ബജറ്റ് മാറി വായിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി; പ്രതിഷേധത്തിനിടെ സഭ നിര്‍ത്തിവച്ചു, തെറ്റുപറ്റിയതല്ലെന്ന് ഗെലോട്ട്
ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബജറ്റ് അവതരണത്തിനിടെ അബദ്ധത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വായിച്ചുതുടങ്ങിയതായി ആരോപണം. ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞു. ബജറ്റ് പകര്‍പ്പ് വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരക്കിട്ടതോടെ ബജറ്റ് സാങ്കേതികമായി ചോര്‍ന്നതായി ബി.ജെ.പി അംഗങ്ങള്‍ ആരോപിച്ചു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബജറ്റ് അവതരണം തടഞ്ഞു. സ്പീക്കര്‍ സി.പി ജോഷി ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സഭ നിര്‍ത്തിവെച്ചു. 2023-24 കാലത്തെ ബജറ്റിന് പകരം 2022-23 കാലത്തെ ബജറ്റ് വായിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍, കൃഷി എന്നിവയെക്കുറിച്ചുള്ള മുന്‍ ബജറ്റില്‍ നിന്നുള്ള ഉദ്ധരണികള്‍ ഗെലോട്ട് വായിച്ചു. ആദ്യ രണ്ട് പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറന്‍സിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വച്ചതാണെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് ഗെലോട്ടിന്റെ വിശദീരണം. ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും നിസാരമായ രാഷ്ട്രീയ ആരോപണം കൊണ്ട് ബജറ്റ് തടയാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പാദ്യം, ആശ്വാസം, പുരോഗതി എന്നതാണ് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ പ്രമേയം.
ബജറ്റ് പരിശോധിക്കാതെയും വായിക്കാതെയുമാണ് മുഖ്യമന്ത്രി എത്തിയതെന്ന് ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ കുറ്റപ്പെടുത്തി. എട്ട് മിനിറ്റോളം മുഖ്യമന്ത്രി പഴയ ബജറ്റ് വായിച്ചെന്നും ഇത് ചരിത്രത്തില്‍ ആദ്യമാണെന്നും അവര്‍ പറഞ്ഞു. ഞാനും ഒരു മുഖ്യമന്ത്രിയായിരുന്നു. ഞാന്‍ രണ്ടോ മൂന്നോ തവണ ബജറ്റ് വായിക്കുമായിരുന്നു. എല്ലാം പരിശോധിക്കുമായിരുന്നു. ഇത്തരത്തിലുള്ള രേഖകള്‍ പരിശോധിക്കാതെയും വായിക്കാതെയും സഭയിലേക്ക് കൊണ്ടുവന്ന്, പഴയ ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്ന് ഈ സംസ്ഥാനം എത്രത്തോളം ഈ മുഖ്യമന്ത്രിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം', വസുന്ധര രാജെ പറഞ്ഞു.
ബജറ്റ് അവതരണത്തിന് മുമ്പു തന്നെ നാലഞ്ചു കൈകളിലൂടെ കടന്നുപോയെന്നത് ഗുരുതരമായ പിഴവാണെന്നും മുഖ്യമന്ത്രിയല്ലാതെ മറ്റാരും ബജറ്റ് കോപ്പി കൊണ്ടുവരാന്‍ പാടില്ലെന്നും ഛബ്രയില്‍ നിന്നുള്ള എം.എല്‍.എയായ ബി.ജെ.പിയുടെ പ്രതാപ് സിംഗ്വി പറഞ്ഞു. മുഖ്യമന്ത്രി പുതിയ ബജറ്റ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വര്‍ഷാവസാനം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ബജറ്റ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഊന്നല്‍ നല്‍കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്നും ഗെലോട്ട് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."