അമൃത്പദ്ധതി അട്ടിമറിക്കാന്‍ ഭരണസമിതിയിലെ സീനിയര്‍ കൗണ്‍സിലര്‍മാരുടെ ശ്രമമെന്ന് ആരോപണം
പാലക്കാട്: പാലക്കാട് നഗരസഭയുടെ സ്വപ്നപദ്ധതിയായ അമൃത്പദ്ധതി അട്ടിമറിക്കാന്‍ ഭരണസമിതിയിലെതന്നെ സീനിയര്‍ കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നതായി ബി.ജെ.പിയിലെ ചില കൗണ്‍സിലര്‍മാരുടെ ആരോപണം. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പാലക്കാട് നഗരസഭ നടപ്പാക്കുന്ന അമൃത് പദ്ധതിയില്‍ 75.3 കോടി രൂപയാണ് വിവിധ വികസന പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ പാലക്കാട് നഗരസഭ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് നഗരസഭയിലെ സീനിയര്‍ കൗണ്‍സിലറും കഴിഞ്ഞ നിയമസഭയിലേക്ക് മത്സരിച്ച് വോട്ടു മറിച്ചുവിറ്റുവെന്ന് ആരോപണ വിധേയനുമായ വ്യക്തിയാണ് നീക്കം നടത്തുന്നതെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ശുദ്ധജല വിതരണ മേഖലയില്‍ 30.87 കോടി, മലിനജല സംസ്‌കരണത്തിന് 22.59, മഴവെള്ള നിര്‍മാര്‍ജനത്തിന് 12.80 കോടിയും വകയിരുത്തിയിരിക്കുന്നു. നഗരഗതാഗതത്തിന് 7.53 കോടിയും പാര്‍ക്കുകള്‍ക്ക് 1.51 കോടിയും ഉള്‍പ്പടെ 75.3 കോടിയാണ് അമൃത് പദ്ധതിയില്‍ ചെലവഴിക്കുന്നതിന് പാലക്കാട് നഗരസഭ ലക്ഷ്യം വയ്ക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരനും, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറും അറിയിച്ചിരുന്നു.
ഇന്നലെ ചേര്‍ന്ന അമൃത് പദ്ധതി വികസന യോഗത്തില്‍ നിന്നും സീനീയര്‍ കൗണ്‍സിലര്‍ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. പാലക്കാട് നഗരസഭയുടെ വികസന മുഖ്യമുദ്രയായ അമൃത് പദ്ധതിയുമായി മുന്നിട്ടിറങ്ങുമെന്നും വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ അമൃത് പദ്ധതി ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അമൃത് പദ്ധതിയുള്‍ക്കൊള്ളുന്ന മിനുട്‌സ് പാസാക്കുകയും ചെയ്തതായി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."