മമതാ ബാനര്‍ജിക്ക് വിലക്ക്!
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ദിവസത്തെ പ്രചാരണ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. കുച്ച് ബിഹാര്‍ ജില്ലയിലെ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകാതെ തൃണമൂല്‍ കോണ്‍ഗ്രസിനു വോട്ടുചെയ്യണമെന്നും കേന്ദ്രസേന വോട്ടു ചെയ്യുന്നവരെ തടഞ്ഞാല്‍ അവരെ നേരിടണമെന്നുമുള്ള പ്രസംഗങ്ങളുടെ പേരിലാണ് വിലക്കേര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ നോട്ടിസിന് മറുപടി നല്‍കിയ മമത കാതലായതും ഗുരുതരവുമായ ഭാഗങ്ങള്‍ മറച്ചുവച്ചെന്നും ബോധപൂര്‍വമായ മറവി അവര്‍ക്കുണ്ടെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. മമതക്കെതിരേ ബി.ജെ.പിയും പരാതി നല്‍കിയിരുന്നു.കമ്മിഷന്റെ നടപടി ഭരണഘടനാവിരുദ്ധമായതിനാല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച അവര്‍ കൊല്‍ക്കത്തയില്‍ ധര്‍ണയിരിക്കുകയുണ്ടായി.
ബംഗാളിലെ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപകമായ ആക്രമണങ്ങളായിരുന്നു അരങ്ങേറിയത്. അഞ്ചുപേര്‍ വെടിയേറ്റു മരിച്ചു. ഇവരില്‍ നാലുപേരും കേന്ദ്രസേനയുടെ വെടിയേറ്റാണ് മരിച്ചത്. സിതാല്‍ കുച്ചിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേന്ദ്രസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. കേന്ദ്രസേന ബംഗാളില്‍ നടത്തിയത് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. വെടിവയ്പ്പിനെത്തുടര്‍ന്ന് രാഷ്ട്രീയക്കാര്‍ 72 മണിക്കൂര്‍ നേരത്തേക്ക് കുച്ച് ബിഹാറിലേക്ക് പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് നല്‍കുകയുണ്ടായി.കമ്മിഷന്റെ നിര്‍ദേശം വസ്തുതകള്‍ മൂടിവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണെന്ന് മമതാ ബാനര്‍ജി ആരോപിക്കുകയുംചെയ്തു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് ഒരു ദിവസത്തെ പ്രചാരണ വിലക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഏര്‍പ്പെടുത്തിയത്.
44 സീറ്റുകളിലേക്കായിരുന്നു നാലാം ഘട്ട വോട്ടെടുപ്പ് നടന്നത്. ഇനി ഏപ്രില്‍ 17, 26, 29 തിയതികളിലാണ് അടുത്ത നാലുഘട്ടം.ബംഗാളില്‍ ഇങ്ങനെ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടത്തുന്നത് വ്യാപകമായ തോതില്‍ അക്രമം നടത്താനും അതിന്റെപേരില്‍ കേന്ദ്രസേനയെ ഇറക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍നിന്ന് അകറ്റിനിര്‍ത്താനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിട്ടുവേണം കാണാന്‍. മമതാ ബാനര്‍ജിയും ഈ വിമര്‍ശനം നടത്തിയിരുന്നു. ഒരു ബി.ജെ.പി എം.എല്‍.എ കേന്ദ്രസേനയെക്കൊണ്ട് ഇനിയും വെടിവയ്പ്പിക്കുമെന്ന് ഇന്നലെ ഭീഷണിപ്പെടുത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പല നടപടികളെയും മമതാബാനര്‍ജി പക്ഷപാതിത്വമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കമ്മിഷന്റെ ഭാഗത്തുനിന്നു വന്നുകൊണ്ടിരുന്ന അനുചിതമായ പല നടപടികളും മമതയുടെ ആരോപണം ശരിവയ്ക്കുന്നതുമായിരുന്നു. അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും പല പരാമര്‍ശങ്ങളും വിഭാഗീയവും പ്രകോപനപരവുമായിരുന്നു.എന്നാല്‍ ഇത്തരം പ്രസംഗങ്ങള്‍ക്കെതിരേ മൗനം പാലിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍, മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അവര്‍ക്ക് ഒരു ദിവസത്തെ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത്.
മാര്‍ച്ച് 10ന് പശ്ചിമബംഗാള്‍ ഡി.ജി.പി വീരേന്ദ്രയെ മാറ്റിക്കൊണ്ടാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. പകരം പി. നീരജ് നയനെ പുതിയ ഡി.ജി.പിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിക്കുകയും ചെയ്തു. കമ്മിഷന്റെ നടപടി, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗാളിന്റെ ക്രമസമാധാനില ബി.ജെ പിയുടെ വരുതിയില്‍ നിര്‍ത്താനുള്ള നീക്കമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കമ്മിഷന്‍ അയച്ച കത്തില്‍ ഡി. ജി.പി വീരേന്ദ്രയ്ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ ചുമതലകളൊന്നും നല്‍കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഇതില്‍ നിന്നുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന ധാരണ പരക്കെ ഉണ്ടായി.
ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെ ഏതുവിധേനയും അട്ടിമറിച്ച് അവിടെ ബി.ജെ.പി ഭരണം സ്ഥാപിക്കുക എന്നത് ബി.ജെ.പിയുടെ കുറെ മുന്‍പുള്ള അജന്‍ഡയാണ്. ഭരണം കിട്ടിയശേഷം പൗരത്വ നിയമ ഭേദഗതി ബംഗാളില്‍ നടപ്പിലാക്കുക. മുസ്‌ലിംകളെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി പൗരത്വം നിഷേധിക്കാനുമുള്ള സംഘ്പരിവാര്‍ തീരുമാനം നടപ്പിലാക്കുക. അതാണ് ബംഗാള്‍ പിടിച്ചടക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നന്ദിഗ്രാമില്‍ മമതയ്ക്കുനേരേയുണ്ടായ ആക്രമണത്തില്‍ അവര്‍ക്ക് പരുക്കു പറ്റിയിരുന്നു. കാലിന് സാരമായ പരുക്കേറ്റ അവര്‍ വീല്‍ ചെയറില്‍ ഇരുന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
ബി.ജെ.പി കേന്ദ്രസേനയുടെ സഹായത്തോടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ തന്നെ മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. മാര്‍ച്ച് 28, ഏപ്രില്‍ 7 തിയതികളില്‍ മമതാ ബാനര്‍ജി നടത്തിയ പ്രസംഗങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു, അമിത് ഷായോ ബി.ജെ.പി നേതാക്കളോ നടത്തിയ പ്രകോപന പ്രസംഗങ്ങള്‍ക്കെതിരേയൊന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ നോട്ടിസ് നല്‍കിയിരുന്നില്ല.
സി.പി.എം എം.എല്‍.എമാരെ വില കൊടുത്തു വാങ്ങിയതിനുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരേയും വന്‍തോതില്‍ ബി.ജെ.പി വിലയ്ക്ക് വാങ്ങിക്കൊണ്ടിരുന്നു. മമതാ ബാനര്‍ജിയുടെ വലം കൈയായിരുന്ന സുവേന്ദു അധികാരിപോലും ബി.ജെ.പി പാളയത്തില്‍ ചേക്കേറിയിട്ടും മമത കുലുങ്ങിയില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി ബംഗാള്‍ പിടിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് അമിത് ഷാ. ഇതിനിടയില്‍ വിഭാഗീയവും വര്‍ഗീയവുമായ നിരവധി പ്രസംഗങ്ങള്‍ അദ്ദേഹത്തില്‍നിന്ന് വന്നിട്ടുണ്ട്. ഏറ്റവുമവസാനമായി കഴിഞ്ഞ ദിവസം നടത്തിയ, ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗൂര്‍ഖകള്‍ പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പുറത്തുപോകേണ്ടി വരില്ലെന്ന അദ്ദേഹത്തിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മമതാ ബാനര്‍ജിക്കെതിരേ, പല നടപടികളും പ്രതീക്ഷിക്കാവുന്നതുമാണ്. തെരഞ്ഞെടുപ്പ് സദാചാരങ്ങള്‍ തൂത്തെറിഞ്ഞ് എം.എല്‍.എമാരെ വിലയ്ക്കുവാങ്ങി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഇപ്പോള്‍ ബംഗാളില്‍ പ്രാവര്‍ത്തികമായിരിക്കുന്നു. കേന്ദ്രസേനയുടേയും കേന്ദ്ര സര്‍ക്കാര്‍ മെഷിനറിയുടേയും സഹകരണത്തോടെ തൃണമൂല്‍ ഭരണം അട്ടിമറിക്കപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യ ഭരണ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി ബംഗാളും മാറിയെന്ന് കരുതിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."