മക്കയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജിദ്ദയില്‍ നിന്ന് ഏകദേശം 80 കി.മീ ദൂരത്താണ് മക്ക. മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചെക്ക് പോസ്റ്റില്‍ അഥവാ പില്‍ഗ്രിം റിസപ്ഷന്‍ സെന്ററില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ പരിശോധനടത്തും. അവിടെ വച്ച് സംസവും ഈത്തപ്പഴവും ലഭിക്കും. ബസില്‍ വച്ച് മുതവ്വിഫിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള അഡ്രസ് എഴുതിയ മഞ്ഞ നിറത്തിലുള്ള ഒരു വളയും നിങ്ങളുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ മുതലായവ രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച മഞ്ഞ നിറത്തിലുള്ള ഐഡന്റിറ്റി കാര്‍ഡും നിങ്ങള്‍ക്ക് മുതവിഫില്‍ നിന്നും ലഭിക്കും. വളകളും ഐഡന്റിറ്റി കാര്‍ഡുകളും എപ്പോഴും നിങ്ങള്‍ ധരിക്കേണ്ടതാണ്. വഴി തെറ്റിയാലും മറ്റും നിങ്ങളുടെ കൂട്ടുകാരുടെ അടുത്ത് എത്തിച്ചേരുന്നതിനും മറ്റും ഇത് എളുപ്പമാവും.
താമസ സ്ഥലത്ത് നമുക്ക് അനുവദിച്ച മുറിയില്‍ ലഗേജുമായി പ്രവേശിക്കുക. നമ്മുടേതല്ലാത്ത ലഗേജുകള്‍ ഒരിക്കലും നമ്മുടെ റൂമുകളില്‍ വയ്ക്കരുത്. അത്തരം ലഗേജുകള്‍ റൂമിന് പുറത്ത് വയ്ക്കുക.
ഹറമിന്റെ ഔട്ടര്‍ പരിധിയില്‍ നിന്ന് ഏകദേശം രണ്ട് കി.മീ. ചുറ്റളവിലുള്ള ബില്‍ഡിങുകളാണ് ഗ്രീന്‍ കാറ്റഗറി. മക്കയില്‍ നിന്ന് ഏഴ്,എട്ട് കി.മീ ദൂരത്താണ് അസീസിയ കാറ്റഗറി ബില്‍ഡിങുകള്‍. അസീസിയയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വിസ് ഉണ്ടായിരിക്കും. ഒരാള്‍ക്ക് നാല് സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് രണ്ടിടത്തും അനുവദിച്ചിട്ടുള്ളത്. ഓരോരുത്തര്‍ക്കും കട്ടില്‍, ബെഡ്, തലയണ വിരിപ്പ്, കമ്പിളി എന്നിവ ലഭിക്കും. യാത്രാ ക്ഷീണം തീര്‍ക്കാന്‍ റൂമില്‍ വിശ്രമിക്കുക. പിന്നീട് വളണ്ടിയറുടെ നേതൃത്വത്തിലോ അല്ലെങ്കില്‍ അടുത്തടുത്തുള്ള റൂമുകളിലെ ഹാജിമാര്‍ ഒരുമിച്ചോ ഉംറ നിര്‍വഹിക്കുന്നതിനായി മസ്ജിദുല്‍ ഹറാമിലേക്ക് പുറപ്പെടുക. ഹറമിലേക്കുള്ള റൂട്ട് മനസ്സിലാക്കുക. അസീസിയ കാറ്റഗറിക്കാര്‍ ബസ്‌സ്റ്റേഷനും ബസിന്റെ നമ്പറും മനസ്സിലാക്കുക. കഅബാലയം കാണുന്നത് വരെ തല്‍ബിയ്യത്ത് ചൊല്ലി കൊണ്ടിരിക്കുക.
പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് ഒരേ സമയം നിസ്‌ക്കാരത്തിന് സൗകര്യമുള്ള അതിവിശാലമായ പള്ളിയാണ് മസ്ജിദുല്‍ ഹറാം. ലോകത്തുള്ള മറ്റേത് പള്ളികളില്‍ നമസ്‌ക്കരിക്കുന്നതിനേക്കാള്‍ പുണ്യം ഇതില്‍ വച്ചുള്ള നിസ്‌ക്കാരമാണ്. ഒരു ലക്ഷം മടങ്ങ് പ്രതിഫലമാണ് ഇവിടെ വച്ചുള്ള പ്രാര്‍ഥനയ്ക്ക് ലഭിക്കുന്നത്. അത് കൊണ്ട് ഹറാമിന്റെ പ്രാധാന്യവും പവിത്രതയും മനസ്സിലാക്കി പെരുമാറുക. ഹറമിന്റെ ഏത് ഭാഗത്ത് കൂടെയും നമുക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. വാതില്‍, ഗോവണി, എസ്‌കലേറ്റര്‍ എന്നിവയടക്കം 110-ല്‍ പരം വാതിലുകള്‍ ഹറമിനുണ്ട്. ഓരോന്നിനും നമ്പരും പേരും പുറത്തും അകത്തും വ്യക്തമായി എഴുതിയിട്ടുമുണ്ട്.
ത്വവാഫിനിടയിലോ മറ്റോ കൂട്ടം തെറ്റിയാല്‍ എത്തിച്ചേരുന്ന സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കുക. ചെരിപ്പ് പ്ലാസ്റ്റിക് കവറിലാക്കി പുറത്ത് വയ്ക്കുകയോ കൈയില്‍ സൂക്ഷിക്കുകയോ ചെയ്യാം. മസ്ജിദുല്‍ ഹറമിലേക്ക് പ്രാര്‍ഥന ചൊല്ലികൊണ്ട് പ്രവേശിക്കുക. ഹറമിന്റെ താഴത്തെ നില അണ്ടര്‍ ഗ്രൗണ്ടും ഏതാണ്ട് എല്ലാ ഭാഗവും ശീതീകരിച്ചതാണ്. കഅ്ബ ലക്ഷ്യമാക്കി നേരെ മുന്നോട്ട് നീങ്ങുക. മതാഫിലേക്ക് പ്രവേശിക്കുന്നതിന് അഞ്ച് കമാനങ്ങളുണ്ട്.സഫ-പച്ച, അസീസ- വെള്ള, ഫഹദ്-മഞ്ഞ, ഉംറ-ചാരനിറം, ഫത്ഹ്-നീല എന്നിവയാണത്. ആദ്യമായി കഅബ കാണുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥന ചൊല്ലുക. ഇനി ഉംറ നിര്‍വഹിക്കാനാണുള്ളത്.
ഹജ്ജ് ദിവസങ്ങള്‍ എത്തുന്നത് വരെ കഴിയുന്നത്ര ഹറമില്‍ തന്നെ കഴിച്ച് കൂട്ടുക. ത്വവാഫ് വര്‍ധിപ്പിക്കുക. ദിക്‌റുകളും പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവുമായി ഹറമില്‍ കഴിയുക. ഫര്‍ള് നിസ്‌കാരാനന്തരം ഹറമില്‍ നടക്കുന്ന മയ്യിത്ത് നിസ്‌ക്കാരത്തിലും പങ്കെടുക്കുക. ഹജ്ജിന്റെ ദിവസങ്ങളടുക്കുന്തോറും തിരക്ക് വര്‍ധിക്കും. അതനുസരിച്ച് ഹറമിലേക്ക് ജമാഅത്തിനും ജുമുഅക്കും പുറപ്പെടുന്ന സമയം ക്രമീകരിക്കുക. കൈയില്‍ ഒരു മുസല്ല കരുതുന്നത് നല്ലതാണ്. ഹറമില്‍ വുളൂഅ് ചെയ്യുന്നതിനും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനും വിപുലമായ സൗകര്യങ്ങളുണ്ട്. താമസ സ്ഥലത്ത് പ്രത്യേകിച്ച് ഗ്രീന്‍കാറ്റഗറിയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കൂടെ താമസിക്കുന്നവരുമായി സഹകരണത്തോടെയും സഹായ മനസ്‌കതയോടും വര്‍ത്തിക്കുക. വെള്ളത്തിന്റെ ഉപഭോഗം പരമാവധി കുറക്കുക. ലിഫ്റ്റില്‍ സ്ത്രീകള്‍ക്കും വൃദ്ധന്മാര്‍ക്കും മുന്‍ഗണന നല്‍കുക. താമസ സ്ഥലത്ത് സംസം ലഭിക്കും. ഒരാള്‍ക്ക് ഒരുദിവസത്തേക്ക് ഒരു ലിറ്റര്‍ സംസമാണ് അനുവദനീയമായത്.
