വിദ്വേഷപ്രചാരണം അണിയറയിൽനിന്ന് അരങ്ങിലേക്ക്
ഹബീബ് റഹ്‌മാൻ കൊടുവള്ളി
സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങൾ എല്ലാകാലത്തും വിവാദങ്ങൾക്ക് വേദിയാവാറുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ(അതോ ലോകത്തെ തന്നെയോ) കലാമേളയിൽ അല്ലറ ചില്ലറ അസ്വാരസ്യങ്ങളൊക്കെ സ്വാഭാവികമാണെങ്കിലും ഇപ്രാവശ്യത്തെ വിവാദം അത്ര നിസാരമോ അവഗണനാർഹമോ അല്ല. അതും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത വേദിയിൽത്തന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകിയ സ്വാഗത ഗാനത്തിൽ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട, സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌കാര സംഗീത ശിൽപത്തിൽ മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായും ഭീകരനായും ചിത്രീകരിച്ചതാണിപ്പോൾ വിവാദമായിരിക്കുന്നത്. ഭരണകൂടംതന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലിക ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ മോശമല്ലാത്ത രീതിയിൽ പ്രതിഫലിക്കുന്ന കേരളത്തിലും വിദ്യാർഥികളിൽപോലും ഇസ്‌ലാമോഫോബിയയും മുസ്‌ലിംവിരുദ്ധതയും ഒളിച്ചുകടത്താനുള്ള ശ്രമമാണിത്.
കവി പി.കെ ഗോപിയുടെ വരികളെ ആസ്പദമാക്കി പേരാമ്പ്ര മാതാ കലാവേദിയാണ് ദൃശ്യാവിഷ്‌കാരം നടത്തിയത്. ഇന്ത്യൻ സേന ഭീകരവാദിയെ കീഴടക്കുന്നതായി കാണിക്കുന്ന ഭാഗത്ത് പരമ്പരാഗത അറബി തലപ്പാവ് ധരിച്ച മുസ്‌ലിം മതസ്ഥനെന്ന് തോന്നിക്കുന്ന ആളെ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് ആധാരം. പേരാമ്പ്ര മാതാ കലാവേദിയുടെ പ്രവർത്തകനായ തികഞ്ഞ സംഘ്പരിവാർ പശ്ചാത്തലമുള്ള സതീഷ് ബാബുവാണ് ദൃശ്യാവിഷ്‌കാരത്തിന് നേതൃത്വം വഹിച്ചത്. കോഴിക്കോട് പോലുള്ള ഇസ്‌ലാം മതവിശ്വാസികൾ തിങ്ങിനിറഞ്ഞ, മതസൗഹാർദത്തിന് മാതൃക തീർത്ത ഒരു സ്ഥലത്ത് ഇത്തരം രംഗാവിഷ്‌കാരം തീർത്തും യാദൃച്ഛികമല്ല. നിലവിലെ സാഹചര്യത്തിൽ കേവലം കലാപരിപാടി മാത്രമായി ഇതിനെ കാണാനാവില്ല. സർക്കാരിനും സംഘാടകർക്കും ഇതിൽ ഗുരുതര വീഴ്ച്ച പറ്റിയിട്ട്.
വർഗീയ, വിഭാഗീയ ശക്തികൾക്ക് കഴുത്ത് കാണിച്ചുകൊടുക്കരുതെന്നും അവരെ ഉപദേശിച്ച് നന്നാക്കാമെന്ന് കരുതേണ്ടെന്നുമൊക്കെ കഴിഞ്ഞ ദിവസം ഉപദേശിച്ച മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമൊക്കെ ഏതാനും മീറ്റർ അകലെയുള്ള വെസ്റ്റ്ഹിൽ വിക്രം നഗരിയിലെത്തിയപ്പോൾ കലോത്സവ ഉദ്ഘാടന വേദിയിൽ തന്നെ വർഗീയ ശക്തികൾക്ക് കഴുത്തു കാണിച്ചുകൊടുക്കുന്നു. എന്തൊരു വിരോധാഭാസം! പിഞ്ചു കുഞ്ഞുങ്ങളുടെ മനസിലേക്ക് പോലും മുസ്‌ലിംവിരുദ്ധ പൊതുബോധവും ഇസ്‌ലാമോഫോബിക് ആശയങ്ങളും ഒളിച്ചുകടത്താനുള്ള ശ്രമമാണിത്.
മുസ്‌ലിംകളോടുള്ള ഭരണകൂട, അനുകൂല സംഘടനങ്ങളുടെ ഇത്തരം സമീപനങ്ങൾ അപൂർവമല്ല. നേരത്തെ ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ വിഡിയോയിലും സമാന മുസ്‌ലിം വിരുദ്ധത കേരളം കണ്ടതാണ്. കൂടാതെ ഇൗ വിഭാഗത്തിന് ലഭിക്കേണ്ട അവകാശങ്ങൾപോലും ഇടതു സർക്കാരിൻ്റെ കാലത്ത് വെട്ടിക്കുറയ്ക്കുകയുണ്ടായി. ജനസംഖ്യയുടെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം നിയമസഭ മുതൽ ഗ്രാമസഭവരെയും കലക്ടറേറ്റ് മുതൽ പഞ്ചായത്ത് ഓഫിസ് വരെയും തുലോം വിരളമാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന് മാത്രമായുള്ള സംവരണാവകാശം ആദ്യം 80:20 ആക്കുകയും പിന്നീട് അതും ഇല്ലാതാക്കുകയും ചെയ്തു. മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം തരപ്പെടുത്തി യഥാർഥ സംവരണാവകാശികൾക്ക് സംവരണം നഷ്ടപ്പെടുത്തിയതിൽ നമ്മുടെ കേരളമാണല്ലോ ഒന്നാം സ്ഥാനത്ത്! കൂടാതെ രജീന്ദർ സച്ചാർ സമിതി നൂറു ശതമാനവും മുസ്‌ലിംകൾക്കു മാത്രമായി നിജപ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണി സർക്കാരിനാൽ ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണല്ലോ.
വിദ്യാഭ്യാസത്തിലും സാക്ഷരതയിലും സാമൂഹിക, സാംസ്‌കാരിക രംഗത്തുമൊക്കെ മികവ് പുലർത്തുന്ന കേരളത്തെ എങ്ങനെയെങ്കിലും കാവിവൽക്കരിക്കുക എന്നത് സംസ്ഥാനത്തെ ആർ.എസ്.എസിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇൗ അജൻഡ നടപ്പാക്കാനായി രാഷ്ട്രീയ-സാമൂഹിക-ആഭ്യന്തര-വിദ്യാഭ്യാസ മേഖലകളെയൊക്കെ വർഗീയവൽക്കരിക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ അറിഞ്ഞോ അറിയാതെയോ സി.പി.എം അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികളും ജനങ്ങളും വീണുപോകുന്നു എന്നത് എന്തുമാത്രം കഷ്ടമാണ്.
മതേതരത്വം എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയായ രാഷ്ട്രീയ ആദർശമല്ല. അതിന് ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ലാതെ മതേതരത്വത്തോട് ബാധ്യതപ്പെട്ടിരിക്കണം. മതവർഗീയതക്ക് ഒരു പഴുതുമില്ലാത്ത ഭരണഘടനയും കേരളീയ സാമൂഹിക പരിസരങ്ങളുമാണ് നമുക്കുള്ളത്. അത്തരം ചിന്തകളോ പ്രവർത്തനങ്ങളോ ഉയിരെടുക്കുമ്പോൾ തന്നെ അവയെ തച്ചുതകർക്കണം. അതിന് പ്രബുദ്ധരായ കേരളീയ സമൂഹം സദാ ജാഗരൂകരായിരിക്കണം. അല്ലാത്ത പക്ഷം കേരളം കേരളമല്ലാതാവും. ഫാറൂഖ് കോളജിലും ഗുരുവായൂരപ്പൻ കോളജിലും ക്രിസ്ത്യൻ കോളജിലുമൊക്കെ നമ്മുടെ കുട്ടികൾക്കൊന്നിച്ചിരുന്ന് പഠിക്കാൻ ഇനിയും കഴിയേണ്ടതുണ്ട്. വിദ്യാർഥികളിലും വിദ്യാഭ്യാസത്തിലുമൊക്കെ ഇത്തരം വർഗീയ-ജാതീയ പിന്തിരിപ്പൻ ആശയങ്ങൾ ഒളിച്ചുകടത്തപ്പെടുന്നത് ശക്തമായി വിമർശിച്ചേ പറ്റൂ. അല്ലെങ്കിൽ വിദ്യാർഥി തലമുറ മാപ്പ് നൽകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."