HOME
DETAILS

കരിപ്പൂരിനെ ഇല്ലാതാക്കാൻ വീണ്ടും ശ്രമം

  
backup
March 25 2022 | 20:03 PM

4865324563-2022-march


ആറു കോടി രൂപ മുടക്കി നിർമിച്ച ഹജ്ജ് ഹൗസും എട്ട് കോടി ചെലവഴിച്ച് ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന വനിതാ ഹജ്ജ് ഹൗസും ഉണ്ടായിട്ടുപോലും ഈ പ്രാവശ്യവും ഹജ്ജ് എംബാർക്കേഷൻ കരിപ്പൂരിന് നിഷേധിച്ചത് തികഞ്ഞ നീതികേടാണ്. റൺവേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾ ഇറക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ വിശദീകരിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയാകട്ടെ ഹജ്ജ് യാത്ര പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്ന് ഇത്തവണയും കരിപ്പൂരിനെ ഒഴിവാക്കിയതായി അറിയിച്ചിരിക്കുകയാണ്. ലാഭകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളത്തെ തഴഞ്ഞു കൊച്ചി വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രമായി വീണ്ടും തിരഞ്ഞെടുക്കുന്നതിന്റെ പിന്നിൽ കരിപ്പൂരിനെ തകർക്കുക എന്നതു തന്നെയാണ്.


റൺവേയുടെ നീളക്കുറവ് പറഞ്ഞാണ് കരിപ്പൂരിന് ഹജ്ജ് എംബാർക്കേഷൻ നിഷേധിക്കുന്നതെങ്കിൽ നേരത്തെ കരിപ്പൂർ ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആയിരുന്നുവല്ലൊ. വളരെ സ്തുത്യർഹമായ രീതിയിൽ ഹജ്ജ് വിമാന സർവിസ് ഇവിടെ നടന്നതുമാണ്. ഇപ്പോൾ നിഷേധിക്കുന്നത് വിമാനാപകട കാരണം പറഞ്ഞാണ്. എന്നാൽ റൺവേയുടെ നീളക്കുറവല്ല അപകടത്തിന് കാരണമായതെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതാണ്. റൺവേ റീകാർപെറ്റിങ്ങിനായി വലിയ വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവച്ചപ്പോൾ കരിപ്പൂരിനെ അവഗണിക്കാൻ എയർപോർട്ട് അതോറിറ്റി അതൊരു നിമിത്തമാക്കുകയായിരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള കരിപ്പൂർ വിമാനത്താവളം അരികത്ത് ഉണ്ടായിട്ടുപോലും അതുപേക്ഷിച്ച് ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ് മലബാറിലെ ഹജ്ജ് യാത്രക്കാർ. കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരിൽ 80 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. അവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് കരിപ്പൂർ വിമാനത്താവളം. മതപരമായ ബാധ്യത നിറവേറ്റാൻ ലഭിച്ച അവസരം പാഴാക്കാൻ ഒരു വിശ്വാസിയും സന്നദ്ധമാവില്ല. എന്നിരിക്കെ കാസർകോട് നിന്നുള്ള, ഏറെ പ്രായംചെന്ന രോഗിയായ ഹജ്ജ് യാത്രികന് ഹജ്ജ് നിർവഹിക്കാൻ പുറപ്പെടുന്നതിന് കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊച്ചിയിലെത്തേണ്ടിവരുന്നു എന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണ്.


കരിപ്പൂരിൽ റൺവേയുടെ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകാനാവില്ലെന്നാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ എം.കെ രാഘവൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. 2002 മുതൽ വിമാനത്താവള വികസനത്തിന് ഭൂമി വേണമെന്ന ആവശ്യവുമായി എയർപോർട്ട് അതോറിറ്റി രംഗത്തുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടും ഇല്ല എന്നതാണ് യാഥാർഥ്യം. ഒരിക്കൽ പറയും 137 ഏക്കർ ഭൂമി വേണമെന്ന്. പിന്നെ പറയും അതിലുമധികം വേണമെന്ന്. 2013ൽ 385 ഏക്കർ ഭൂമി വേണമെന്ന ആവശ്യമാണുയർത്തിയത്. പിന്നീട് റൺവേ വികസനത്തിനു 96 ഏക്കറും കാർ പാർക്കിങ്ങിന് 15 ഏക്കറും വേണമെന്നായി. ഇപ്പോഴിതാ 18.5 ഏക്കർ ഭൂമി വേണം റൺവേ വികസനത്തിനെന്ന് വ്യോമയാന മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. 19.30 ഏക്കർ ഭൂമി ഉപയോഗിക്കാതെ കരിപ്പൂരിൽ ഉള്ളപ്പോഴാണിത്.