ഹജ്ജിന് മുമ്പ് മിന, അറഫ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. ആയതിന് 10-15 റിയാല്‍ നല്‍കിയാല്‍ ടാക്‌സി കാറുകളിലോ ടൂറിസ്റ്റ് ബസ്സുകളിലോ പോവാന്‍ സൗകര്യമുണ്ടായിരിക്കും. ഗ്രൂപ്പ് ആയി മാത്രമെ പോകാവൂ. ഒറ്റക്ക് പോയാല്‍ നിങ്ങള്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപരിചിതരെ സൂക്ഷിയ്ക്കുക. കളവ്, ചതി, തട്ടിപ്പ് എന്നിവയില്‍ നിന്ന് ഇത് നിങ്ങളെ രക്ഷപ്പെടുത്തും. സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്‍ ആദ്യം കയറുകയും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ആദ്യം ഇറക്കുകയും ചെയ്യുക. റോഡ് മുറിച്ച് കടക്കുമ്പോള്‍ സൂക്ഷിക്കുക. നല്ല സ്പീഡിലായിരിക്കും വാഹനങ്ങള്‍ വരുന്നത്. ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും നോക്കി വാഹനങ്ങള്‍ ഇല്ല എന്നുറപ്പിച്ച് മാത്രം ക്രോസ് ചെയ്യുക. മൊബൈല്‍ നമ്പരുകള്‍ പരസ്പരം മനസ്സിലാക്കുക. ആരോഗ്യംകാത്ത് സൂക്ഷിക്കുക. തണുത്തവ കഴിയുന്നത്ര ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പഴങ്ങള്‍ കൂടുതല്‍ കഴിക്കുക. മക്കയില്‍ 12 ബ്രാഞ്ച് ആശുപത്രികളും 50 കിടക്കകളുള്ള ഒരു മെയിന്‍ ആശുപത്രിയും മദീനയില്‍ അഞ്ച് ബ്രാഞ്ച് ആശുപത്രികളും ഒരു മെയിന്‍ ആശുപത്രിയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ മിന, അറഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്യാംപുകളോടനുബന്ധിച്ച് ചികിത്സാ സൗകര്യങ്ങളുണ്ട്. ഇതിനൊക്കെ പുറമെ ഈ പ്രദേശങ്ങളിലൊക്കെത്തന്നെയും സഊദി ഗവണ്‍മെന്റ് വക ഹൈ-ടെക് ആശുപത്രികളുമുണ്ട്. ഹാജിമാര്‍ക്ക് ഇവിടെയെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇന്ത്യന്‍ ആശുപത്രികളില്‍ മലയാളി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനമുണ്ടാകും. അസീസിയയില്‍ താമസിക്കുന്നവര്‍ ഹറമിനടുത്തുള്ള ബസ് സ്റ്റേഷന്‍ മനസ്സിലാക്കുക. സുബ്ഹ്, ഇശാഅ് ജമാഅത്തുകള്‍ കഴിഞ്ഞ ഉടനെ ബസില്‍ നല്ല തിരക്ക് അനുഭവപ്പെടും. അത് കൊണ്ട് അല്‍പസമയം ഹറമില്‍ തന്നെ കഴിച്ച് കൂട്ടി താമസസ്ഥലത്തേക്ക് മടങ്ങുന്നതാണ് നല്ലത്. ഹജ്ജിന് തൊട്ടു മുമ്പും ഹജ്ജിന് ശേഷവും അല്‍പ ദിവസങ്ങള്‍ ബസ് സര്‍വിസ് ഉണ്ടാവുന്നതല്ല. ഈ ദിവസങ്ങളില്‍ ഹാജിമാര്‍ അസീസിയയില്‍ വിശ്രമിക്കാവുന്നതാണ്.
