HOME
DETAILS

ഇന്നലെ ജമ്മു കശ്മിര്‍ ഇന്നു ഡല്‍ഹി... നാളെ...

  
backup
April 04 2021 | 04:04 AM

65464564564-2021-f


ജമ്മു കശ്മിരിനു പ്രത്യേകാവകാശങ്ങള്‍ അനുവദിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അവകാശവാദം ഒരു രാജ്യത്തിന് ഒരു നിയമം എന്നതായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അതാണ് ഏക പോംവഴി എന്നതായിരുന്നു. ഒറ്റയടിക്ക് യുക്തിസഹമെന്നു തോന്നുന്ന ന്യായീകരണം തന്നെയാണത്. ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ബാധകമായ ഏക ഭരണഘടനയും പതാകയും മറ്റു നിയമങ്ങളും എന്തുകൊണ്ടു ജമ്മു കശ്മിര്‍ എന്ന ഇന്ത്യന്‍ സംസ്ഥാനത്തിനു ബാധകമാകുന്നില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ചോദ്യം. ജമ്മു കശ്മിരിനു പ്രത്യേക പദവി നല്‍കുന്നത് താല്‍ക്കാലിക സംവിധാനമായാണ് അക്കാലത്തു പരിഗണിച്ചിരുന്നതെന്നും സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും തല്‍സ്ഥിതി തുടരുന്നത് ഇതരദേശങ്ങളിലെ ജനങ്ങളോടു കാണിക്കുന്ന വിവേചനമാണെന്നും ഭരണകൂടം വാദിച്ചു.
എന്തുകൊണ്ടാണ് അക്കാലത്ത് അത്തരമൊരു സംവിധാനം കൊണ്ടുവന്നതെന്നു ഭരണകൂടം മനസ്സിരുത്തി ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. ഇപ്പോഴും പ്രശ്‌നകലുഷിതമായി നില്‍ക്കുന്ന ജമ്മു കശ്മിരില്‍ അതു പരിഹരിക്കുന്നതിനു മുന്‍പ് ഇത്തരമൊരു നീക്കം പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാനല്ലേ ഉപകരിക്കൂവെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇന്നും തോക്കിന്‍ കുഴലിന്റെ നിഴലില്‍ പേടിച്ചരണ്ടു കഴിയാന്‍ വിധിക്കപ്പെട്ട കശ്മിരി ജനതയുടെ ദുരിതജീവിതം മാത്രമാണ് അതിനുള്ള ഏക ഉത്തരം.