കരിപ്പൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ അധികൃതർക്ക് ശരിയായ ഒരു കാഴ്ചപ്പാടുമില്ല. ഒഴിഞ്ഞുകിടക്കുന്ന 19.30 ഏക്കർ ഭൂമി റൺവേ വികസനത്തിന് ഉപയോഗിക്കാൻ പറ്റില്ലേ. ഇത് സംബന്ധിച്ച പഠനം നടന്നിട്ടുണ്ടോ? ലോകത്ത് ഒരു വിമാനത്താവളത്തിനകത്തും സ്‌കൂളുകൾ പ്രവർത്തിക്കാറില്ല. എന്നാൽ കരിപ്പൂരിൽ വിമാനത്താവളത്തിനകത്ത് എയർപോർട്ട് സ്‌കൂൾ പ്രവർത്തിക്കുന്നു. കാർഗോയ്ക്ക് വേണ്ടിയും വിമാനത്താവളത്തിനകത്താണ് ഭൂമി നൽകിയിരിക്കുന്നത്. ഇന്ധന സംഭരണ കേന്ദ്രങ്ങളും വിമാനത്താവളത്തിനകത്ത് തന്നെ.


മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ട 18.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് മണ്ണിട്ട് നികത്തി എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയാൽ മാത്രമേ റൺവേ വികസനം നടക്കുകയുള്ളൂ. എങ്കിൽ മാത്രമേ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇനി ഇറങ്ങൂ എന്ന ധ്വനിയാണ് മന്ത്രിയുടെ മറുപടിയിൽ ഉള്ളത്. തുടർനടപടികളെക്കുറിച്ച് വ്യക്തമായ ഒരു പ്ലാനും മന്ത്രിക്ക്‌ നിരത്താനില്ല. ഏറ്റെടുക്കുന്ന ഭൂമി വിമാനത്താവളത്തിനൊപ്പം നിരപ്പാക്കി കൊടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സമീപത്തെ കുന്നുകളും മലകളും നേരത്തെ തന്നെ ഇടിച്ച് നിരപ്പാക്കി വിമാനത്താവളത്തിനു വേണ്ടി മണ്ണെടുത്തതാണ്. ഇനിയും നിരപ്പാക്കാൻ എവിടെയാണ് മണ്ണ്? അവ്യക്തതകൾ നിറഞ്ഞ മന്ത്രിയുടെ നിർദേശങ്ങളൊന്നും ഒറ്റയടിക്ക് നടപ്പാകുന്നതല്ല. ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും കേന്ദ്ര വ്യോമയാന വകുപ്പിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. ലഭിച്ചാൽ തന്നെ ഇനിയും ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം വിജയിക്കുമെന്നും തോന്നുന്നില്ല. രണ്ടും മൂന്നും തവണ ഭൂമി വിട്ടുകൊടുത്തവർ കഷ്ടപ്പെട്ടു നിർമിച്ച വീടും ഭൂമിയും വിട്ടുകൊടുക്കാൻ ഇനിയും തയാറാകുമോ. ഇത്തരമൊരവസ്ഥയിൽ സംസ്ഥാന സർക്കാർ ബലമായി ഭൂമി ഒഴിപ്പിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ.


സിൽവർ ലൈൻ അതിരടയാള കല്ലുകൾ സംസ്ഥാനത്തൊട്ടാകെ ജനങ്ങൾ പിഴുതെറിഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റൊരു ഭൂമി ഒഴിപ്പിക്കലിന് സംസ്ഥാന സർക്കാർ മുതിരുന്നതെങ്ങനെ. സംസ്ഥാന സർക്കാരിനെതിരേ ജനരോഷം ശക്തിപ്പെടുത്താൻ കൂടിയായിരിക്കുമോ 18.5 ഏക്കർ ഭൂമി ഏറ്റെടുത്ത് മണ്ണിട്ട് നികത്തി കൈമാറണമെന്ന ആവശ്യം കേന്ദ്രമന്ത്രി ഉയർത്തിയിട്ടുണ്ടാവുക?
ഹജ്ജ് എംബാർക്കേഷൻ പോലുള്ള മലബാറിന്റെ ആവശ്യങ്ങൾ നിരന്തരം അവഗണിക്കുക, അവ്യക്തവും സുതാര്യമല്ലാത്തതുമായ വികസന വിഷയങ്ങൾ എടുത്തിട്ട് കരിപ്പൂരിന്റെ സാധ്യത ഇല്ലാതാക്കുക, അതുവഴി സ്വകാര്യ ലോബികളെ കൊഴുപ്പിക്കാനുള്ള അവസരം സൃഷ്ടിക്കുക- കരിപ്പൂരിനെ ഇല്ലാതാക്കാൻ അണിയറയിൽ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ ബാക്കിപത്രമായേ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടിയെയും ഹജ്ജ് എംബാർക്കേഷൻ വീണ്ടും നിഷേധിച്ച മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ നടപടിയെയും കാണാനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  8 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago