ഗാലറി തകര്‍ന്ന സംഭവം: സംഘാടകര്‍ക്കെതിരെ കേസ്
മലപ്പുറം: മലപ്പുറം കാളികാവില്‍ ഫുട്ബോള്‍ ഗാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കാളികാവ് പൊലിസ് കേസെടുത്തു. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്.
ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 3000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണ് നിര്‍മിച്ചതെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ 6000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. അപകടം നടക്കുമ്പോള്‍ പതിനായിരത്തോളം ആളുകള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയാണ് ഗാലറി തകര്‍ന്നത്. മഴയില്‍ സ്റ്റേഡിയത്തിന്റെ കാലുകള്‍ ഇളകിയതാണ് അപകടത്തിന് കാരണമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇരുനൂറോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ 15 പേര്‍ക്ക് മാത്രമാണ് കാര്യമായ പരിക്കുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്റ്റേഡിയം ഇന്‍ഷൂര്‍ ചെയ്തതാണെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് തങ്ങള്‍ വഹിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."