വില്‍സ്മിത്തിന് ഓസ്കാറില്‍ പങ്കെടുക്കുന്നതില്‍ 10 വര്‍ഷത്തെ വിലക്ക്
ലോസ് ആഞ്ജലസ്: ഓസ്കാര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നടന് വില്‍സ്മിത്തിന് പത്ത് വര്‍ഷത്തേക്ക് വിലക്ക്. 2022 ഏപ്രില്‍ എട്ട് മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുന്‍പാണ് സ്മിത്തിനെതിരായ നടപടി.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സിന്റെ ബോര്‍ഡ് ഓഫ് ഗവണേഴ്സ് യോഗമാണ് വില്‍ സ്മിത്തിന് വിലക്കേര്‍പ്പെടുത്തിയത്.
അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാന്‍ സ്മിത്തിനെ അനുവദിക്കില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സി.ഇ.ഒ ഡോണ്‍ ഹഡ്സണും വെള്ളിയാഴ്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അക്കാദമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് ശേഷം വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചിരുന്നു.
വില്‍ സ്മിത്തിന്റെ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇതില്‍ പ്രകോപിതനായ വില്‍ സ്മിത് വേദിയിലെത്തി അവതാരകനോട് ക്ഷോഭിക്കുകയും മുഖത്ത് തല്ലുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വില്സ്മിത്തിനെതിരേ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."