രാഷ്ട്രീയപ്പകയുടെ പത്മവ്യൂഹത്തില്‍ അഭിമന്യുമാര്‍
കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുക്കില്‍പീടികയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സി.പി.എം പ്രവര്‍ത്തകരാല്‍ കുത്തേറ്റു മരിച്ചതിന് പിന്നാലെ, മറ്റൊരു രാഷ്ട്രീയക്കൊലപാതകവും കൂടി കേരളത്തിന്റെ മണ്ണ് ചുവപ്പിച്ചു. ഇടുക്കിയിലെ വട്ടവട സ്വദേശിയും മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ ദാരുണമായ അന്ത്യം മലയാളി മനസില്‍നിന്ന് മായുംമുന്‍പേയാണ് ആലപ്പുഴയിലെ മറ്റൊരു അഭിമന്യു കൂടി രാഷ്ട്രീയപ്പകയുടെ കൊലക്കത്തിക്കിരയായിരിക്കുന്നത്. രണ്ട് പേരും വിദ്യാര്‍ഥികളായിരുന്നു. ജീവിതത്തിന്റെ പച്ചപ്പ് തേടിയുള്ള യാത്രയുടെ ആരംഭത്തില്‍ തന്നെ, അവര്‍ക്ക് കൊലക്കത്തിക്കിരയായി യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
മഹാഭാരതത്തിലെ അര്‍ജുനന്റെ മകനായ അഭിമന്യുവിനെ ആസൂത്രിതമായി പത്മവ്യൂഹം തീര്‍ത്താണ് കൗരവസേന കൊലപ്പെടുത്തിയതെങ്കില്‍, മഹാരാജാസ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിലും ആസൂത്രിതമായ ഗൂഢാലോചന നടത്തിയാണ് കൃത്യം നിര്‍വഹിച്ചതെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. വട്ടവടയില്‍ നിന്നും അഭിമന്യുവിനെ കോളജ് കാംപസിലേക്ക് വിളിച്ചുവരുത്തി കൊന്നുകളയുകയായിരുന്നു എതിരാളികള്‍. കോളജിലെത്തി അര മണിക്കൂറിനകം അഭിമന്യൂ കൊല ചെയ്യപ്പെട്ടതില്‍ നിന്നുതന്നെ രാഷ്ട്രീയ എതിരാളികള്‍ തീര്‍ത്ത പത്മവ്യൂഹത്തില്‍പ്പെടുകയായിരുന്നു വട്ടവടയിലെ അഭിമന്യു എന്ന് വ്യക്തമായിരുന്നു. 2018ല്‍ കഴിഞ്ഞ ഈ ദാരുണ സംഭവത്തിന്റെ ഓര്‍മ മായുംമുന്‍പേയാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മറ്റൊരു അഭിമന്യുവും കൊലചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടിയിരുന്ന അഭിമന്യുവിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്ന കാഴ്ച ആരുടേയും കണ്ണുകള്‍ നനയിപ്പിക്കുന്നതായിരുന്നു.
ആലപ്പുഴ വള്ളികുന്നം പടയണി വെട്ടത്ത് ഉത്സവത്തിനിടയിലെ സംഘര്‍ഷത്തില്‍ കുത്തേറ്റാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും പതിനഞ്ചുകാരനുമായ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു കൊല ചെയ്യപ്പെട്ടത്. അഭിമന്യുവിന്റെ സുഹൃത്തുക്കളായ കാശിനാഥന്‍, ആദര്‍ശ് എന്നിവര്‍ക്കും പരുക്കേറ്റു. പ്രതിയെന്നു സംശയിക്കുന്ന സഞ്ജയ് ജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഞ്ജയ് ജിത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. അല്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയില്‍ സഞ്ജയ് ജിത്ത് ആര്‍.എസ്.എസ് ശാഖാ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് അവരുടെ വാദമുഖങ്ങളെ നിരര്‍ഥകമാക്കി. സഹോദരനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ അനന്തുവിനോടുള്ള മുന്‍വൈരാഗ്യമാണത്രേ മുന്നില്‍ കിട്ടിയ അഭിമന്യുവിനെ കൊലചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. നേരത്തെ രണ്ട് തവണ സഞ്ജയ് ജിത്തിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ആര്‍.എസ്.എസിന്റെ മയക്കു മരുന്നുമാഫിയക്കെതിരേ സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിരന്തരം പ്രതികരിക്കുന്നുണ്ടെന്നും ഇതിന്റെ പ്രതികാരമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും സ്ഥലത്തെ സി.പി.എം നേതൃത്വം ആരോപിക്കുന്നു. എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും ജീവിതം എന്താണെന്ന് തിരിച്ചറിയും മുന്‍പേയാണ് ഇളംപ്രായത്തിലുള്ള ഒരു കൗമാരക്കാരന്‍ പകയുടെ കൊലക്കത്തിക്കിരയായിരിക്കുന്നത്. കൊലപാതകമാണ് ആര്‍.എസ്.എസിന്റെ രാഷ്ട്രീയഅജന്‍ഡ. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല ഇവര്‍ കൊന്നുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ആശയങ്ങള്‍ക്കെതിരേ എഴുതുന്നവരെയും സംസാരിക്കുന്നവരെയും ഇവര്‍ കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പ്രാര്‍ഥനകളാല്‍ വിശുദ്ധമാക്കേണ്ട അമ്പലമുറ്റങ്ങളെ പ്രതിയോഗികളുടെ നെഞ്ചിലേക്ക് എങ്ങനെ കഠാര കുത്തിയിറക്കണമെന്ന് ആര്‍.എസ്.എസുകാരെ പരിശീലിപ്പിച്ച്, ക്ഷേത്രാങ്കണങ്ങളെ അശുദ്ധമാക്കുകയാണിവര്‍. വിശ്വാസികളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഫാസിസ്റ്റ് രാഷ്ടീയത്തിന്റെ വളര്‍ച്ചയ്ക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരേ ശബ്ദിക്കുന്ന ഹൈന്ദവ സഹോദരന്മാരെയും എതിര്‍ ആശയക്കാരെയും കൊല്ലാനുള്ള പരിശീലന കളരിയായി ദുരുപയോഗപ്പെടുത്തുകയാണിവര്‍ ക്ഷേത്ര മുറ്റങ്ങളെ. വിഷു ആഘോഷത്തിനിടയില്‍ പോലും കഠാരയുമായി അമ്പലത്തില്‍ വരാന്‍ ആര്‍.എസ്.എസുകാര്‍ക്ക് ഒരു മനഃശ്ചാഞ്ചല്യവും ഇല്ലെന്നാണ് അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ ആര്‍.എസ്.എസ് പുറം ലോകത്തോട് പറയുന്നത്.
കൊലപാതകങ്ങളുടെ കാര്യത്തില്‍ സി.പി.എമ്മും വിഭിന്നമല്ല. മാര്‍ക്‌സിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെ സൗഹൃദവലയത്തില്‍പോലും പെടുത്താന്‍ പാടില്ലെന്നും അവരെ ശത്രുക്കളായി തന്നെ കാണണമെന്നും വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് സി.പി.എം. കേരളത്തിന്റെ ശാന്തിക്കുമേല്‍ സദാസമയവും സംഘര്‍ഷത്തിന്റെയും പ്രകോപനങ്ങളുടെയും അശാന്തി പടര്‍ത്തുന്നതില്‍ സി.പി.എമ്മും ആര്‍.എസ് എസും തുല്യരാണ്. ആത്മീയാചാര്യന്‍ എന്ന് പറയപ്പെടുന്ന ശ്രീ.എമ്മിന്റെ അനുരഞ്ജന ചര്‍ച്ചയുടെ ഫലമായി കണ്ണൂര്‍ ജില്ലയില്‍ സി.പി.എം-ബി.ജെ.പി കൊലപാതകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം ഉണ്ടായിട്ടുണ്ടെങ്കിലും മറ്റുള്ളവരെ കൊല്ലുന്നതില്‍നിന്ന് ബി.ജെ.പിയും സി.പി.എമ്മും പിന്മാറിയിട്ടില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണല്ലൊ കണ്ണൂര്‍ ജില്ലയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം.
കേരളത്തിലെ എഴുപത്തിയഞ്ച് ശതമാനം ആളുകളും കക്ഷിരാഷ്ട്രീയത്താല്‍ ബന്ധിതരാണ്. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണം ആര്‍ക്ക് നല്‍കണമെന്ന് ഈ ന്യൂനപക്ഷമാണ് നിര്‍ണയിക്കുന്നതെങ്കിലും കക്ഷിരാഷ്ട്രീയ കൊലപാതങ്ങള്‍ക്കെതിരേ എന്ത് ചെയ്യാന്‍ കഴിയുമെന്നതില്‍ അവര്‍ നിസഹായരാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃതലത്തില്‍ ഉണ്ടാകുന്ന ഗൂഢാലോചനകളുടെ അനന്തരഫലങ്ങളാണ് അഭിമന്യുമാരെ കൊലയ്ക്ക് കൊടുക്കുന്ന പത്മവ്യൂഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ചാവേറുകള്‍ കൊല്ലപ്പെടുകയല്ലാതെ അണിയറയില്‍ ഇരുന്നു ചരട് വലിക്കുന്ന നേതൃത്വം കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നില്ല. അപരനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, അനുയായിയുടെ കൈയില്‍ കഠാര കൊടുത്തുവിടുന്ന രാഷ്ട്രീയ നേതാവിന്റെ കൈകളില്‍ എന്നു വിലങ്ങ് വീഴുന്നുവോ അന്ന് മാത്രമേ കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്ക് കേരളത്തില്‍ അന്ത്യം കുറിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."