പുരോഗമന കലാ സാഹിത്യ മിച്ചബുദ്ധി
പണ്ടൊരിക്കല്‍ പി.എസ് ശ്രീധരന്‍ പിള്ള കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. വയനാടിന്റെ ചില ഭാഗങ്ങള്‍ കൂടി കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാലമായിരുന്നു അത്. പ്രചാരണ വാഹനവും അതില്‍ അനൗണ്‍സ്‌മെന്റിന് പ്രവര്‍ത്തകരെയുമൊക്കെ പാര്‍ട്ടി ഏര്‍പ്പാടാക്കി. 'കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനായ പി.എസ് ശ്രീധരന്‍ പിള്ളയെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക' എന്നൊക്കെ എഴുതിക്കൊടുത്തു. തുടക്കത്തില്‍ ഭംഗിയായി അനൗണ്‍സ് ചെയ്തു വാഹനം കോഴിക്കോട് നഗരത്തില്‍നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു. കുറെ ഓടിയപ്പോള്‍ അത്യാവേശം കാരണമോ അതു കൂട്ടാനുള്ള ആവേശാരിഷ്ടം കാരണമോ ആ വാചകം 'കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനലായ ശ്രീധരന്‍ പിള്ളയെ വിജയിപ്പിക്കുക' എന്നായി മാറി. അങ്ങനെ വണ്ടി കുറെ ഓടി. താമരശ്ശേരിയിലോ മറ്റോ അതു ശ്രദ്ധയില്‍പെട്ട പാര്‍ട്ടിക്കാര്‍ വണ്ടി തടഞ്ഞ് അവരുടെ രീതിയനുസരിച്ച് ചെയ്യേണ്ടതു ചെയ്ത് തിരുത്തി.
ഇങ്ങനെ ചില വിശ്വസ്തരായ പ്രവര്‍ത്തകര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. ആത്മാര്‍ഥതയുടെയും പാര്‍ട്ടിക്കൂറിന്റെയും മൂര്‍ദ്ധന്യാവസ്ഥയില്‍ അവര്‍ ചിലപ്പോള്‍ പാര്‍ട്ടിക്ക് പണികൊടുക്കും. ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ആടിയുലയുന്നൊരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരേ കോണ്‍ഗ്രസ് പത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം വന്നത് വലിയ വിവാദമായിരുന്നു. ഇതേ വീക്ഷണത്തിലുള്ള നിസ്വാര്‍ഥരായ കോണ്‍ഗ്രസുകാര്‍ തന്നെയാണ് അടുത്തകാലത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്.
ബൂര്‍ഷ്വാ പാര്‍ട്ടികളിലൊക്കെ എന്തുമാവാം. എന്നാല്‍ വിപ്ലവപ്രസ്ഥാനങ്ങളില്‍ അതൊന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ്. സി.പി.എമ്മിലുള്ളവരെല്ലാം വലിയ വിവരവും ബുദ്ധിയുമുള്ളവരും മറ്റു പാര്‍ട്ടിക്കാരെല്ലാം വിവരംകെട്ടവരുമാണെന്നാണ് ആ പാര്‍ട്ടിക്കാര്‍ പൊതുവെ പറയാറ്. അതില്‍ കുറച്ചു ശരിയുണ്ടെന്നു തോന്നിയത് പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘ(പു.ക.സ)ത്തിലെ ചിലരെ പരിചയപ്പെട്ടതോടെയാണ്. വലിയ ബുദ്ധിശാലികളാണവര്‍. അതിജീവനത്തിനും ബുദ്ധിജീവിതത്തിനുമൊക്കെ ആവശ്യമുള്ളതും കവിഞ്ഞ് കുറെ മിച്ചബുദ്ധി അവരിലുണ്ട്. പാര്‍ട്ടിയെ സേവിച്ചുവളര്‍ത്തി വിപ്ലവസജ്ജമാക്കാനാണ് അവര്‍ മിച്ചബുദ്ധി വിനിയോഗിക്കുന്നത്.
ഇത്തവണ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പു.ക.സ ചില മലയാള ചലച്ചിത്ര നടീനടന്‍മാരെ ഉള്‍പ്പെടുത്തി വിഡിയോകളിറക്കി. കിറ്റിന്റെയും ക്ഷേമപെന്‍ഷന്റെയും മാഹാത്മ്യം വര്‍ണിക്കുന്നവ. അതില്‍ രണ്ടെണ്ണം കിടുകിടിലന്‍. ഒന്നില്‍ പ്രധാന കഥാപാത്രം ഒരു മുസ്‌ലിം സ്ത്രീ. ആ വേഷത്തിലുള്ള മുസ്‌ലിം സ്ത്രീകളെ കേരളത്തില്‍ കാണാതായിട്ട് പതിറ്റാണ്ടുകളായെന്ന കാര്യമൊന്നും മിച്ചബുദ്ധിജീവികള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അതവിടെ നില്‍ക്കട്ടെ. അതിനേക്കാള്‍ ഗുരുതരമായ വിഷയം വിഡിയോയില്‍ വേറെയുണ്ട്. സ്ത്രീയുടെ മകന്‍ കശ്മിരില്‍ പോരാട്ടത്തിനു പോയി കൊല്ലപ്പെട്ടൊരു രാജ്യദ്രോഹിയായ തീവ്രവാദിയാണ്. സ്ത്രീ ക്ഷേമപെന്‍ഷന്‍ വാങ്ങി രാജ്യദ്രോഹിയായ മകന്റെ മക്കളെ പോറ്റുന്നു. കേരളത്തിലെ മുസ്‌ലിംകളില്‍ രാജ്യദ്രോഹികളായ തീവ്രവാദികളാണ് പൊതുവെയുള്ളതെന്നും പൊതുഖജനാവിലെ പണംകൊണ്ടുള്ള പെന്‍ഷന്‍ അവരുടെ മക്കളെ പോറ്റാന്‍ പോലും ഉപയോഗിക്കുന്നു എന്നും ഒറ്റക്കാഴ്ചയില്‍ തന്നെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇതുപോലുള്ള ആരോപണങ്ങള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനുള്ള വക അതിലുണ്ട്.
