മാനന്തവാടിയിലെ കടുവക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; മൂന്ന് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ പ്രദേശവാസി മരിച്ച പശ്ചാത്തലത്തില്‍ കടുവക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്. കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂടുകളും ക്യാമറകളും സ്ഥാപിച്ച വനപാലകര്‍, മുത്തങ്ങയില്‍ നിന്ന് കുങ്കിയാനയേയും തെരച്ചിലിനെത്തിച്ചിട്ടുണ്ട്. നീക്കം പരാജയപ്പെട്ടാല്‍ മയക്കുവെടി വെച്ച് കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
കടുവയുടെ ആക്രമണത്തില്‍ മരിച്ച വാളാട് പുതുശ്ശേരി സ്വദേശി സാലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. അമേരിക്കയില്‍ നിന്നുള്ള ബന്ധുക്കള്‍ കൂടി എത്തിയ ശേഷം നാളെയാകും സംസ്‌കാര ചടങ്ങുകള്‍. ഇന്നലെ രാവിലെ 10 മണിയോടെയാണ് കടുവയുടെ ആക്രമണത്തില്‍ 50 വയസുകാരന്‍ മരിച്ചത്.
അതിനിടെ, പ്രദേശത്തെ മൂന്ന് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനന്തവാടി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ വനപാലകരെ ബന്ധിയാക്കിയത് ഇന്നലെ പ്രദേശത്ത് ഏറെനേരം സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."