ജനാധിപത്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തകര്‍ക്കുന്ന വിധം
നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കുന്നുവെന്ന് ഒരുവശത്ത് മുറവിളികൂട്ടുന്ന ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടികള്‍തന്നെ ഇരിക്കുന്ന കൊമ്പ് മുറിക്കും വിധം മറുവശത്ത് ജനാധിപത്യത്തെ ആസൂത്രിതമായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. വോട്ടര്‍പ്പട്ടികയില്‍ വ്യാപകമായി ചേര്‍ത്ത ഇരട്ടവോട്ടുകള്‍ ഇതിലേക്കുള്ള പാത തീര്‍ക്കലാണ്. കള്ളവോട്ടും മരിച്ചയാള്‍ എണീറ്റുവന്ന് വോട്ട് ചെയ്യലും പണ്ടു മുതല്‍ക്കേയുള്ള ഏര്‍പ്പാടുകളാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് വോട്ട് ചെയ്യാനാവാത്ത അവസ്ഥ പണ്ട് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ നാട്ടുനടപ്പായിരുന്നുവെങ്കില്‍ വളരെ വേഗത്തില്‍തന്നെ ഉത്തരമലബാറിലും അത് നടപ്പിലായി. പോളിങ് ബൂത്ത് ഏജന്റുമാരെയും പ്രിസൈഡിങ് ഓഫിസര്‍മാരെയും ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കള്ളവോട്ട് ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകരെക്കുറിച്ച് ഉത്തരകേരളത്തില്‍നിന്ന് തെരഞ്ഞെടുപ്പുകാലത്ത് പതിവായി വരുന്ന വാര്‍ത്തകളായിരുന്നു. അതൊന്നും ജനാധിപത്യ ഭരണ പ്രക്രിയയിലെ മര്‍മ്മപ്രധാനമായ വോട്ടിങ്ങിനെ കാര്യമായി സ്വാധീനിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍തന്നെ ജനാധിപത്യ വിശ്വാസികളെ നടുക്കം കൊള്ളിക്കുന്നതാണ്. ജനാധിപത്യാവകാശമായ വോട്ടിങ്ങിനെ വോട്ടര്‍പ്പട്ടികയില്‍ ആസൂത്രിതമായി അട്ടിമറിക്കുന്ന ഒരു സംഭവം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത നയമായ ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കു വേണ്ടിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തൂണുകള്‍ ഓരോന്നും തകര്‍ത്തുകൊണ്ടിരിക്കുന്നതെങ്കില്‍, മതേതര ജനാധിപത്യ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍, അവര്‍ക്ക് ശക്തിയുള്ള ചില പ്രദേശങ്ങളില്‍ കൈയൂക്കിന്റെ ബലത്തില്‍ വോട്ടര്‍പ്പട്ടികയില്‍തന്നെ വ്യാപകമായ തോതില്‍ കൃത്രിമം വരുത്തി ജനാധിപത്യത്തെ അപ്രസക്തമാക്കുകയാണ്. ഏകാധിപത്യ ഭരണമെന്ന ആര്‍.എസ്.എസിന്റെ ആശയത്തിനാണ് ഇതിലൂടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശക്തി പകരുന്നത്. ഇവിടെ നരേന്ദ്രമോദി സര്‍ക്കാരും ജനാധിപത്യ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം. രണ്ടുവിഭാഗവും പൗരന്റെ ജനാധിപത്യാവകാശമാണ് അട്ടിമറിക്കുന്നത്. തങ്ങളുടെ ഭരണാധികാരി, അല്ലെങ്കില്‍ പ്രതിനിധി ആരായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള പൗരന്റെ ഭരണഘടനാദത്തമായ അവകാശത്തെ അട്ടിമറിച്ച്, അവിടെ രാഷ്ട്രീയക്കാര്‍ക്ക് ഇഷ്ടമുള്ളവരെ പ്രതിഷ്ഠിക്കുവാന്‍ പ്രവര്‍ത്തിക്കുന്നവര്‍ ജനാധിപത്യത്തിന്റെ ഘാതകരാണ്.
അഞ്ചു മണ്ഡലങ്ങളിലായി 14,000 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ സ്ഥലം പിടിച്ചുവെന്നതായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ ഒന്‍പതു മണ്ഡലങ്ങളില്‍ 19,133 വ്യാജ വോട്ടുകള്‍ കൂടി അടുത്ത ദിവസം കണ്ടെത്തിയെന്നത് നിസാര കാര്യമല്ല. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിമറിക്കാന്‍ ഈ ഇരട്ടവോട്ടുകള്‍ മതിയാകും. ഒരു പക്ഷേ സംസ്ഥാന ഭരണം തന്നെ ഈ ഇരട്ടവോട്ടുകളുടെ ബലം കൊണ്ട് ഒരു പാര്‍ട്ടിക്ക് കൈയേറാന്‍ പറ്റും.
ഇരട്ടവോട്ടുകളുടെ പകര്‍പ്പ് സഹിതം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, ജില്ലകളോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണദ്ദേഹം. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ, ഒരുമണ്ഡലത്തിന്റെ വിധി നിര്‍ണയത്തെ മാറ്റിമറിക്കാന്‍ കഴിയുംവിധമുള്ള ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് തൊട്ടടുത്തുവന്നുനില്‍ക്കെ, ഈ ചുരുങ്ങിയ സമയം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടര്‍പ്പട്ടിക പുനഃപരിശോധനയ്ക്ക് വിധേയമാക്കി ഇരട്ടവോട്ടുകള്‍ തള്ളിക്കളയുവാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ സര്‍വിസ് കാലത്തെ അവിസ്മരണീയവും പൊന്‍തൂവല്‍ ചാര്‍ത്തപ്പെടേണ്ടതുമായ ഒരപൂര്‍വ സംഭവമായിരിക്കുമത്. പൗരന്റെ ജനാധിപത്യാവകാശത്തെ ആസൂത്രിതമായി അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തെ പരാജയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കൃത്രിമത്തിന് കൂട്ടുനിന്നതായി കണ്ടാല്‍ സസ്‌പെന്‍ഷനും നിയമ നടപടികളും നേരിടേണ്ടി വരുമെന്ന ടിക്കാറാം മീണയുടെ താക്കീത് കൃത്രിമത്തിന് പരമ്പരാഗതമായി കൂട്ടുനിന്നുപോരുന്ന ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുമെന്ന് തോന്നുന്നില്ല. പിടിക്കപ്പെട്ടാല്‍ പാര്‍ട്ടി രക്ഷിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറച്ച ധാരണയാണ് അവരെ കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് കൃത്രിമത്തിന് കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ വിധമാണ് മഹത്തായ നമ്മുടെ ജനാധിപത്യം ശോഷിച്ചുകൊണ്ടിരിക്കുന്നതും.
ഓരോ മണ്ഡലങ്ങളിലും നാലായിരവും രണ്ടായിരവും വോട്ടുകളാണ് ഇരട്ടിപ്പിച്ചത്. ചെറിയ ഭൂരിപക്ഷത്തിന് സ്ഥാനാര്‍ഥികള്‍ ജയിച്ചു പോരുന്ന മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഈ ഇരട്ടവോട്ടുകള്‍ ധാരാളം. ഒരേ ആള്‍ക്ക് ഒരേ ബൂത്തില്‍ അഞ്ചിലധികം വോട്ടുകള്‍ ഉണ്ടാവുക എന്നത് ഒരിക്കലും കൈപ്പിഴയാവില്ല. ഏറ്റവുമധികം ഇരട്ട വോട്ടര്‍മാരെ ചേര്‍ത്തത് തവനൂര്‍ മണ്ഡലത്തിലാണ്.
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് അതിലെ പൗരന്മാരുടെ വോട്ടവകാശത്തിന്മേലാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായിത്തീരുന്ന ഉദ്യോഗസ്ഥരും മണ്ഡലങ്ങളില്‍ സ്വാധീനമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന് ജനങ്ങളുടെ നിര്‍ണയാവകാശത്തെ അട്ടിമറിക്കുമ്പോള്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ ഉത്സവമെന്ന് വിശേഷിപ്പിക്കാനാവുക. രാഷ്ട്രീയം രാഷ്ട്രീയക്കാര്‍ക്കായി വിട്ടുകൊടുത്തതിന്റെ ദുരന്തമാണോ വോട്ടര്‍മാര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തീവ്രദേശീയവാദിയായിരുന്ന ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ചാള്‍സ് ഡിഗോളിന്റെ 'രാഷ്ട്രീയം രാഷ്ട്രീയക്കാര്‍ക്കായി മാത്രം വിട്ടുകൊടുക്കാന്‍ വയ്യാത്തത്ര ഗൗരവമുള്ള കാര്യമാണെന്നാണ് തോന്നുന്നത് ' എന്ന വാക്കുകളില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമുണ്ട്.
തെരഞ്ഞെടുപ്പിനുമുന്‍പ് വോട്ടര്‍പ്പട്ടികയിലെ മുഴുവന്‍ ഇരട്ട വോട്ടുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്ത് നിയമസഭാ തെരഞ്ഞെടുപ്പ് സംശുദ്ധമായും നിഷ്പക്ഷമായും നടത്തുവാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."