1991ലെ ആരാധനാ സ്ഥല നിയമം സുപ്രിംകോടതി പുനഃപരിശോധിക്കുന്നു,ലക്ഷ്യം കാശി, മഥുര പള്ളികള്‍
ന്യൂഡല്‍ഹി: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു പരിരക്ഷ നല്‍കിവരുന്ന 1991ലെ നിയമം പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനം. 1991ലെ ആരാധന സ്ഥല നിയമത്തിലെ രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടിസയച്ചു.
ഹരജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്, കേന്ദ്ര നിയമമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിവയ്ക്കാണ് നോട്ടിസയച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നോ അതിനു ശേഷമോ ആരുടെ കൈവശമാണോ ഓരോ ആരാധനാലയങ്ങളുമുള്ളത്, അതില്‍ അവര്‍ക്കു മാത്രം അവകാശം നല്‍കുന്നതും യാതൊരു കാരണവശാലും അതു മാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്നും വ്യവസ്ഥചെയ്യുന്നതാണ് ഈ വകുപ്പുകള്‍. മുസ്‌ലിം ലീഗിന്റെ ലോക്‌സഭാംഗമായിരുന്ന ജി.എം ബനാത്ത്‌വാലയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പാര്‍ലമെന്റ് ബില്ല് കൊണ്ടുവന്നത്. ബില്ലിലെ ഈ വ്യവസ്ഥകള്‍ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതവിഭാഗങ്ങള്‍ക്ക് അവരുടെ പഴയ ആരാധനാ കേന്ദ്രങ്ങള്‍ തിരിച്ചുകിട്ടുന്നില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം മുഖേന നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്.
കൃഷ്ണ ഭഗവാന്റെ ജന്മസ്ഥലം തിരിച്ചുകിട്ടാനായി ഹിന്ദുക്കള്‍ പതിറ്റാണ്ടുകളായി പ്രക്ഷോഭം നടത്തിവരികയാണ്. നിയമത്തില്‍ ഇളവുണ്ടായതിനാല്‍ അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്കു തിരിച്ചുകിട്ടി. ഇനി മഥുരയിലെ കൃഷ്ണന്റെ ജന്മസ്ഥലം ഉള്‍പ്പെടെ തിരികെ ലഭിക്കേണ്ടതുണ്ട്. യുക്തിരഹിതമായ ഒരു കാലപരിധി വച്ച്, ഇന്ത്യയിലേക്ക് അതിക്രമിച്ചെത്തിയ ഭരണാധികാരികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കൈയേറ്റത്തെയും ഇതിലെ വ്യവസ്ഥകള്‍ നിയമവിധേയമാക്കുകയാണെന്നും ഇതിലെ വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വ സംവിധാനത്തിനു വിരുദ്ധവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കണമെന്ന വ്യവസ്ഥകള്‍ക്ക് എതിരുമാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.
ലക്ഷ്യം കാശി, മഥുര പള്ളികള്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു സുപ്രിംകോടതി അനുമതി നല്‍കിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ഹരജി സുപ്രിംകോടതിയിലെത്തുന്നത്.
സംഘ്പരിവാര്‍ വര്‍ഷങ്ങളായി അവകാശവാദമുന്നയിക്കുന്ന കാശി വിശ്വനാഥ ക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയോട് ചേര്‍ന്നുള്ള പള്ളികളാണ് 1991ലെ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ അവര്‍ ആഗ്രഹിക്കുന്നത്. ഏകസിവില്‍കോഡിന്റെ ചുവടുവയ്പ്പാകുന്ന വിധത്തില്‍ പിന്തുടര്‍ച്ചാവകാശം, വിവാഹമോചനന നിയമം എന്നിവ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സുപിംകോടതിയെ സമീപിച്ചതും അശ്വിനി ഉപാധ്യായയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."