ജാമിഅ നൂരിയ്യ സമ്മേളനത്തിന് പരിസമാപ്തി
ശംസുദ്ദീന്‍ ഫൈസി
ഫൈസാബാദ്(പട്ടിക്കാട്)
വൈജ്ഞാനിക പ്രബോധന മേഖലയില്‍ കര്‍മോത്സുകരായ പ്രതിഭകളെ പണ്ഡിത ലോകത്തിന് സമര്‍പ്പിച്ച് ജാമിഅ നൂരിയ്യയുടെ 59ാം വാര്‍ഷിക 57ാം സനദ് ദാന സമ്മേളനത്തിന് പരിസമാപ്തി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി 339 യുവ പണ്ഡിതന്മാര്‍ കൂടി ഇന്നലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും ഫൈസി ബിരുദം ഏറ്റുവാങ്ങി. ഇതോടെ 7867 ഫൈസിമാരെ ജാമിഅ നൂരിയ്യ നാടിനു സമര്‍പ്പിച്ചു. ജാമിഅ നൂരിയ്യയുടെ പ്രസിഡന്റും മുസ്ലിം കേരളത്തിന്റെ ആത്മീയനേതാവുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടു തീര്‍ത്ത വേദനയിലാണ് ഇത്തവണ സമ്മേളനം നടന്നത്.
കേരളത്തിലെ ഇസ്ലാമിക പ്രബോധന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ആറുപതിറ്റാണ്ടായി നായകത്വം വഹിച്ചു കൊണ്ടിരിക്കുന്ന ജാമിഅ നൂരിയ്യയുടെ സന്തതികള്‍ ലേകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. പ്രബോധന മേഖലയില്‍ പതിറ്റാണ്ടു കടന്ന ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വിപ്ലവത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന്റെ ഭാഗമാവാനും പതിനായിരങ്ങളാണ് ഇന്നലെ ഫൈസാബാദിലെ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയിലെത്തിയത്. നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മാറ്റിവയ്ക്കുകയും കഴിഞ്ഞ തിങ്കളാഴ്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിനെ തുടര്‍ന്ന് വീണ്ടും ഇന്നലെത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. അറിവും ആത്മീയ അനുഭവങ്ങളും സമ്മാനിക്കുന്ന ജാമിഅയുടെ സമ്മേളനം ഹൈദരലി തങ്ങളുടെ വേര്‍പാടിനെ തുടര്‍ന്ന് സനദ് ദാനവും മജ്‌ലിസൂന്നൂര്‍ വാര്‍ഷിക സദസും മാത്രമായി ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്.
ഉച്ചക്കു ശേഷം 3.15ന് സനദ് സ്വീകരിക്കുന്ന യുവ പണ്ഡിതര്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം നടന്നു. സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജന. സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ സനദ് ദാന പ്രസംഗവും നിര്‍വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗത പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."