ജാമ്യം ലഭിക്കുന്നവരുടെ മോചനം വേഗത്തിലാക്കാന്‍ ഏഴിന നിര്‍ദേശങ്ങളുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ജാമ്യം ലഭിക്കുന്ന വിചാരണത്തടവുകാരുടെയും കുറ്റവാളികളുടെയും മോചനം വേഗത്തിലാക്കാന്‍ ഏഴിന നിര്‍ദേശങ്ങളുമായി സുപ്രിംകോടതി. അമിക്കസ് ക്യൂറിമാരായ ഗൗരവ് അഗര്‍വാള്‍, ലിസ് മാത്യു, ദേവാന്‍ഷ് എ. മൊഹ്ത എന്നിവര്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജുമായി ചര്‍ച്ച ചെയ്ത് സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിഗണിച്ചാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ജാമ്യ ഉത്തരവ് പുറപ്പെടുവിക്കുന്ന കോടതികള്‍ അക്കാര്യം അന്നുതന്നെയോ തൊട്ടടുത്ത ദിവസമോ ഇ-മെയില്‍ ആയി ജയില്‍ സൂപ്രണ്ടിന് അയയ്ക്കണം. ജാമ്യം അനുവദിച്ച ദിവസം ഏതെന്ന് സൂപ്രണ്ട് ഇ-പ്രിസണ്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തണം. ഏഴ് ദിവസത്തിനുള്ളില്‍ മോചനം സാധ്യമായില്ലെങ്കില്‍ ഇക്കാര്യം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിക്കുകയും ജാമ്യം ലഭിച്ചയാള്‍ക്ക് നിയമസഹായം ലഭ്യമാക്കുകയും വേണം.
ഇ-പ്രിസണ്‍ സോഫ്റ്റ്‌വെയറില്‍ ജാമ്യം അനുവദിച്ച തീയതിയും മോചനദിവസവും സ്വമേധയാ രേഖപ്പെടുത്തുംവിധം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ക്രമീകരണങ്ങള്‍ വരുത്തണം. ജാമ്യം ലഭിച്ചയാളുടെ സാമ്പത്തിക സ്ഥിതി മോശമാണെങ്കില്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവു തേടി ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം. ജാമ്യത്തുകയും മറ്റും സംഘടിപ്പിക്കാന്‍ പുറത്തിറങ്ങേണ്ട ആവശ്യമുണ്ടെന്ന് കാണിച്ച് അപേക്ഷ നല്‍കിയാല്‍ താല്‍ക്കാലിക ജാമ്യം പരിഗണിക്കാവുന്നതാണ്.
ഒരു മാസത്തിനുള്ളില്‍ ജാമ്യവ്യവസ്ഥ പാലിച്ചിട്ടില്ലെങ്കില്‍ കോടതിക്ക് ഇളവോ മാറ്റമോ അനുവദിക്കാമെന്നും ആള്‍ജാമ്യം എന്ന വ്യവസ്ഥ ആവശ്യമെങ്കില്‍ ഒഴിവാക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."