മൂന്നിൽ മികച്ച ജയരാജൻ
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
ആരെന്തൊക്കെ കുറ്റം പറഞ്ഞാലും കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യൻ വിപ്ലവപാതയ്ക്കു തന്നെ വലിയ മുതൽക്കൂട്ടാണ് കണ്ണൂരിലെ മൂന്നു ജയരാജൻമാർ. ഇന്ത്യൻ വിപ്ലവത്തെ മുന്നോട്ടു നയിക്കാൻ അവർ ചെയ്തതിനപ്പുറം ചാരു മജൂംദാറോ വർഗീസോ എന്തിന് ചെ ഗുവേരയോ ഹോചിമിഞ്ഞോ പോലും ചെയ്തിട്ടില്ല. എന്നിട്ടും അവരെ തിരിച്ചറിയാതെപോയത് നമ്മുടെ മാത്രം കുറ്റമാണ്. മുറ്റത്തെ വിപ്ലവകാരികൾക്ക് മണമില്ലെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ.
ഇക്കൂട്ടത്തിൽ പ്രഥമഗണനീയൻ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനാണ്. വിപ്ലവപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെയത്ര ത്യാഗങ്ങളനുഭവിച്ച മറ്റൊരു കമ്യൂണിസ്റ്റിനെ ഇന്ത്യയിലെവിടെയും കാണില്ല. വർഗശത്രുക്കൾ തൊടുത്തുവിട്ട വെടിയുണ്ട കഴുത്തിൽ കൊണ്ടുനടക്കുന്നയാളാണ് അദ്ദേഹം. അങ്ങനെ വെടിയുണ്ട ശരീരത്തിൽ കൊണ്ടുനടന്ന മറ്റൊരു കമ്യൂണിസ്റ്റ് വിപ്ലവകാരി കാന്തലോട്ട് കുഞ്ഞമ്പുവായിരുന്നു. എന്നാൽ അത് കഴുത്തിലായിരുന്നില്ല. പിന്നെ വി.എസ് അച്യുതാനന്ദന് പണ്ടെന്നോ കാലിൽ വെടിയോ ബയനറ്റ് കൊണ്ടുള്ള കുത്തോ ഏറ്റിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അതെന്തായാലും ശരീരത്തിൽ വെടിയുണ്ട കൊണ്ടുനടക്കേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടായിട്ടില്ല.
അത്രതന്നെ പ്രധാനപ്പെട്ട സംഭാവന സൈദ്ധാന്തിക തലത്തിലും ഇ.പി ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നൽകിയിട്ടുണ്ട്. നിരന്തരം മാറ്റങ്ങൾക്കു വിധേയമാകേണ്ടതാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെന്നും അതിനെ നവീകരിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്നും കാൾ മാർക്‌സ് അക്കാലത്തു തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ലെനിൻ, മാവോ, അന്റോണിയോ ഗ്രാംഷി തുടങ്ങിയവർക്കു ശേഷം അതിന് ഇ.പിയല്ലാതെ മറ്റാരും മെനക്കെട്ടിട്ടില്ല. അതിപ്രമുഖ സൈദ്ധാന്തികനെന്ന് മാധ്യമങ്ങളും അനുയായികളും ആരോപിച്ചിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനു പോലും അതു സാധിച്ചിട്ടില്ല. എന്നാൽ ഇ.പിക്ക് അതു സാധിച്ചു. കമ്യൂണിസ്റ്റുകാർ പണ്ടത്തെപ്പോലെ ഇപ്പോൾ പരിപ്പുവടയും കട്ടൻചായയും കഴിച്ചു ജീവിക്കേണ്ട കാര്യമില്ലെന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അദ്ദേഹം സിദ്ധാന്തിച്ചു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ വലിയൊരു വഴിത്തിരിവാണത്.
അതുപോലെ തന്നെ മികച്ചതാണ് അദ്ദേഹത്തിന്റെ ക്രാന്തദർശിത്വം. ഇത്തവണ ഫുട്‌ബോൾ ലോകകപ്പ് 'മേഴ്‌സി' തന്നെ കൊണ്ടുപോകുമെന്ന് വളരെ നേരത്തെ തന്നെ അദ്ദേഹം പ്രവചിച്ചു. അത് കൃത്യമായി. ഇങ്ങനെ കൃത്യമായൊരു പ്രവചനം നടത്താൻ യെച്ചൂരിക്കു പോലും സാധിച്ചിട്ടില്ല.
രണ്ടാമത്തെയാൾ പി. ജയരാജനാണ്. അദ്ദേഹവും ത്യാഗിയായ വിപ്ലവകാരിയാണ്. വർഗശത്രുവിന്റെ വെട്ടേറ്റ് അറ്റുപോയി പിന്നീട് തുന്നിച്ചേർത്ത കൈയുമായാണ് അദ്ദേഹം ജീവിക്കുന്നത്. വിപ്ലവപ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹമോ കുടുംബാംഗങ്ങളോ രാഷ്ട്രീയത്തിൽനിന്ന് സമ്പത്തൊന്നും നേടിയിട്ടില്ല.
