ബുള്ളറ്റ്
റോയ് കാരാത്ര
ദേവരാജ് ഒരു വിമ്മിട്ടത്തോടെ അവിടെയിരുന്നു. ഇതിപ്പോള്‍ മൂന്നാമത്തെ ടൂവീലറാണ് അയാള്‍ വില്‍ക്കുന്നത്. ഓരോന്നും പഴഞ്ചനായിട്ടോ തകരാറുകള്‍ കൂടുതലാവുമ്പോള്‍ തന്റെ ആവശ്യത്തിന് ഉതകുന്നതല്ല എന്നു തോന്നുമ്പോഴൊ ഒക്കെയായിരുന്നു വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എങ്കിലും ആ സമയങ്ങളിലൊക്കെയും അയാള്‍ ഇത്തരത്തില്‍ വിഷണ്ണനാവുക പതിവായിരുന്നു. അങ്ങനെ വേദനയോടെ നില്‍ക്കുമ്പോഴൊക്കെ ആശ്വസിപ്പിച്ചത് ഭാര്യയായിരുന്നു.
ഇന്നവള്‍ പറയുന്നു: 'ചേട്ടാ, ആ ബുള്ളറ്റ് കൊടുക്കരുതായിരുന്നു. അത് തിരിച്ചുവാങ്ങണം.'
'നല്ല കാര്യായി, സെയില്‍ ലെറ്റര്‍ ഒപ്പിടാനായി നാളെ ചെല്ലാന്‍ പറഞ്ഞിരിക്ക്യാണ്.'
'ഞാനും വരാം, നമുക്കത് തിരികെ വാങ്ങാം'- അവളുടെ മറുപടി പെട്ടെന്നായിരുന്നു.
'അയാള് സമ്മതിക്ക്വോ. പണം മുഴുവന്‍ കിട്ടിയതുമല്ലേ'.
'ന്നാലും. അത് തിരിച്ചുവാങ്ങണം.'
അയാളെ കണ്ടപ്പോഴേക്കും ദേവരാജിന്റെ ഭാര്യ മുഖവുരയില്ലാതെ പറഞ്ഞു, 'സാര്‍, ദേവേട്ടന്റെ ബുള്ളറ്റ് തിരിച്ചുതരണം.'
വന്നവരുടെ വൈകാരികഭാവങ്ങള്‍ ജീവകുമാറില്‍ വല്ലാത്ത ഭാവമുണ്ടാക്കി.
'ഞാന്‍ കരുതി, എന്റെ ഭര്‍ത്താവാണ് ലോകത്തിലെ ഏറ്റവും വലിയ വികാരജീവിയെന്നാണ്. ജീവനില്ലാത്ത വാഹനത്തോട് വികാരപരമായ സ്‌നേഹം തോന്നുന്ന ഏക മനുഷ്യന്‍'- ജീവകുമാറിന്റെ ഭാര്യ പരിഹസിച്ചു.
'അതെങ്ങനെ ശരിയാകും ചേച്ചീ. വില പറഞ്ഞ് ഉറപ്പിച്ച് കൈമാറിയതല്ലേ ഈ ബുള്ളറ്റ്. ഒരു ദിവസമല്ലേ ആയിട്ടുള്ളൂ. സാവധാനം നിങ്ങള്‍ക്കിത് മറക്കാം. മറന്നോളും...ങ്ഹാ.
'സെയില്‍ ലെറ്റര്‍ ഒന്ന് ഒപ്പിട്ടുതരൂ. ഞാനല്‍പ്പം തിരക്കിലാണ്.'
ജീവകുമാര്‍ അവരെ പറഞ്ഞയയ്ക്കാന്‍ ധൃതികാണിച്ചു.
ദേവരാജിന്റെ ഭാര്യ വീണ്ടും പറഞ്ഞു തുടങ്ങി- 'സാര്‍, നിങ്ങള്‍ക്കിത് മനസ്സിലാകുമോയെന്നറിയില്ല. ഗതികേടുകൊണ്ടാണ് അദ്ദേഹമിത് വിറ്റത്'.
'ശ്ശൊ! ശല്യമായല്ലോ!'
'അതേ, നിങ്ങള്‍ ഇവിടെ കിടന്ന് വിഷമിക്കേണ്ട. ഏട്ടന്‍ പറഞ്ഞില്ലേ, അതാണതിന്റെ കാര്യം. ഒരാഴ്ച കഴിയുമ്പോള്‍ മറക്കാവുന്നതേയുള്ളൂ'- ജീവകുമാറിന്റെ ഭാര്യ പറഞ്ഞു.
'നമ്മുടേതായിരുന്ന ഒരു സാധനത്തോട് നമുക്ക് തോന്നുന്ന ഒരു ഇഷ്ടം. ആ ഇഷ്ടമാണ് ഇവിടത്തെയും.
കൂടുതല്‍ വിലയ്ക്കാണ് ഞാനത് വാങ്ങിയതും. അത് നിങ്ങള്‍ക്കറിയാലോ. അതിനോടുള്ള ഇഷ്ടം കൊണ്ടുതന്ന്യാ. സോ, പ്ലീസ് ഗോ സാര്‍'.
മറുപടിക്ക് ചെവി കൊടുക്കാതെ അവരെ നോക്കിനില്‍പ്പായിരുന്നു ദേവരാജിന്റെ ഭാര്യ.
