് ആദ്യമായി സ്റ്റേജിലെത്തിയത്. ആ ചടങ്ങിൽ ഖിറാഅത്ത് നടത്തിയതും ഹൈദരലി തങ്ങളായിരുന്നു. താൻ സംബന്ധിച്ച ലീഗിന്റെ ആദ്യ പരിപാടിയിൽ സ്റ്റേജിൽവച്ച് വിശുദ്ധ ഖുർആനിലെ പ്രഥമ അധ്യായമായ സൂറത്തുൽ ഫാതിഹ ഓതാനായത് മധുരിക്കുന്ന ഓർമയായി പിൽക്കാലത്ത് തങ്ങൾ അയവിറക്കുന്നുണ്ട്.
പാണക്കാട്ടെ ലീഗ് യോഗങ്ങളിൽനിന്നും വീട്ടകത്തെ ചർച്ചകളിൽനിന്നും ലീഗിനെ അടുത്തറിഞ്ഞെങ്കിലും സഹോദരൻ ഉമറലി തങ്ങളാണ് ഔദ്യോഗികമായി അംഗത്വം നൽകുന്നത്. 1970കളുടെ തുടക്കത്തിലായിരുന്നു അത്.
കോഴിക്കോട് എം.എം ഹൈസ്‌കൂളിലെ പഠനകാലത്ത് കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും നടക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. കടപ്പുറത്തും മാനാഞ്ചിറ മൈതാനത്തും നടന്ന സമ്മേളനങ്ങളിലെ ഉജ്വല രാഷ്ട്രീയ പ്രസംഗങ്ങൾ കേട്ടത് രാഷ്ട്രീയ നയങ്ങളും ആദർശങ്ങളും അടുത്തറിയാൻ സഹായകമായെന്ന് ഹൈദരലി തങ്ങൾ പറയാറുണ്ട്.
വാപ്പയും ജ്യേഷ്ഠനുമൊക്കെ കാട്ടിയ വഴിയിലൂടെ നടന്ന് ഹൈദരലി തങ്ങൾ 1990 ലാണ് ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നീണ്ട 19 വർഷമാണ് ഹൈദരലി തങ്ങൾ മലപ്പുറത്ത് ലീഗിനെ വളർത്തിയത്.
2009 ൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടോടെ സംസ്ഥാന പ്രസിഡന്റായി നിയമിതനായി. കാറുംകോളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് തങ്ങൾ ലീഗിനെ നയിച്ചത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ രാഷ്ട്രീയ ചലനങ്ങൾ തങ്ങളെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."