മറ്റൊരു വിഡിയോ ബ്രാഹ്മണരുടെ അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തിന്റെ സങ്കടങ്ങളെക്കുറിച്ചാണ്. പഴയ കെ.പി.എ.സി നാടകങ്ങളില്‍ കണ്ടിരുന്ന ചേറില്‍ പണിയുന്ന പുലയരുടെയും ആദിവാസികളുടെയും ദാരിദ്ര്യമൊക്കെ തീര്‍ന്നെന്നും നാട്ടിലിപ്പോള്‍ പട്ടിണിയനുഭവിക്കുന്ന ഏകവിഭാഗം ബ്രാഹ്മണരാണെന്നും തോന്നും വിഡിയോ കണ്ടാല്‍. സംഗതി പെട്ടെന്ന് വിവാദമായതിനെത്തുടര്‍ന്ന് വിഡിയോകള്‍ പിന്‍വലിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നോക്കസംവരണത്തിലെ അപാകതകള്‍ പിന്നോക്കവിഭാഗങ്ങള്‍ക്കിടയില്‍ ചെറിയതോതിലെങ്കിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. അതിനോടൊപ്പം എ. വിജയരാഘവനെപ്പോലുള്ള അതിബുദ്ധിമാന്‍മാരായ ചില നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ക്ഷണിച്ചുവരുത്തിയ എതിര്‍പ്പും എല്‍.ഡി.എഫും സംഘ്പരിവാറും തമ്മില്‍ ധാരണയുണ്ടെന്ന പ്രതിപക്ഷാരോപണവുമൊക്കെ അന്തരീക്ഷത്തില്‍ കറങ്ങിത്തിരിയുന്നൊരു തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കാര്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഉപകാരം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തോല്‍ക്കുന്ന സീറ്റിന്റെ മൂല്യം
ഒരു മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഭരണത്തിലെ മറ്റേതെങ്കിലുമൊരു പ്രമുഖനോ അയാളുടെ ചേരിക്ക് വലിയതോതില്‍ വോട്ട് മുന്‍തൂക്കമുള്ളൊരു മണ്ഡലത്തില്‍ മത്സരിക്കുന്നു. എതിര്‍ചേരിയിലെ ആരുതന്നെ മത്സരിച്ചാലും ദയനീയ തോല്‍വി ഉറപ്പുള്ള മണ്ഡലം. അവിടെ ഏറെ വൈകാരികപ്രാധാന്യമുള്ളൊരാള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കുന്നു. ഇങ്ങനെയൊരവസ്ഥയില്‍ അവിടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ആ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കി എതിരാളിയെ തോല്‍പ്പിക്കാനോ അല്ലെങ്കില്‍ അയാളുടെ ഭൂരിപക്ഷം കുറയ്ക്കാനോ ശ്രമിക്കുക എന്നത് തികച്ചും ലളിതമായൊരു പ്രായോഗിക രാഷ്ട്രീയ തന്ത്രമാണ്.
യു.ഡി.എഫിനു വേണമെങ്കില്‍ അത്തരമൊരു തന്ത്രം പയറ്റാന്‍ ഒരു സുവര്‍ണാവസരം കിട്ടിയിരുന്നു ധര്‍മടം മണ്ഡലത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് അവിടെ സ്ഥാനാര്‍ഥി. വാളയാറില്‍ പീഡനത്തിനിരകളായി കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ മാതാവ് അവിടെ മത്സരിക്കാനെത്തി. അവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ അവരെ പിന്തുണയ്ക്കാന്‍ കെ.പി.സി.സി പ്രസിഡന്റടക്കം ചില നേതാക്കള്‍ ഗൗരവത്തില്‍ തന്നെ ആലോചിച്ചു. എന്നാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നുറപ്പുള്ള ആ മണ്ഡലത്തില്‍ മത്സരിക്കാനും കോണ്‍ഗ്രസ് നേതാക്കളുടെ തള്ളിക്കയറ്റം. നിവൃത്തിയില്ലാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആ നീക്കത്തില്‍ നിന്ന് പിന്മാറി.
