ഒളിംപിക്‌സില്‍ നിന്ന് റഷ്യയെ തടയാന്‍ ഉക്രൈന്‍ നീക്കം
കീവ്: 2024ലെ പാരിസ് ഒളിംപിക്‌സില്‍ മല്‍സരിക്കുന്നതില്‍ നിന്ന് റഷ്യന്‍ അത്‌ലറ്റുകളെ തടയാന്‍ ഉക്രൈന്‍ നീക്കം തുടങ്ങി. ഇതിനായി അന്താരാഷ്ട്ര കാംപയിന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചു.
റഷ്യന്‍, ബെലാറഷ്യന്‍ അത്‌ലറ്റുകള്‍ പങ്കെടുത്താല്‍ ഉക്രൈന്‍ ഒളിംപിക്‌സ് ബഹിഷ്‌കരിക്കുന്നത് തള്ളിക്കളയാനാവില്ലെന്ന് കായിക മന്ത്രി വാഡിം ഗുട്ട്‌സൈറ്റ് നേരത്തെ പറഞ്ഞിരുന്നു. ചില കായിക ഇനങ്ങളില്‍ റഷ്യക്കാരെ വിലക്കിയിട്ടുണ്ട്. മറ്റുള്ളവയില്‍ നിഷ്പക്ഷ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാണ് അനുവാദം. ന്യൂട്രല്‍ റഷ്യന്‍ പതാകകള്‍ രക്തംപുരണ്ടതായിരിക്കുമെന്ന് സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു.
റഷ്യന്‍, ബെലാറഷ്യന്‍ അത്‌ലറ്റുകളെ നിഷ്പക്ഷ പതാകയ്ക്ക് കീഴില്‍ മല്‍സരിപ്പിക്കുന്നതിനോട് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി)ക്ക് അനുകൂല നിലപാടാണുള്ളത്. ഏഷ്യയിലെ ഒളിംപിക് കൗണ്‍സില്‍ കഴിഞ്ഞ ബുധനാഴ്ച മേഖലാതല മല്‍സരത്തിന് അവസരം നല്‍കിയതിനെ ഐ.ഒ.സി പരസ്യമായി പിന്തുണച്ചു. പാരിസ് ഒളിംപിക്‌സ് യോഗ്യതാപാത തുറക്കാന്‍ ഇത് സഹായിക്കും.
ഭീകരരാഷ്ട്രത്തിന്റെ പ്രതിനിധികളെ ലോക കായികവേദിയിലേക്ക് കൊണ്ടുവരാനുള്ള ഏതൊരു ശ്രമത്തെയും തടയുമെന്ന് സെലെന്‍സ്‌കി വിഡിയോ പ്രസംഗത്തില്‍ പറഞ്ഞു. ലോക കായികരംഗത്തെ സമ്പന്നമാക്കാന്‍ കഴിയുമായിരുന്ന ഉക്രൈന്‍ താരങ്ങളുടെ ജീവന്‍ അപഹരിച്ചവരാണ് റഷ്യക്കാര്‍. റഷ്യന്‍ അത്‌ലറ്റുകളുടെ ഏത് നിഷ്പക്ഷ പതാകയിലും രക്തം പുരണ്ടിരിക്കും. ഒളിംപിക് തത്വങ്ങളും യുദ്ധവും അടിസ്ഥാനപരമായി പരസ്പരം എതിരാണ്. ഒളിംപിക് മാനേജ്‌മെന്റിന്റെ കാപട്യത്തില്‍ നിന്ന് കായിക മേളയെ മോചിപ്പിക്കുന്നതിനും ഫെയര്‍ പ്ലേക്കു വേണ്ടിയും ഇന്ന് ഒരു മാരത്തണ്‍ കാംപയിന്‍ ആരംഭിക്കും- സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര കായികരംഗത്തു നിന്ന് മോസ്‌കോയെ പിഴുതെറിയാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."