'ജയസാധ്യതക്കപ്പുറം ഗ്രൂപ്പ് താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു'; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ. സുധാരന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ജയസാധ്യതക്കപ്പുറം ഗ്രൂപ്പ് താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും പ്രതിസന്ധികളില്‍ സന്ദര്‍ഭോചിത നിലപാടെടുക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല. ജയസാധ്യതക്ക് പകരം സംസ്ഥാന നേതൃത്വം ഗ്രൂപ്പ് താല്‍പ്പര്യം കാണിച്ചു. പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്. നേതാക്കന്മാര്‍ക്ക് തുടര്‍ച്ചയായി തെറ്റുപറ്റുകയാണ്. ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി സ്പിരിറ്റിലേക്ക് മടങ്ങിവരണം'- സുധാകരന്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേമം ബി.ജെ.പിയുടെ കോട്ടയല്ല. ശക്തനായ നേതാവ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കെ. മുരളീധരന്‍ നേമത്ത് മത്സരിക്കാന്‍ തയാറായത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. പ്രതിസന്ധി തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത് വിജയ സാധ്യതയെ ബാധിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."