ഇവിടെ വിഷയം അതല്ല. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് ഒപ്പമുണ്ടായ മറ്റൊരു നടപടിയാണ്. അതുവരെ പൂര്‍ണാധികാരത്തോടെയും പ്രത്യേകാധികാരത്തോടെയും നിലനിന്ന ജമ്മു കശ്മിര്‍ സംസ്ഥാനം അതോടെ ഇല്ലാതായി. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന 29 സംസ്ഥാനങ്ങളില്‍ ഒന്ന് നിഷ്‌കാസിതമായി. പകരം നിലവില്‍ വന്നത് രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍. ഒന്നില്‍ ഔപചാരികമായ നിയമനിര്‍മ്മാണസഭയും സര്‍ക്കാരും ഉണ്ടാകും. രണ്ടാമത്തേതില്‍ രണ്ടുമുണ്ടാകില്ല, കേന്ദ്ര പ്രതിനിധിയായ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സ്വേച്ഛയാ ഭരിക്കും. ഗവര്‍ണറെന്നാല്‍ കേന്ദ്രസര്‍ക്കാര്‍. രണ്ടിടത്തും തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും കേന്ദ്രഭരണകൂടമായിരിക്കുമെന്ന് അര്‍ഥം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമായ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ വീഴുന്ന കോടാലിയാണ് അതെന്നു ജനാധിപത്യവാദികള്‍ അക്കാലത്തു ദയനീയമായി മുറവിളി കൂട്ടിയെങ്കിലും ഗൗനിക്കപ്പെട്ടില്ല. അന്നു നിയമഭേദഗതിയെ പിന്താങ്ങാനും ന്യായീകരിക്കാനും ബി.ജെ.പിയോ എന്‍.ഡി.എയിലെ മറ്റു കക്ഷികളോ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അന്ന് അതിനെ ന്യായീകരിച്ചവരില്‍ മുന്‍പന്തിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സര്‍വസൈന്യാധിപന്‍ കെജ്‌രിവാളും ഉണ്ടായിരുന്നു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് അത്തരമൊരു നടപടി അനിവാര്യമാണെന്നായിരുന്നു കെജ്‌രിവാളിന്റെ നിലപാട്.
ഇന്നിപ്പോള്‍ ഡല്‍ഹി ഭരണം പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുന്നു. 'ദേശീയതലസ്ഥാന പ്രദേശ (ഭേദഗതി) നിയമം' എന്നാണതിന്റെ പേര്. ദുര്‍ബലമായ എതിര്‍പ്പുകളെല്ലാം തട്ടിമാറ്റി ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയെടുത്ത ബില്ല് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറിക്കഴിഞ്ഞു. പുതിയ നിയമമനുസരിച്ച്, ഡല്‍ഹി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം നടപ്പാകണമെങ്കില്‍ ഭരണത്തലവനായ ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ അനുമതി വേണം. മന്ത്രിസഭയ്‌ക്കോ വിവിധ വകുപ്പുകള്‍ക്കോ വികസനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ തടസമില്ല. എന്നാല്‍ , എടുത്ത തീരുമാനം ഫയലില്‍ രേഖപ്പെടുത്തി ഗവര്‍ണറുടെ അനുമതിക്കായി അയയ്ക്കണം. ഗവര്‍ണര്‍ തുല്യം ചാര്‍ത്തി വിടുന്ന മുറയ്ക്ക് അവ നടപ്പാക്കാം.അനുമതി എന്തുകൊണ്ടു വൈകുന്നു എന്നു ചോദിക്കാന്‍ അവകാശമില്ല. അനുമതി നല്‍കാത്തത് എന്തുകൊണ്ടെന്നു ചോദ്യം ചെയ്യാനുമാകില്ല. ഫലത്തില്‍, ജനങ്ങളുടെ പ്രതിനിധികളായി വോട്ടുവാങ്ങി ജയിച്ച സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയാകും. കേന്ദ്രത്തിന്റെ നോമിനിയായ ഗവര്‍ണര്‍ ഡല്‍ഹി ഭരിക്കും. ലഫ്റ്റ്‌നന്റ് ഗവര്‍ണറോട് പോരിനു ചെന്നാല്‍ സര്‍ക്കാര്‍ പദ്ധതികളെല്ലാം കിടന്നേടത്തു കിടക്കും.


പുതിയ നിയമം വരുന്നതിനു മുന്‍പു തന്നെ ഡല്‍ഹി സര്‍ക്കാരും അവിടത്തെ ഗവര്‍ണറും തമ്മിലുള്ള ഇരിപ്പുവശം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കടുത്ത വടംവലിയായിരുന്നു. ആ പോരാട്ടം ഒടുവില്‍ നിയമയുദ്ധത്തിലെത്തി. 2018 ലാണ് സുപ്രിംകോടതി ആ പോരാട്ടത്തിനൊരു പരിസമാപ്തി കുറിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. ആര്‍ട്ടിക്കിള്‍ 239 എ.എ അനുസരിച്ച് ഭരണകൂടം അവരുടെ നയപരമായ നടപടികളും സുപ്രധാനമായ തീരുമാനങ്ങളും ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ സഹായിയും ഉപദേശകനുമായി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു വിധി.


ആ വിധിയില്‍ എന്തെങ്കിലും അവ്യക്തതയുള്ളതായി തോന്നുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് അവര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയും. അവ കാലതാമസം കൂടാതെ നടപ്പാക്കാനും കഴിയും. അത്തരം തീരുമാനങ്ങളും നയങ്ങളും ഭരണഘടനാ തത്വങ്ങള്‍ക്കും ഫെഡറല്‍ സംവിധാനത്തിനും നിരക്കുന്നതല്ലെങ്കില്‍ അതു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ തിരുത്താന്‍ ഗവര്‍ണര്‍ക്കും കഴിയും. പക്ഷേ, ഈ വിധിയില്‍ അവ്യക്തതയുണ്ടെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അവ്യക്തത തിരുത്തി സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഇരിപ്പുവശം സന്തോഷപ്രദമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ പുതിയ നിയമഭേദഗതി കൊണ്ടുവന്നത്.


