മാഞ്ഞത് മതേതര കേരളത്തിന്റെ വഴിവിളക്ക്
രമേശ് ചെന്നിത്തല
മതേതര കേരളത്തിന്റെ വഴിവിളക്കായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിന്റെ അധ്യക്ഷനെന്ന നിലയിലും സമുന്നതനായ ജനകീയ നേതാവെന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.
ഹൈദരലി തങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ ഏതു പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോഴും പാണക്കാട് ചെന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചു കഴിഞ്ഞാൽ പരിഹാരമാർഗങ്ങൾ തെളിയുമായിരുന്നു. യു.ഡി.എഫ് ചെയർമാനായി പ്രവർത്തിച്ച കാലത്ത് എന്റെ കരുത്തും ശക്തിയും ഹൈദരലി തങ്ങളായിരുന്നുവെന്ന് നിസ്സംശയം പറയാം. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാനും അവരുടെ പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണാനും അസാധാരണ കഴിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
കേരളത്തിന്റെ മതേതര സ്വഭാവവും മതനിരപേക്ഷ മൂല്യങ്ങളും നിലനിർത്തുന്നതിൽ പാണക്കാട് തങ്ങന്മാർക്കുള്ള പങ്ക് വളരെ വലുതാണ്. മനുഷ്യരെ സ്‌നേഹിക്കുന്നതാണ് മതവിശ്വാസത്തിന്റെ കാതലെന്ന് അവർ തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചു തന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരിക്കുമ്പോഴും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ മനുഷ്യരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കു വേണ്ടി നിലകൊള്ളാനും ഹൈദരലി തങ്ങൾക്ക് കഴിഞ്ഞു. താൻ പറയുന്നത് ചോദ്യം ചെയ്യാതെ അനുസരിക്കാനും പിൻപറ്റാനും ലക്ഷക്കണക്കിനാളുകൾ ഉണ്ടായിരിക്കുമ്പോഴും വ്യക്തി ജീവിതത്തിൽ ഇത്ര കണ്ട് ലാളിത്യവും ആദർശശുദ്ധിയും സഹജീവി സ്‌നേഹവും പുലർത്താൻ അദ്ദേഹത്തെപ്പോലെ അധികം പേർക്ക് കഴിഞ്ഞിട്ടില്ല. ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇതു പോലൊരു മനുഷ്യൻ നമുക്കിടയിൽ ഉയർന്നുവരിക!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."