ഐലാന്‍ കുര്‍ദിയുടെ പിതാവിനെ കണ്ടു; കണ്ണുനനഞ്ഞ് മാര്‍പാപ്പ
ഇര്‍ബില്‍(ഇറാഖ്): ഇറാഖ് സന്ദര്‍ശനത്തിനിടെ കുര്‍ദിസ്ഥാന്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കണ്ണു നനച്ച് യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹത്തിന്റെ മറക്കാത്ത ചിത്രമായി മാറിയ മൂന്നു വയസുകാരന്‍ ഐലാന്‍ കുര്‍ദിയുടെ പെയിന്റിങ്.
പിതാവ് അബ്ദുല്ലാ കുര്‍ദിയാണ് മകന്‍ മുങ്ങിമരിച്ചു കിടക്കുന്ന പെയിന്റിങ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്. അതു നോക്കിനിന്ന മാര്‍പാപ്പ കരഞ്ഞു. അതു കണ്ട് ഐലാന്റെ പിതാവും കരഞ്ഞു.
2015 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഉമ്മയ്ക്കും നാലു വയസുള്ള സഹോദരനുമൊപ്പം സിറിയന്‍ ബാലനായ ഐലാന്‍ കുര്‍ദി മെഡിറ്ററേനിയനില്‍ മുങ്ങിമരിച്ചത്. തുര്‍ക്കി തീരത്തടിഞ്ഞ ആ കുഞ്ഞിന്റെ കമിഴ്ന്നുകിടക്കുന്ന മൃതദേഹം ആഭ്യന്തരയുദ്ധം മൂലം തകര്‍ന്ന രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള നിലയ്ക്കാത്ത അഭയാര്‍ഥി പ്രവാഹത്തിന്റെ മുദ്രയായി മാറി.
ചുവന്ന ടീഷര്‍ച്ചും നീല നിക്കറുമിട്ട ആ കുഞ്ഞു കാലുകളിലെ ചെരുപ്പ് വീണുപോയിരുന്നില്ല. തുര്‍ക്കി ഫോട്ടോഗ്രാഫര്‍ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ ആ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി.
ഇര്‍ബിലിലെ ഫ്രാന്‍സോ ഹരീരി സ്‌റ്റേഡിയത്തില്‍ വച്ചാണ് കുര്‍ദ് വംശജനായ അബ്ദുല്ല കുര്‍ദി മാര്‍പാപ്പയെ കണ്ടത്. മക്കളെയും കുടുംബത്തെയും നഷ്ടമായതോടെ കുട്ടികളെ സേവിക്കാനായി ജീവിതം മാറ്റിവയ്ക്കാന്‍ താന്‍ തീരുമാനിച്ചതായി അബ്ദുല്ല കുര്‍ദി പറഞ്ഞു.
ജീവിതത്തില്‍ അരമണിക്കൂര്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ അറിയാനായി മാറ്റിവയ്ക്കണമെന്ന് അദ്ദേഹം 10 മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്കിടെ മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."