പഞ്ചായത്തംഗം അറസ്റ്റിൽ ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ
സ്വന്തം ലേഖകൻ
കവരത്തി
അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹവും ജനാധിപത്യവിരുദ്ധവുമായ നടപടികൾക്കെതിരായ പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എൻ.സി.പിയുടെ നേതൃത്വത്തിൽ കവരത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലക്ഷദ്വീപ് ജില്ലാ കലക്ടർ അസ്ഗറലി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചതിന് കവരത്തി ദ്വീപ് പഞ്ചായത്തംഗം ആസിഫലി അറസ്റ്റിലായിട്ടുണ്ട്. ഇതിനേത്തുടർന്നാണ് എൻ.സി.പി സമരം ശക്തമാക്കിയത്. ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മറ്റ് ദ്വീപുകളിൽ നിന്ന് പ്രവർത്തകർ കവരത്തിയിൽ എത്തിച്ചേർന്നിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ നാലുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്നും സർക്കാർ ജീവനക്കാരും വിദ്യാർഥികളും തിരിച്ചറിയൽ കാർഡ് കരുതണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ കോൺഗ്രസിൻ്റെയും എസ്.എൽ.എഫിൻ്റെയും സമരം ആരംഭിച്ചപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ദ്വീപുകളിൽ പൊലിസ് റൂട്ട് മാർച്ച് നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."