മൂന്നാമത്തെയാൾ പ്രകാശം പരത്തുന്ന ജയരാജനെന്ന് ലോകമാകെ പ്രശസ്തി നേടിയ എം.വി ജയരാജനാണ്. ബൂർഷ്വാ, ഭൂപ്രഭു ഭരണകൂടമുള്ള ഇന്ത്യാരാജ്യത്തെ ജുഡീഷ്യറിയെ പരസ്യമായി വിമർശിച്ച് ജയിൽവാസമനുഭവിച്ച വിപ്ലവകാരിയാണ് അദ്ദേഹം. ബൂർഷ്വാ കോടതികളെ തുറന്നുകാട്ടുക എന്ന ചരിത്രപരമായ വിപ്ലവ കടമ ഇത്ര തീവ്രമായി മാവോയിസ്റ്റുകൾ പോലും നിർവഹിച്ചിട്ടില്ല.
ഇവർക്കെല്ലാം വലിയ മികവുകളുണ്ടെങ്കിലും അക്കൂട്ടത്തിൽ മുമ്പൻ ഇ.പി തന്നെയാണെന്ന് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധർ പോലും സമ്മതിക്കും. ആ ഇ.പിക്കെതിരേയാണ് ഇപ്പോൾ വലിയ ആരോപണങ്ങളുയരുന്നത്. ഇ.പിയും കുടുംബവും അനധികൃതമായി പണം സമ്പാദിച്ചിട്ടുണ്ടെന്നും മകന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ ആന്തൂരിൽ കുന്നിടിച്ചുനിരത്തി നിർമിച്ച ആയുർവേദ റിസോർട്ടിൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും വൻ ഓഹരിപങ്കാളിത്തമുണ്ടെന്നുമൊക്കെ പി. ജയരാജൻ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞെന്ന് ചില ബൂർഷ്വാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദത്തിനു തുടക്കം. അത് പാർട്ടി ചർച്ച ചെയ്യുമെന്നും ഇല്ലെന്നുമൊക്കെ പലതരം വാർത്തകൾ വരുന്നുണ്ട്.
ആരോപണം സത്യമായാലും അസത്യമായാലും ഒരു പ്രസ്ഥാനത്തിൽ ഇത്തരം ആരോപണങ്ങൾ അസാധാരണമൊന്നുമല്ല. ഒരു കാട്ടിൽ മൂന്നു ജയരാജൻമാരുണ്ടാകുമ്പോൾ അതൊക്കെ സ്വാഭാവികം. രണ്ടുപേരുണ്ടായാൽ പോലും പൊല്ലാപ്പ് ഉറപ്പാണ്. ഏതെങ്കിലും ബൂർഷ്വാ പാർട്ടികളിലായിരുന്നെങ്കിൽ ഏതെങ്കിലുമൊരാൾ എത്രയോ മുമ്പ് പാർട്ടിവിട്ട് വേറെ പാർട്ടിയിൽ ചേക്കേറിയിട്ടുണ്ടാകും. മൂന്നു ജയരാജൻമാരും ഇത്രയും കാലം രമ്യതയോടെ വർത്തിച്ചത് വിപ്ലവപ്പാർട്ടിയിൽ ആയതുകൊണ്ടാണ്. എന്നാൽ എത്രയായാലും മനുഷ്യരല്ലേ, വല്ലപ്പോഴുമൊരിക്കൽ ഇങ്ങനെയൊക്കെ സംഭവിച്ചുപോകും.
ഇ.പിക്കെതിരേ പി. അങ്ങനെയൊരു ആരോപണമുന്നയിച്ചിട്ടുണ്ടെങ്കിൽ തന്നെ അതിൽ എന്താണ് തകരാറ്? ഒരാൾ വിപ്ലവനേതാവായതുകൊണ്ട് അയാളുടെ കുടുംബാംഗങ്ങൾ ബിസിനസ് നടത്തരുതെന്നോ പണം സമ്പാദിക്കരുതെന്നോ ഉള്ള നിയമമൊന്നും ഈ രാജ്യത്തില്ല. മാത്രമല്ല ഇന്നത്തെ കാലത്ത് കമ്യൂണിസ്റ്റുകാർ പരിപ്പുവടയും കട്ടൻചായയും കഴിച്ചു ജീവിക്കേണ്ട കാര്യമില്ലെന്ന് ഇ.പി ഒരു പതിറ്റാണ്ട് മുമ്പു തന്നെ പറഞ്ഞിട്ടുമുണ്ട്. പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നത് രാഷ്ട്രീയത്തിൽ വലിയൊരു ഗുണമാണ്. അതിന് അദ്ദേഹത്തെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ് വേണ്ടത്. പിന്നെ പി. ജയരാജൻ സ്വത്തൊന്നും സമ്പാദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊന്നും സമ്പത്തില്ലെന്നും ഒരു മികവായി പി.ജെ ആർമിക്കാർ പറയുന്നതിനെ വലിയ കാര്യമാക്കേണ്ടതില്ല. അദ്ദേഹത്തിനും കുടുംബത്തിനും എന്തെങ്കിലും ബിസിനസ് നടത്തി പത്തു കാശുണ്ടാക്കാനറിയാത്തത് ഇ.പിയുടെ കുറ്റമല്ലല്ലോ. അല്ലെങ്കിലും പണക്കാരെ ബഹുമാനിക്കാൻ പഠിക്കാത്തവരല്ലേ നമ്മുടെ നാട്ടുകാർ.
