സേഫ്റ്റി പിന്‍ വിഴുങ്ങിയ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; പാതിഭാഗം കണ്ടെത്താനായില്ല
ആര്‍പ്പൂക്കര: സേഫ്റ്റി പിന്‍ വിഴുങ്ങിയ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുത്തത്. പാതി ഭാഗം കണ്ടെത്താനായില്ല.
വൈക്കം കുലശേഖര മംഗലം സ്വദേശിയായ രഞ്ജിത്തിന്റെ കുട്ടിയുടെ വയറ്റില്‍ നിന്നാണ് സേഫ്ടി പിന്‍ പുറത്തെടുത്തത്. മുലയൂട്ടുന്നതിനിടെ അമ്മയുടെ കഴുത്തിലെ മാലയില്‍ കോര്‍ത്തിരുന്ന സേഫ്റ്റി പിന്‍ കുഞ്ഞ് വിഴുങ്ങുകയായിരുന്നു.തൊണ്ടയില്‍ പിന്‍ കുടുങ്ങിയപ്പോളായിരുന്നു വീട്ടുകാര്‍ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിന് കുട്ടികളുടെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹൃദയ ശസ്ത്രക്രിയ വിഭാഗത്തില്‍ ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്വത്തില്‍ തൊണ്ടയില്‍ കുടുങ്ങിയ പിന്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പുഷിംഗിലൂടെ സേഫ്ടി പിന്‍ അന്നനാളത്തിലേക്കും അവിടെ നിന്നും അമാശയത്തിലേക്കും തള്ളി വിടുകയായിരുന്നു. ഇങ്ങനെ അപകടകരമായ അവസ്ഥയില്‍ നിന്നും കുട്ടിയെ രക്ഷിച്ചെങ്കിലും പിന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കുട്ടി മല ശോധനം നടത്തുമ്പോള്‍ തനിയെ പുറത്തു വരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഡോക്ടര്‍മാര്‍. ഇതിനാല്‍ മെഡിക്കല്‍ കോളജില്‍ നിന്നും കുഞ്ഞിനെ വീണ്ടും കുട്ടികളുടെ ആശുപത്രിയിലേക്ക് വിട്ടു. അവിടെ പീഡിയാട്രിക് സര്‍ജറി വിഭാഗം ഡോ.അശോക് കുമാറിന്റെ നേതൃത്വത്തില്‍ കുട്ടിയെ പരിശോധിച്ചുവെങ്കിലും ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറായില്ല. ഒരാഴ്ച്ച പിന്നിട്ടിട്ടും പിന്‍ പുറത്തു വരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ പിന്‍ വന്‍കുടലില്‍ തന്നെ കിടക്കുന്നതായി ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."