11കാരനായ ഉക്രൈൻ ബാലൻ രക്ഷതേടി യാത്രചെയ്തത് 1,000 കി.മി
കീവ്
റഷ്യൻ ആക്രമണം തുടരുന്ന ഉക്രൈനിൽ നിന്ന് 11കാരനായ ഉക്രൈൻ ബാലൻ സുരക്ഷിതമായ അഭയകേന്ദ്രം തേടി സഞ്ചരിച്ചത് 1,000 കിലോമീറ്റർ. ഒറ്റയ്ക്ക് സ്ലോവാക്യയിലേക്കാണ് ബാലൻ യാത്രചെയ്തത്. തെക്കുകിഴക്കൻ ഉക്രൈനിലെ സപ്പോരിജിയ സ്വദേശിയാണ് കുട്ടി.
രോഗിയായ ബന്ധുവിനെ പരിചരിക്കുന്നതിനായി മാതാപിതാക്കൾക്ക് ഉക്രൈനിൽ തന്നെ തങ്ങേണ്ടിവന്നതിനാലാണ് ബാലൻ ഒറ്റയ്ക്ക് യാത്ര ചെയ്തത്. ഒരു ബാഗും അമ്മയുടെ കുറിപ്പും ഫോൺ നമ്പറും മാത്രമാണ് കുട്ടിയുടെ കൈയിലുണ്ടായിരുന്നത്. അവിശ്വസനീയമായ ഒരു യാത്ര പൂർത്തിയാക്കിയ ശേഷം തന്റെ പുഞ്ചിരി, നിർഭയത്വം, നിശ്ചയദാർഢ്യം എന്നിവയിലൂടെ ബാലൻ ഉദ്യോഗസ്ഥരെ കീഴടക്കി. കഴിഞ്ഞ രാത്രിയിലെ വലിയ ഹീറോ' എന്നാണ് സ്ലൊവാക്യൻ ആഭ്യന്തര മന്ത്രാലയം കുട്ടിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
ബന്ധുക്കളെ കണ്ടുപിടിക്കാനായി ട്രെയിനിലാണ് മകനെ സ്ലോവാക്യയിലേക്ക് അയച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
ഒരു പ്ലാസ്റ്റിക് ബാഗിൽ പാസ്‌പോർട്ടും ഒരു കുറിപ്പും കൈയിൽ കൊടുത്തിരുന്നു. കുട്ടി സ്ലോവാക്യയിൽ എത്തിയപ്പോൾ അതിർത്തിയിലെ ഉദ്യോഗസ്ഥർ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുകയും അവർക്ക് ബാലനെ കൈമാറുകയുമായിരുന്നു. മകനെ പരിചരിച്ചതിന് സ്ലൊവാക് ഭരണകൂടത്തിനും പൊലിസിനും കുട്ടിയുടെ അമ്മ നന്ദി പറഞ്ഞുകൊണ്ട് സന്ദേശം അയച്ചു. ഉക്രൈനിൽ നിന്ന് ആളുകളുടെ കൂട്ടപ്പലായനം തുടരുകയാണ്. ഇതുവരെ 16 ലക്ഷം ആളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."