ഏഴ് വയസ്സു മുതല്‍ തുടങ്ങിയ നോമ്പ് പിടിത്തം, പ്രായം നൂറ് കടന്നിട്ടും ഒന്നു പോലും വിടാതെ സ്വാതന്ത്ര്യ സമര സേനാനി ബേക്കര്‍
കായംകുളം: നൂറ്റി ഒന്നാം വയസ്സിന്റെ നിറവിലും പ്രാര്‍ഥനാനിരതമായ മനസ്സോടു കൂടി റമദാനെ ധന്യമാക്കുകയാണ്
കായംകുളം ചേരാവള്ളി സൗഹൃദത്തില്‍ ബേക്കര്‍. ഏഴ് വയസ്സ് മുതല്‍ നോമ്പ് പിടിക്കാന്‍ തുടങ്ങിയ ബേക്കര്‍ ഇതു വരെ ഒന്നുപോലും മുടക്കിയിട്ടില്ല. ഖുര്‍ആല്‍ ഓതികൊടുത്തും ഹദീസുകള്‍ പറഞ്ഞും കൊച്ച് മക്കളോടൊപ്പം സമയം ചിലവഴിക്കുകയാണ് ബേക്കര്‍. വയസ്സ് നൂറ്റി ഒന്ന് ആയിട്ടും റമദാനില്‍ 27 ആകുമ്പോള്‍ ഒരു ഖത്തം തീര്‍ക്കല്‍ പതിവാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്. തീക്ഷ്ണാനുഭവങ്ങളുടെ കലവറ തന്നെയായിരുന്നു ബേക്കറുടെ ജീവിതം. പടിപ്പുരയ്ക്കല്‍ വീട്ടില്‍ ഖാളിയാരുടെയും മൈമൂനത്തിന്റെയും മകനായി 1922 ല്‍ ജനനം. വര്‍ണ്ണാകുലര്‍ മിഡില്‍ സ്‌കൂളില്‍ (ഇന്നത്തെ ബോയ്‌സ് സ്‌കൂള്‍ ) പഠിയ്ക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തെക്കന്‍ കേരളം ദിവാന്‍ ഭരണത്തിലായിരുന്നു. അങ്ങനെയിരിയ്‌ക്കേ മേല്‍ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ ആഹ്വാനം ചെയ്തു കൊണ്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകൃതമായി. ആ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായത് ബേക്കര്‍ ആയിരുന്നു.
1938 കാലം. ദിവാന്‍ ഭരണത്തിനെതിരായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സമരം കൊടുമ്പിരിക്കൊള്ളുന്നു. കൂട്ടത്തില്‍ കൗമാരക്കാരനായ ഒരു വിദ്യാര്‍ത്ഥി പൊലീസ് മര്‍ദ്ദനമേറ്റ് നിലത്തു വീണു. തുടര്‍ന്ന് ലോക്കപ്പില്‍ ആക്കുകയും ചെയ്തു. ലോക്കപ്പില്‍ കഴിയവേ ആഹാരം ഉപേക്ഷിച്ചതു കണ്ട പൊലീസ് സമരമെന്ന് കരുതി ബേക്കറിനോട് ദേഷ്യപ്പെട്ടു. വിദ്യാര്‍ത്ഥി ആയ ബേക്കര്‍ പറഞ്ഞു സര്‍ സമരമല്ല എനിക്ക് നോമ്പാണ്.
രാജ്യം സ്വാതന്ത്ര്യം നേടുകയും അധികാരദുരയോടെ കൂടുതല്‍ ആളുകള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളിലേക്ക് കടന്നു വരികയും ചെയ്തതോടെ മനം മടുത്ത ബേക്കര്‍ അക്കാലത്ത് നിരോധിയ്ക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗത്വമെടുത്തു.1951ല്‍ കായംകുളം മുനിസിപ്പാലിറ്റിയിലേക്ക് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചിരുന്നു. നഗരസഭയില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു.1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെ സജീവ രാഷ്ട്രീയം ഉപേക്ഷിയ്ക്കുകയും ചെയ്തു.
നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ചുള്ള ഈ സ്വാതന്ത്ര്യസമരസേനാനി തന്റെ ജീവിതത്തെ പരുവപ്പെടുത്തിയത് വ്രതനിഷ്ഠയാണെന്ന് അടിവരയിടുന്നു. കായംകുളം ടൗണ്‍ പള്ളിയില്‍ പതിനൊന്ന് വര്‍ഷം സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട് ബേക്കര്‍ സാഹിബ്. അക്കാലത്തെ പള്ളി ഇമാം മര്‍ഹും ഹസന്‍കുഞ്ഞ് മുസ്‌ലിയാര്‍ ആയിരുന്നു.
പഴയ കാലത്ത് ഒരു റാത്തല്‍ ഇറച്ചിയ്ക്ക് നാലുചക്രം ആയിരുന്നുവെന്ന് ബേക്കര്‍ സാഹിബ് ഓര്‍ത്തെടുക്കുന്നു. പെരുന്നാളിന് മാത്രം സുഭിക്ഷ ഭക്ഷണം. റമദാനില്‍ ടൗണ്‍ പള്ളിയിലേക്ക് സേട്ടിന്റെ വക കഞ്ഞി കൊടുത്തയക്കുമായിരുന്നുവത്രേ.നേര്‍ച്ച മൗലിദ് നടത്തുമ്പോള്‍ ബേക്കറിന്റെ പിതാവ് പള്ളികളിലേക്ക് ഭക്ഷണം നല്‍കിയിരുന്നതായും ബേക്കര്‍ പറഞ്ഞു. ജീവിതകാലത്തുടനീളം നന്മയും വിശുദ്ധിയും കൈമുതലാക്കി പൊതു പ്രവര്‍ത്തനം നടത്തിയ അപൂര്‍വ്വം വ്യക്തികളിലൊരാളാണ് ബേക്കര്‍ ഭാര്യ : റുഖിയ. എട്ടു മക്കളുണ്ട്. ഇളയ മകന്‍ മുബാറക്കിന്റെ കൂടെയാണ് ഇപ്പോള്‍ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."