നമ്മുടെ താമസ സ്ഥലത്തിനടുത്ത് തന്നെ ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും മറ്റും ലഭ്യമാവുന്ന കടകളുണ്ടാവും. അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഹറമിലേക്ക് പോകുമ്പോള്‍ എല്ലാവരും 50 റിയാലില്‍ അധികം കൈവശം വയ്ക്കരുത്. പണം മൊത്തമായി കൈയില്‍ കൊണ്ട് നടക്കരുത്. ഹജ്ജിന് മിനായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മിന ടെന്റ് കാര്‍ഡ്, വാച്ച് മോഡലുള്ള ട്രയിന്‍ പാസ് ഓരോരുത്തര്‍ക്കുള്ളത് മുതവിഫ് റൂമില്‍ എത്തിച്ചു തരുന്നതാണ്. ടെന്റ് കാര്‍ഡില്‍ ടെന്റ് നമ്പര്‍, പോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും.
ഹജ്ജിന് വേണ്ടി മിനയിലേക്ക് പുറപ്പെടുന്ന സമയം നേരത്തെ മുതവിഫ് അറിയിക്കും. അതനുസരിച്ച് മിനയിലേക്ക് കൊണ്ട് പോകാനുള്ള ലഗേജ് തയാറാക്കുക. പരമാവധി കുറഞ്ഞ ലഗേജുകള്‍ മാത്രമേ കൊണ്ട് പോകാവൂ. കാരണം മിന ടെന്റില്‍ സ്ഥലം വളരെ പരിമിതമാണ്. അവില്‍, അവലോസ് പൊടി, ഡ്രൈ ഫ്രൂട്‌സ് കൂടാതെ അല്‍പം ചായപ്പൊടി, പഞ്ചസാര, ചെറിയ കെറ്റില്‍, ഖുര്‍ആന്‍, മനാസിക്കുകള്‍, കണ്ണട എന്നിവ എടുക്കാവുന്നതാണ്. സഊദി സര്‍ക്കാര്‍ സുരക്ഷയുടെ ഭാഗമായി മക്ക, അസീസിയ, മദീന, വിമാനതാവളങ്ങള്‍, ഇരുഹറമുകള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലായിടവും പൂര്‍ണമായും സി.സി ടി.വിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ വല്ലതും നിലത്ത് വീണ് കിടക്കുന്നത് കണ്ടാല്‍ മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശത്തിലാണെങ്കില്‍ പോലും എടുക്കരുത്. ഇത്തരം സാധനങ്ങള്‍ എടുത്താല്‍ നിങ്ങള്‍ പൊലീസിന്റെ പിടിയിലാവും. നിങ്ങളുടെ ഓരോ നീക്കവും പൂര്‍ണമായും സഊദി സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ് എന്ന് ഓര്‍ക്കുക.
നിങ്ങളുടെ പണമോ ലഗേജുകളോ മറ്റോ കളവ് പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഉടന്‍ വളണ്ടിയറുമായി ബന്ധപ്പെട്ട് പരാതി കൊടുക്കേണ്ടതാണ്. പരാതികൊടുക്കാന്‍ താമസിക്കുന്തോറും ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന നഷ്ടപരിഹാര തുക കുറയുന്നതാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."