റിസോർട്ട് പണിയാൻ ഒരു കുന്നിടിച്ചതും വലിയ കുറ്റമൊന്നുമല്ല. നാട്ടിലാകമാനം കുറെ കുന്നുകളുണ്ടായതുകൊണ്ട് കുറെ കീരിക്കും പാമ്പിനും കിളികൾക്കുമൊക്കെയല്ലാതെ മനുഷ്യർക്ക് കാര്യമായ പ്രയോജനമൊന്നുമില്ല. കുന്നുകളൊക്കെ ഇടിച്ചുനിരത്തി റിസോർട്ടുകളോ എന്തെങ്കിലും ഫാക്ടറികളോ പണിതാൽ നാട് വികസിക്കും. അവിടങ്ങളിൽ തൊഴിലാളിവർഗത്തിന് ജോലി കിട്ടും. അവിടെയൊക്കെ യൂണിയനുകൾ ഉണ്ടാകും. അതിനൊക്കെ നേതാക്കളും വേണമല്ലോ. അങ്ങനെ ചില നേതാക്കൾക്കും ജോലി കിട്ടും. മൊത്തത്തിൽ നോക്കിയാൽ അതുകൊണ്ട് നാടിനുണ്ടാകുന്ന ഗുണം ഏറെ വലുതാണ്. നാട് വികസിക്കുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത പിന്തിരിപ്പൻ ശക്തികൾ ധാരാളമുള്ള കേരളത്തിൽ ഇതുപോലുള്ള സംരംഭങ്ങളെ തകർക്കാൻ നടക്കുന്ന നീക്കങ്ങളിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. വികസനവിരോധികൾ പല രൂപഭാവങ്ങളിൽ രംഗത്തുവരും, പി.ജെ ആർമിയുടെ രൂപത്തിൽ പോലും.
ഇ.പിയുടെ ഭാര്യയ്ക്കും മകനും റിസോർട്ടിൽ ഉണ്ടെന്നു പറയപ്പെടുന്ന ഓഹരി അത്ര വലുതല്ലെന്നും ഓർക്കണം. അത് ഒരു കോടി രൂപ പോലും വരില്ല. ഇക്കാലത്ത് കോടിയൊന്നും വലിയ തുകയല്ല. കേരളത്തിൽ ഒരു ദരിദ്രവാസിയായിരിക്കാൻ തന്നെ വേണം ഒരു കോടിയെങ്കിലും കൈവശം. അങ്ങനെ നോക്കുമ്പോൾ പാവപ്പെട്ടൊരു കുടുംബമാണ് ഇ.പിയുടേത്.
കാര്യങ്ങളുടെ സത്യാവസ്ഥ ഇതൊക്കെയായിട്ടും ഇ.പിയെ വീഴ്ത്താൻ പി.ജെ ആർമിക്കാർ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണമെന്ന് കരുതുന്നതിൽ വലിയ തെറ്റില്ല. ലോകത്തെ പല വിപ്ലവ നേതാക്കൾക്കുമെതിരേ അവരുടെ തന്നെ പാർട്ടികളിലെ റെനിഗേഡുകളും അഞ്ചാംപത്തികളുമൊക്കെ ഇതുപോലെ വർഗശത്രുക്കൾക്കൊപ്പം ചേർന്ന് തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. അതെല്ലാം പരാജയപ്പെട്ടിട്ടുമുണ്ട്.
അതുപോലെ ഇ.പി സഖാവിനെതിരായ നീക്കവും പരാജയപ്പെടുമെന്ന് ഉറപ്പാണ്. പാർട്ടി നേതൃഘടകത്തിൽ അദ്ദേഹം ആരോപണങ്ങൾക്കെല്ലാം പുഷ്പംപോലെ മറുപടി നൽകിയെന്നാണ് വാർത്ത. വികസനത്തിന്റെ പ്രാധാന്യം നന്നായി അറിയാവുന്ന പാർട്ടിയുമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ ഈ ആരോപണം കൊണ്ട് അദ്ദേഹത്തെ തകർക്കാമെന്ന് ആരും കരുതേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."