'ഇന്ധനത്തില്‍ കത്തി സഭ'; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനയില്‍ നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. ഹോസ്റ്റലില്‍ നിന്നും പ്രകടനമായാണ് എം.എല്‍.എ മാര്‍ നിയമസഭയിലെത്തിയത്. സഭാനടപടികള്‍ തുടങ്ങിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള നിര്‍ത്തി വെച്ച് 47 മിനിറ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സര്‍ക്കാറിന് ജനങ്ങളോട് പുച്ഛമാണെന്നും സെസ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സഭാനടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതിനിടെ പ്രതിപക്ഷ പ്രതിഷേധം ഇന്ന് സഭാടിവിയില്‍ കാണിച്ചില്ല.
അതേസമയം, ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ സമരം ശക്തമാക്കാന്‍ തന്നെയാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. ചോദ്യോത്തര വേളയുടെ തുടക്കം മുതല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. നാല് യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യഗ്രഹ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കും. ഉപധനാഭ്യര്‍ഥനകള്‍ പാസാക്കി ഇന്ന് പിരിയുന്ന സഭ 27 നാണ് വീണ്ടും സമ്മേളിക്കുന്നത്. അതുകൊണ്ടുതന്നെ എംഎല്‍എമാരുടെ സഭയിലെ സത്യഗ്രഹവും ഇന്ന് അവസാനിപ്പിക്കും. സഭയ്ക്ക് പുറത്ത് ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇന്ധന സെസ് വര്‍ധനവ് പിന്‍വലിക്കാത്ത നിലപാടില്‍ വിശദീകരണം നല്‍കി പ്രതിഷേധം തണുപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍.ഡി.എഫ് തയ്യാറെടുക്കുന്നത്. എന്നാല്‍ പ്രതിഷേധം സി.പി.എം ആരംഭിക്കാനിരിക്കുന്ന ജാഥയെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.
സംസ്ഥാനം രണ്ട് രൂപ ഇന്ധന സെസ് കൂട്ടിയപ്പോള്‍ എല്ലാ ജില്ലകളിലും കടുത്ത പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രതിപക്ഷം, കേന്ദ്രം വില കൂട്ടിയ ഘട്ടത്തില്‍ എല്ലാം പരസ്യ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാതെ ഒഴിഞ്ഞ് മാറിയെന്നാണ് എല്‍.ഡി.എഫ് പ്രതിരോധം. ഇതില്‍ ഊന്നി ഇന്ധന സെസിനെ ന്യായീകരിക്കാനാണ് ഇടത് മുന്നണി തീരുമാനം.
നിലവിലെ എല്ലാ സാമ്പത്തിക പ്രശനങ്ങള്‍ക്കും കാരണം കേന്ദ്രം ആണെന്ന പകുതി വസ്തുത സ്ഥാപിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ നികുതി പിരിച്ചെടുക്കല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍, ഉടനെ ആരംഭിക്കാന്‍ പോകുന്ന സി.പി.എം ജാഥയെ ബാധിക്കുമോ എന്നാശങ്ക ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പിഴിയുകയല്ലേ എന്ന ചേദ്യത്തിന് സി.പി.എമ്മിന് ജാഥയില്‍ മറുപടി പറയേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."