ഇത് ധര്‍മടത്തിന്റെ മാത്രം കാര്യമല്ല. പുതുപ്പള്ളിയും വേങ്ങരയും പോലെയുള്ള ചിലരുടെ കുത്തക മണ്ഡലങ്ങളിലും അവരെ നേരിടാന്‍ മറുചേരിയില്‍ സീറ്റ് മോഹികള്‍ ധാരാളം കാണും. ജയിക്കുമെന്ന് ഒരുറപ്പുമില്ലാത്തൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇങ്ങനെ വാശിപിടിക്കുന്നതില്‍ മറ്റുള്ളവര്‍ നോക്കിയാല്‍ വലിയ യുക്തിയൊന്നും കാണില്ല. അധികാരരാഷ്ട്രീയത്തിന്റെ യുക്തിയും വഴികളുമൊക്കെ വേറെയാണ്.
ഇങ്ങനെ ചാവേര്‍ മത്സരത്തിനിറങ്ങുന്നവര്‍ക്ക് നേട്ടങ്ങള്‍ പലതുണ്ട്. അതിലൊന്ന് പ്രശസ്തിയാണ്. വലിയ നേതാക്കളോട് മത്സരിക്കുന്നവര്‍ക്ക് വലിയ വാര്‍ത്താമൂല്യം കിട്ടും. പത്രങ്ങളില്‍ വലിയ ചിത്രങ്ങള്‍ വരും. ചാനലുകള്‍ മുന്നില്‍ വന്ന് മൈക്ക് പിടിക്കും. അധികാരരാഷ്ട്രീയത്തില്‍ പ്രശസ്തി വലിയൊരു മുതല്‍ക്കൂട്ടാണ്. ഭാവിയില്‍ സ്വന്തം പാര്‍ട്ടിയില്‍ എന്തെങ്കിലുമൊക്കെ പരിഗണന കിട്ടും. അല്ലെങ്കില്‍ എന്നെങ്കിലും പാര്‍ട്ടിവിട്ട് മറുപക്ഷത്തേക്ക് പോകേണ്ടിവന്നാല്‍ അവിടെ തരക്കേടില്ലാത്ത സ്വീകാര്യത കിട്ടും. അതൊട്ടും ചെറിയ കാര്യമല്ല.
അതിലുമൊക്കെ വലുതാണ് സ്ഥാനാര്‍ഥിത്വം വഴിയുണ്ടാകുന്ന സാമ്പത്തിക നേട്ടം. തെരഞ്ഞെടുപ്പ് വലിയതോതിലുള്ള പിരിവിന് ഒരു സുവര്‍ണാവസരമാണ്. അധികാരത്തില്‍ വരാനോ അല്ലെങ്കില്‍ ഭരണത്തില്‍ സ്വാധീനം ചെലുത്താനോ സാധ്യതകളുള്ളൊരു മുന്നണിയുടെയോ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിക്ക് അയാള്‍ തോല്‍ക്കുമെന്നുറപ്പുണ്ടെങ്കിലും വലിയ ബിസിനസുകാരൊക്കെ കൈയയച്ച് സംഭാവന നല്‍കും. പണച്ചാക്കുകള്‍ക്കത് ഭാവിയിലേക്കുള്ള നിക്ഷേപമാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ പിരിക്കുന്ന തുകയ്ക്കു പുറമെ സ്ഥാനാര്‍ഥിയും അയാളുടെ ശിങ്കിടികളും വേറെയും പിരിവ് നടത്തും. മറ്റു പണിക്കൊന്നും പോകാത്ത അധികാരരാഷ്ട്രീയക്കാരുടെ ധനാഗമമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ഒരു സുരക്ഷിതത്വവുമില്ലാത്ത തൊഴിലാണ് രാഷ്ട്രീയപ്പണി. ഭാവിയില്‍ എന്തെങ്കിലും കാരണത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നാലും അല്ലലില്ലാതെ ജീവിക്കണമല്ലോ.
സ്ഥാനാര്‍ഥി ആദര്‍ശശുദ്ധിയുള്ളയാളാണെങ്കില്‍ അയാള്‍ ഇങ്ങനെ കാശ് വാങ്ങിയെന്നു വരില്ല. എന്നാല്‍ സ്ഥാനാര്‍ഥിയറിയാതെ ശിങ്കിടികള്‍ അയാളുടെ പേരില്‍ പണം പിരിക്കും. മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് പണ്ടൊരിക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കൂടെ നടക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നൊരു നേതാവ് പിന്നീട് നല്ലൊരു ബിസിനസ് തുടങ്ങിയതായി ലോറന്‍സിന്റെ മകള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. താരതമ്യേന കര്‍ശന വ്യവസ്ഥകളും നേതാക്കളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുമുള്ള സി.പി.എമ്മില്‍ ഇത്രയൊക്കെ ധനാഗമ സാധ്യതകളുണ്ടെങ്കില്‍ പിന്നെ മറ്റു പാര്‍ട്ടികളിലെ കാര്യം മലയാളത്തിലെ ഒരു അലങ്കാരത്തിന്റെ ലക്ഷണം പോലെ 'അര്‍ത്ഥാപത്തിയതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."