സമുദായത്തെ പഠിപ്പിക്കാൻ പുതിയ ഉസ്താദുമാർ വേണ്ട, ബ്രിട്ടാസ് ആർ.എസ്.എസ് വേദിയിൽ സംസാരിച്ചതെന്തെന്ന് യൂടൂബിൽ ലഭ്യം; മുജാഹിദ് സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കൾ
കോഴിക്കോട്: ജോൺ ബ്രിട്ടാസ് എം.പിക്കെതിരേ രൂക്ഷവിമർശനവുമായി യു.ഡി.എഫ് എം.എൽ.എമാരും യുവ നേതാക്കളും മുജാഹിദ് സമ്മേളന വേദിയിൽ. ഇന്നലെ നടന്ന രണ്ട് സെഷനുകളിൽ സംസാരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എയും മുസ്ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എൽ.എയും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസുമാണ് വിമർശനവുമായി രംഗത്തുവന്നത്.
ബ്രിട്ടാസ് നേതൃത്വം നൽകിയ കൈരളി ചാനലിലെ നൂറുകണക്കിന് ചർച്ചകൾ ആയിരിക്കും ഒരു പക്ഷേ സംഘ്പരിവാർ ആശയങ്ങൾക്ക് ഏറ്റവും കൂടുതൽ വേരോട്ടമുണ്ടാക്കിയിരിക്കുകയെന്നും ഇക്കിളിപ്പെടുത്തുന്ന പ്രസംഗം നടത്തി കൈയടി നേടുകയെന്നതിലേക്ക് ചുരുങ്ങുകയല്ല വേണ്ടതെന്ന് സിദ്ദീഖ് പറഞ്ഞു.
ഈ സമുദായത്തിന് രാഷ്ട്രീയം പഠിപ്പിക്കാൻ പുതിയ ഉസ്താദുമാർ വേണ്ടെന്ന് നജീബ് കാന്തപുരം വിമർശിച്ചു.
ബ്രിട്ടാസ് 2021ൽ ആർ.എസ്.എസ് വേദിയിൽ പങ്കെടുത്ത് സംസാരിച്ചതെന്തെന്ന് എല്ലാവർക്കും ഇപ്പോഴും യൂട്യൂബിൽ അടക്കം ലഭ്യമാണെന്ന് പി.കെ ഫിറോസ് പറഞ്ഞു. അത്തരമാളുകൾ ഫാസിസ്റ്റ് വിരുദ്ധ ചാമ്പ്യൻ പട്ടം സ്വയമെടുത്തണിഞ്ഞാൽ അതവർക്ക് ചേരില്ലെന്നു മാത്രം പറയുകയാണെന്നും ഇവർ സ്വയം എടുക്കുന്ന നിലപാടുകൾ എത്രത്തോളം ഇതിനോട് പൊരുത്തപ്പെടുന്നതാണെന്ന് ചിന്തിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ശ്രീധരൻ പിള്ളയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിൽ , നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് വെള്ളിയാഴ്ച സമ്മേളനത്തിനെത്തിയ ജോൺ ബ്രിട്ടാസ് സംസാരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് നേതാക്കളുടെ വിമർശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."