ഷാൻ, രഞ്ജിത്ത് ഇരട്ട കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു
ആലപ്പുഴ
മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ് ഷാനിനെയും വെള്ളക്കിണറിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെയും വധിച്ച കേസുകളിൽ അന്വേഷണസംഘം ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു.ഷാൻ വധക്കേസിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ( രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്. 483 പേജുകളുള്ളതാണ് കുറ്റപത്രം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് ആർ.എസ്.എസ് നേതാക്കൾ ഒളിവിലാണ്. ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന് വെട്ടേറ്റത്. രഞ്ജിത്ത് വധക്കേസിൽ 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരേയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്(ഒന്ന് ) കോടതിയിൽ കുറ്റപത്രം നൽകിയത്.ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.ഡിസംബർ 19 രാവിലെയായിരുന്നു ഷാൻവധത്തിന് പ്രതികാരമായി വെള്ളക്കിണറിലെ വീട്ടിൽ കയറി രഞ്ജിത്തിനെ വധിച്ചത്. 35 പ്രതികളാണ് കേസിലുള്ളതെന്ന് 1,100 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നു. ഇരു കേസുകളിലും ബാക്കിയുള്ള പ്രതികൾക്കെതിരേ ഉടൻ കുറ്റപത്രം സമർപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."