'ഒരുകാര്യം ചെയ്യാം. ഞാന്‍ തന്നതിലും രണ്ടായിരത്തഞ്ഞൂറ് രൂപ കൂടുതല്‍ തരുകയാണെങ്കില്‍ ഞാനിത് തനിക്ക് തിരിച്ച് വില്‍ക്കാം.'
കരച്ചിലിന്റെ വക്കോളമെത്തിയ സ്ത്രീ ഉടനെ മറുപടി നല്‍കി 'സമ്മതമാണ് സാര്‍, ഞങ്ങളീ ബുള്ളറ്റ് എടുക്കട്ടെ.'
'പോരാ! രൊക്കം പണം ഇപ്പോള്‍ കിട്ടണം. കിട്ടിയാലേ വണ്ടി കൊണ്ടുപോകാനാവൂ.'
ദേവരാജിന്റെ ഭാര്യ ഹാന്‍ഡ് ബാഗ് തുറന്ന് അയാള്‍ കൊടുത്ത പണം എടുത്തുവെച്ചു. പിന്നീട് ബാഗിന്റെ വേറൊരു അറയില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് രൂപയും എണ്ണിയെടുത്ത് മറ്റേ പണത്തോട് ചേര്‍ത്തുവെച്ചു.
'സാര്‍, രണ്ടായിരത്തി അഞ്ഞൂറ് അധികം.'
'ഇയാള് ഇതിപ്പോ എന്നെ, മോഹിപ്പിച്ച് കൊണ്ടുപോകാണല്ലോ'
അയാള്‍ ഒന്നു തണുത്തു.
'ശരിക്കും ഈ വണ്ടിയോട് തനിക്ക് ഇത്രമേല്‍ സ്‌നേഹമുണ്ടോ?'
'അത്...' ക്ഷമിക്കണം സാര്‍, ഇന്നലെ ഞാന്‍ വല്ലാതെ ഓവറായി.' എന്നേക്കാള്‍, അവളിത് വില്‍ക്കാന്‍ സമ്മതിക്കുന്നില്ല.'
'എന്റെ ഏട്ടന്‍'- അവള്‍ അയാളെ ഒന്നു നോക്കി. പിന്നെ തുടര്‍ന്നു 'ഇദ്ദേഹത്തിന്റെ മുന്‍പില്‍വെച്ച് പറയാന്‍ എനിക്കിഷ്ടമല്ല. എങ്കിലും... ഏട്ടന്‍ ആല്‍ക്കഹോളിക്കാണ്. വീട്ടിലുള്ള സ്വര്‍ണം പണയംവെച്ചും വിറ്റും തീര്‍ത്തു. ചിലപ്പോഴൊക്കെ പണയംവെച്ചത് വല്ലപ്പോഴും ഞാന്‍ ജോലിചെയ്ത് കിട്ടിയ കാശു സ്വരൂപിച്ചെടുക്കും. പിന്നെ പറ്റുകടയിലെ കടവും തീര്‍ക്കും. അദ്ദേഹത്തിന് കിട്ടുന്നത് ബാറിലേക്കേ തികയൂ. മക്കള്‍ രണ്ടെണ്ണം പഠിക്കുവാ...ഒന്നിലും നാലിലും. വേറൊന്ന് വാങ്ങാന്‍ ഏട്ടനെ കൊണ്ടാവില്ല.'
'സാര്‍, ദയവായി എനിക്കിത് തിരിച്ചുതരണം. ഇത് എനിക്കൊരു പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും.' ഭാര്യയുടെ നിര്‍ബന്ധത്താല്‍ ദേവരാജ് കൂട്ടിച്ചേര്‍ത്തു. പിന്നെ, ജാള്യത നിറഞ്ഞ മുഖത്തോടെ അവളെ നോക്കി.
'പൂര്‍ണ മനസോടെയല്ല ഞാനിത് തിരികെ തരുന്നത്. എനിക്കും ബുള്ളറ്റ് ഇഷ്ടായി. എന്നിരുന്നാലും ആ ഇഷ്ടം നിങ്ങളോളം പഴകിയിട്ടില്ലല്ലോ. ഞാനത് സഹിക്കാം. ഇനി, വഴിത്തിരിവാകുമെന്ന് പറഞ്ഞത് ശരിയായ വഴിയിലേക്ക് തന്നെ തിരിഞ്ഞേക്കണം.'
ജീവകുമാര്‍ താക്കോല്‍ ദേവരാജിന് കൈമാറി.
'ദാ, രണ്ടായിരത്തിയഞ്ഞൂറ്. ഇത് നിങ്ങള്‍ അധികമായി തരേണ്ട.'
തിരിച്ചു ബുള്ളറ്റില്‍ കയറി ദേവരാജിന് പിന്നില്‍ ചേര്‍ന്നിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു:
'ഇങ്ങനെ ചേര്‍ന്നിരുന്ന് പോകാന്‍ ഈ ബുള്ളറ്റ് നമുക്ക് വേണം ചേട്ടാ. എന്തോ, ഇതിനെ വിട്ടുകളയാന്‍ ഒരു വിഷമം!
അത് പറയുമ്പോള്‍ അവളുടെ കൈ അയാളുടെ തോളില്‍ നിന്നും ഒഴുകി പതുക്കെ ബുള്ളറ്റിന്റെ ടൂള്‍ ബോക്‌സ് കവറില്‍ തട്ടി നിന്നു. ടൂള്‍ ബോക്‌സിനകത്തിരുന്ന അഞ്ചു പവന്റെ മാല വേറെയേത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്നാലോചിക്കുകയായിരുന്നു ദേവരാജിന്റെ ഭാര്യ അപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."