വിരാമം ബി.ജെ.പി - സി.പി.എം കൊലപാതകങ്ങള്‍ക്ക് മാത്രംപോരാ
ജനാധിപത്യ ഭരണസമ്പ്രദായത്തിന്റെ ഉത്സവങ്ങളായിട്ടാണ് തെരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുന്നത്. അത്തരം ഉത്സവങ്ങളില്‍ രാഷ്ട്രീയ എതിരാളികളുടെ ജീവനെടുക്കുക എന്ന പ്രാകൃതമുറയില്‍നിന്നു സംസ്ഥാനത്തെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചിലത് ഇപ്പോഴും മോചിതമായിട്ടില്ലെന്നതിന്റെ സൂചനയാണ് കണ്ണൂര്‍ പാനൂര്‍ പുല്ലൂക്കര മുക്കില്‍പീടികയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ 21 വയസുള്ള മന്‍സൂറിന്റെ കൊലപാതകം. കൊലപാതകം നടത്തിയ പതിനൊന്നംഗ സംഘ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ പൊലിസ് കസ്റ്റഡിയിലാണ്.
യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന മുഹ്‌സിനെ ലക്ഷ്യംവച്ചായിരുന്നു പ്രതികള്‍ വന്നത്. മുഹ്‌സിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതു കണ്ട് സഹോദരനെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു മന്‍സൂര്‍. കൊലക്കത്തിക്ക് ഇരയായത് മന്‍സൂറായിപ്പോയി. വോട്ടെടുപ്പിനു പിന്നാലെ നടന്ന ഈ കൊലപാതകം രാഷ്ട്രീയപരമല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറയുന്നുണ്ടെങ്കിലും നടന്നത് രാഷ്ട്രീയക്കൊലപാതകമാണെന്നാണ് സ്ഥലം സന്ദര്‍ശിച്ച പൊലിസ് കമ്മിഷണര്‍ ഇളങ്കോ പറഞ്ഞത്. കൊലപാതകത്തിനു പിന്നാലെ സി.പി.എം നേതാവ് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വരികളും കൊലപാതകം, രാഷ്ട്രീയപരമാണെന്ന് ഉറപ്പിക്കുംവിധമാണ്. ഇരന്നുവാങ്ങിയ കൊലപാതകമെന്നാണ്, ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി എന്ന വാചകത്തില്‍ പറയുന്നത്.
തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായെങ്കിലും കൊലപാതകം കണ്ണൂരിലെ പാനൂരിലൊഴികെ മറ്റെവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആലപ്പുഴ കായംകുളത്ത് വോട്ടെടുപ്പിനുശേഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു വെട്ടേറ്റു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അവിടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കാസര്‍കോട്ട് തൃക്കരിപ്പൂരില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ തടഞ്ഞുവച്ചു. അവരെക്കൊണ്ടുപോകാന്‍ വന്ന സ്ഥാനാര്‍ഥി എം.പി ജോസഫിന്റെ കാര്‍ എറിഞ്ഞുതകര്‍ത്തു. കണ്ണൂരില്‍ സി.പി.എം ശക്തികേന്ദ്രമായ ആന്തൂര്‍ കടമ്പേരി അയ്യങ്കോലില്‍ തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി അബ്ദുല്‍ റഷീദും കൂടെയുള്ളവരും ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സംസ്ഥാനത്തുനടന്ന രാഷ്ട്രീയാക്രമണങ്ങളില്‍ ചിലതു മാത്രമാണിത്. എല്ലാ സംഘര്‍ഷങ്ങളിലും ഒരു ഭാഗത്ത് സി.പി.എം ആണ്.
