സൈബർ വിദഗ്ധന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന ഐ പാഡും രണ്ട് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു
കോഴിക്കോട്
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
വീട്ടിൽ നിന്ന് ഐപാഡും രണ്ട് മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് സി.ഐ അനിലിന്റെ നേതൃത്വത്തിൽ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഭാര്യാ പിതാവിന്റെ ഫ്ലാറ്റിലുമാണ് പരിശോധന നടന്നത്. ഒരേ സമയമാണ് മൂന്നിടങ്ങളിലും പരിശോധന നടന്നത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന 12 വരെ നീണ്ടു.
ഭാര്യയുടെ ഫോണിൽ നിന്ന് ദിലീപിന്റെ അഭിഭാഷകന്റെ ഫോണിലേക്ക് സന്ദേശങ്ങൾ പോയതായി വ്യക്തമായിട്ടുണ്ട്. സായ് ശങ്കറിനോട് ക്രൈബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയതായി സി.ഐ അനിൽ പറഞ്ഞു. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ കോഴിക്കോട്ട് ക്യാംപ് ചെയ്ത് പരിശോധനയ്ക്ക് നേതൃത്വം നൽകി.
ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയുടെ ഓഫിസിലെ വൈഫൈ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ സായ് ശങ്കർ ലാപ് ടോപ്പിലേക്ക് മാറ്റിയതായാണ് വിവരം. ദിലീപ് കോടതിയിൽ ഹാജരാക്കാത്ത മൊബൈൽ ഫോണിലെ വിവരങ്ങളും സായ് ശങ്കറിന്റെ പക്കലുണ്ടെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ചോദ്യം ചെയ്യലിന് മുമ്പായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."