അല്‍ അഖ്‌സ മസ്ജിദ്: തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍
ന്യൂയോര്‍ക്ക്: ജറൂസലേമിലെ അല്‍ അഖ്‌സ മസ്ജിദില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്‌റാഈലിന്റെ പുതിയ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷക്കാരനും വിദ്വേഷ പ്രാസംഗികനുമായ ഇറ്റാമര്‍ ബെന്‍ഗ്വീറിന്റെ അല്‍ അഖ്‌സ മസ്ജിദ് സന്ദര്‍ശനത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗംചേര്‍ന്നത്.
അല്‍ അഖ്‌സ മസ്ജിദ് സന്ദര്‍ശിക്കാന്‍ അമുസ്‌ലിംകള്‍ക്കുള്ള അനുവാദം ഉപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും പ്രാര്‍ത്ഥന നടത്താന്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ക്രമീകരണം മന്ത്രി ബെന്‍ഗ്വീര്‍ ലംഘിച്ചിട്ടില്ലെന്നും യു.എന്നിലെ ഇസ്‌റാഈലി ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ഇസ്‌റാഈലിനെതിരേ നടപടിയെടുക്കണമെന്ന് ഫലസ്തീനിന്റെ യു.എന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ രക്ഷാസമിതിയോട് അഭ്യര്‍ത്ഥിച്ചു. പരമ്പരാഗതമായി ഇസ്‌റാഈലിനെ സംരക്ഷിക്കുന്ന അമേരിക്ക ബെന്‍ഗ്വീറിന്റെ സന്ദര്‍ശനത്തെ തള്ളിപ്പറഞ്ഞെങ്കിലും നടപടിയിലേക്ക് കടക്കുമെന്ന് കരുതാനാവില്ല. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ വീറ്റോ അധികാരമുണ്ട്. ഇസ്‌റാഈല്‍ ചുവപ്പ് രേഖ കടന്നുവെന്നും നിയമങ്ങളെ അവഹേളിച്ചെന്നും ഫലസ്തീന്‍ ആരോപിച്ചു.
2017ന് ശേഷം ആദ്യമായാണ് ഇസ്‌റാഈല്‍ കാബിനറ്റ് മന്ത്രി മസ്ജിദ് സന്ദര്‍ശിക്കുന്നതെന്ന് മുതിര്‍ന്ന യു.എന്‍ രാഷ്ട്രീയ കാര്യ ഉദ്യോഗസ്ഥന്‍ ഖാലിദ് ഖിയാരി കൗണ്‍സിലിനോട് പറഞ്ഞു. സന്ദര്‍ശനം അക്രമത്തിലേക്ക് നീങ്ങിയില്ലെങ്കിലും ബെന്‍ഗ്വിറിന്റെ മുന്‍കാല വാദങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സന്ദര്‍ശനം പ്രകോപനപരമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശുദ്ധ സ്ഥലങ്ങളിലും പരിസരങ്ങളിലും സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികളില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പിരിമുറുക്കം വര്‍ധിപ്പിക്കുന്നതോ ദ്വിരാഷ്ട്ര പരിഹാര സാധ്യതയെ ദുര്‍ബലപ്പെടുത്തുന്നതോ ആയ ഏതെങ്കിലും ഏകപക്ഷീയ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്നും യു.എസ് ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."