ടി.പി ചന്ദ്രശേഖരന്റെ അതിനിഷ്ഠുരമായ കൊലപാതകത്തിനു ശേഷവും സി.പി.എമ്മിലെ ചിലര്‍ ഇപ്പോഴും കൊലക്കത്തി താഴെ വയ്ക്കാന്‍ തയാറായിട്ടില്ല എന്നതിന്റെ തെളിവാണ് പാനൂരിലെ മന്‍സൂറിന്റെ കൊലപാതകം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
കേരളത്തിന്റെ സമാധാന അന്തരീക്ഷം നിരന്തരം മുറിവേല്‍പിച്ചുകൊണ്ടിരിക്കുകയാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമാധാനപൂര്‍ണമായ ജീവതാളത്തെയാണ് ഇത്തരം കൊലപാതകങ്ങള്‍ തകിടം മറിക്കുന്നത്. ജനങ്ങളെ മൊത്തമായി അരക്ഷിതാവസ്ഥയില്‍ തളച്ചിടുവാന്‍ കണ്ണൂരിലെ കൊലപാതകങ്ങള്‍ കാരണമായിത്തീരുന്നു. ഇതിനാലാണ് സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കണ്ണൂരിലെ കൊലപാതക പരമ്പരയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയഭ്രാന്ത് തലയ്ക്കുപിടിച്ച ഒരു വിഭാഗം കൊലക്കത്തി താഴെയിടാന്‍ ഇനിയും തയാറായിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ ടി.പി ചന്ദ്രശേഖരന്റെ മുഖത്തേറ്റ 51 വെട്ടിന്റെ തുന്നിക്കെട്ടലുകള്‍ കേരളീയമനസില്‍നിന്നു മായുംമുന്‍പെ പെരിയയില്‍ കോണ്‍ഗ്രസുകാരായ രണ്ടു യുവാക്കള്‍ ഇരകളായിത്തീരേണ്ടി വരില്ലായിരുന്നു. ശരത് ലാലും കൃപേഷും രണ്ട് നിര്‍ധന കുടുംബങ്ങങ്ങളുടെ പ്രതീക്ഷകളായിരുന്നു. പ്രതികളെന്ന് ആരോപിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയുള്ള സി.ബി.ഐ അന്വേഷണത്തെ തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ഖജനാവില്‍നിന്നെടുത്ത് സുപ്രിംകോടതിയിലെ അഭിഭാഷകര്‍ക്ക് ഫീസ് നല്‍കിയത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് ഇടനല്‍കിയത്. കൊലപാതകികള്‍ സി.പി.എം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി നേതൃത്വം ആണയിട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ പ്രതികള്‍ക്കു വേണ്ടി ഖജനാവില്‍നിന്നു പണം ചെലവാക്കിയത്.
രാഷ്ട്രീയാശയങ്ങളും അഭിപ്രായങ്ങളും ഏതൊരു വ്യക്തിയിലും ഏതുസമയത്തും മാറിയേക്കാം. ആശയങ്ങളെ ഭ്രാന്തമായി തലയിലേറ്റുകയും നേതാക്കളുടെ വാക്കുകള്‍ വേദവാക്യങ്ങളായി ഏറ്റെടുത്ത് അപരന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കുകയും ചെയ്യുന്നവര്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.
ഇത്തരം കൊലപാതകങ്ങളെ സമൂഹമാധ്യമങ്ങളില്‍ ന്യായീകരിക്കുന്ന നേതാക്കളും അവരുടെ മക്കളും പൊതുജീവിതത്തില്‍ കന്മഷം പകരുന്നവരുമാണ്. ഓരോ കൊലപാതകത്തിനു ശേഷവും ഇത് അവസാനത്തേതാകട്ടെ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും പിന്നെയും രാഷ്ട്രീയക്കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അക്രമികള്‍ കൊലക്കത്തി ഇപ്പോഴും താഴെ വയ്ക്കാതിരിക്കുമ്പോള്‍ മന്‍സൂറിന്റേതും അവസാനത്തേതാകാന്‍ വഴിയില്ല. കൊല്ലപ്പെടുന്നവരും കൊല്ലിക്കുന്നവരും കേരള രാഷ്ട്രീയത്തില്‍ ആവര്‍ത്തിക്കപ്പെടും.
ആത്മീയാചാര്യന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീ എം മുന്‍കൈയെടുത്തു നടത്തിയ അനുരഞ്ജന ചര്‍ച്ചയുടെ ഫലമായി കണ്ണൂരിലെ ബി.ജെ.പി- സി.പി.എം രാഷ്ട്രീയക്കൊലപാതകങ്ങള്‍ അവസാനിച്ചതായാണ് പറയപ്പെടുന്നത്. ആര്‍.എസ്.എസ് ദേശീയാധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ അനുഗ്രഹാശിസുകളോടെയായിരുന്നു പൂര്‍വാശ്രമത്തില്‍ മുംതാസ് അലിയായിരുന്ന ശ്രീ എം ഇരുവിഭാഗങ്ങളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നത്. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ വീട്ടില്‍ പോയാണ് ചര്‍ച്ച നടത്തിയതെന്ന് ഒരു ദൃശ്യമാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ശ്രീ എം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലമായിട്ടാണ് തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ സ്ഥലത്ത് ശ്രീ എമ്മിന് സര്‍ക്കാര്‍ യോഗാ പരിശീലനത്തിന് നാലേക്കര്‍ ഭൂമി നല്‍കിയതെന്ന് പരക്കെ ആക്ഷേപം ഉയരുകയും ചെയ്തു. സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെ അതൊരു അനുചിതമായൊരു തീരുമാനമാണെന്ന വിമര്‍ശനം പലഭാഗങ്ങളില്‍നിന്നും ഉയരുകയുണ്ടായി.
കണ്ണൂരിലെ സി.പി.എം -ബി.ജെ.പി കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ നാഥ് സമ്പ്രദായത്തില്‍പ്പെട്ട യോഗിയായ, മഹാവതര്‍ ബാബാജിയുടെ ശിഷ്യനായ ശ്രീ എം വേണ്ടി വന്നുവെങ്കില്‍ ബി.ജെ.പി -സി.പി.എം ഇതര രാഷ്ട്രീയക്കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഏതു യോഗിയാണ് അവതരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."