ഭേദഗതിയനുസരിച്ച്, സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഓരോ തീരുമാനവും നടപ്പാക്കാന്‍ ഗവര്‍ണറുടെ അനുമതി വേണം. സര്‍ക്കാര്‍ എന്തൊക്കെ നടപ്പാക്കണം നടപ്പാക്കേണ്ട എന്നു ഗവര്‍ണര്‍ തീരുമാനിക്കും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഡല്‍ഹിയിലെ കാര്യം കേന്ദ്രം തീരുമാനിക്കും. കെജ്‌രിവാള്‍ സര്‍ക്കാര്‍ നോക്കുകുത്തി മാത്രമാകും. ഭാവിയിലൊരു തെരഞ്ഞെടുപ്പുണ്ടാകുമ്പോള്‍, 'ഞങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അതു ചെയ്തു ഇതുചെയ്തു' എന്നു പറയാനാകില്ല. പറയേണ്ടതെല്ലാം കേന്ദ്രം പറയും. നേരത്തേതന്നെ ഗവര്‍ണറും സര്‍ക്കാരും ഉഗ്രമായി കൊമ്പുകോര്‍ത്തുകൊണ്ടിരുന്ന ഡല്‍ഹിയില്‍ ഇനിയുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭീതിയുളവാക്കുന്ന കാര്യം അതല്ല. ജമ്മു കശ്മിനെ സംസ്ഥാനമല്ലാതാക്കി മാറ്റിയ തീരുമാനമെടുത്ത കാലത്ത് പാര്‍ലമെന്റിന് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഡല്‍ഹിയുടെ കാര്യത്തില്‍ പ്രതിഷേധം തീരെയുണ്ടായില്ലെന്നല്ല. ഉണ്ടായി, പേരിനു മാത്രം. സമ്പൂര്‍ണമായി കേന്ദ്രവരുതിയിലെന്ന അവസ്ഥയില്‍നിന്നു സമ്പൂര്‍ണ സംസ്ഥാന പദവിയിലേയ്ക്കു അടിവച്ചു നീങ്ങിയിരുന്ന ഒരു പ്രദേശം കാര്യമായ എതിര്‍പ്പുകളില്ലാതെ പഴയ അവസ്ഥയിലേയ്ക്കു തള്ളിമാറ്റപ്പെട്ടു.


സമ്പൂര്‍ണ ഫെഡറല്‍ സംവിധാനമുള്ള രാജ്യങ്ങളേക്കാള്‍ ഫലപ്രദവും സുദൃഢവുമാണ് ഇന്ത്യയിലെ അര്‍ദ്ധ ഫെഡറല്‍ സംവിധാനം. അതു സംസ്ഥാനങ്ങള്‍ക്കു പരമാവധി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍, അതു ദേശീയ വിഘടനവാദത്തിലേയ്ക്കു നയിക്കാതിരിക്കാന്‍ കേന്ദ്രത്തിന്റെ ശക്തമായ നിയന്ത്രണവുമുണ്ട്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്തൊക്കെ അധികാരങ്ങളും അവകാശങ്ങളും എന്നു ഭരണഘടന കൃത്യമായി പട്ടികയില്‍ രേഖപ്പെടുത്തി വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ ഏകാധിപത്യത്തിലേയ്ക്കും ചിന്നിച്ചിതറലിലേയ്ക്കും രാജ്യം ഒരിക്കലും പതിക്കില്ല. മത, ജാതി, ഭാഷാ, സംസ്‌കാര, ആചാര വൈവിധ്യങ്ങള്‍ നൂറുതരത്തിലുണ്ടായിട്ടും ഏഴു പതിറ്റാണ്ടിലേറെയായിട്ടും ഇന്ത്യ ജനാധിപത്യത്തിന്റെ സുശക്തമായ നെടുങ്കോട്ടയായി നില്‍ക്കുന്നത് ഈ ഭരണഘടനാ തത്വങ്ങളുടെ അസ്തിവാരമുള്ളതു കൊണ്ടു മാത്രമായിരുന്നു. കാലം മാറുകയാണ്.
ഇന്നലെ കശ്മിര്‍, ഇന്നു ഡല്‍ഹി... അധികാരവികേന്ദ്രീകരണത്തില്‍ നിന്നു അധികാരകേന്ദ്രീകരണത്തിലേയ്ക്കു മാറ്റപ്പെടുമ്പോള്‍ സമ്പൂര്‍ണ ഏകാധിപത്യം ഏറെ അകലെയല്ലെന്ന് ഓര്‍ക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago