ഖത്തർ ഒരുങ്ങി തന്നെ; റയലിനെ പരിശീലിപ്പിച്ച കാർലോസ് ക്വീറോസ് പുതിയ കോച്ച്
ഖത്തർ: റയൽമാഡ്രിഡ് ഉൾപ്പെടെയുള്ള വമ്പൻ യൂറോപ്യൻ ക്ലപ്പുകളെ പരിശീലിപ്പിച്ച കാർലോസ് ക്വീറോസിനെ ഖത്തർ പുതിയ കോച്ചായി നിയമിച്ചു. പരിചയ സമ്പന്നനായ കാർലോസ് ക്വീറോസ് ഖത്തറിന്റെ പരിശീലകനാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്നാണ് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫെലിക്‌സ് സാഞ്ചസിന്റെ പകരക്കാരനായാണ് പോർച്ചുഗീസുകാരനായ ക്വീറോസിന്റെ വരവ്. കാർലോസ് ക്വീറോസ് ആണ് അൽ അന്നാബിയുടെ പുതിയ മുഖ്യ പരിശീലകനെന്നും തങ്ങളുടെ ദേശീയ ടീമിനൊപ്പം പോർച്ചുഗീസ് കോച്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പിലെ ദയനീയ പ്രകടനത്തിന് തൊട്ടുപിന്നാലെ കോച്ച് ഫെലിക്‌സ് സാഞ്ചസുമായുള്ള കരാർ ഖത്തർ അവസാനിപ്പിച്ചിരുന്നു. ആതിഥേയരായ ഖത്തറിന് ലോകകപ്പിൽ ഒരുവിജയം പോലും നേടാനായിരുന്നില്ല. നെതർലൻഡിനോടും (2- 0), ഇക്വഡോറിനോടും (2- 0), സെനഗലിനോടും (1- 3) ഖത്തർ പരാജയപ്പെട്ടിരുന്നു. ഏഴുഗോളുകൾ വഴങ്ങിയ ഖത്തർ, ഒരൊറ്റ ഗോൾ മാത്രമാണ് അടിച്ചത്.
പോർച്ചുഗൽ ദേശീയ ടീം കോച്ചായിരുന്ന ക്വീറോസ് ഈജിപ്ത്, കൊളംബിയ, ദക്ഷിണാഫ്രിക്ക, യു.എ.ഇ ദേശീയ ടീമുകളുടെയും പരിശീലകനായിരുന്നു. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്റെയും പോർത്തുഗീസ് ലീഗിലെ സ്‌പോർട്ടിങ് സി.പിയുടെയും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. റയലിന്റെയും മഞ്ചസ്റ്റർ യുനൈറ്റഡിന്റെയും അസിസ്റ്റന്റ് കോച്ചായും പവർത്തിച്ചിട്ടുണ്ട്.
1989ലും 1991ലും പോർച്ചുഗൽ അണ്ടർ 20 ടീമിനെ ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചാണ് ക്വീറോസ് പരിശീലക കരിയറിന് തുടക്കമിടുന്നത്. 2014, 2018, 2022 ലോകകപ്പുകളിൽ ഇറാൻ യോഗ്യത നേടിയത് ക്വീറോസിന് കീഴിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."