അരീക്കോട്ട് പൊലിസുകാരനെ കാണാതായി; മേലുദ്യോഗസ്ഥൻ്റെ പീഡനമെന്ന് കത്ത്
അരീക്കോട് (മലപ്പുറം)
അരീക്കോട് സ്പെഷൽ ഒപ്പറേറ്റിങ് ഗ്രൂപ്പ് ക്യാംപിലെ പൊലിസുകാരനെ കാണാതായി. വടകര സ്വദേശി പുരക്കൊഴിയിൽ മുബഷിറിനെയാണ് (35) കാണാതായത്.
മേലുദ്യോഗസ്ഥൻ്റെ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് പോകുന്നതെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ഇയാൾ ക്യാംപിൽ നിന്നും പോയത്.
വെള്ളിയാഴ്ച ഉച്ചക്ക് ക്യാംപിലെ എല്ലാ അംഗങ്ങളേയും വിളിച്ചുവരുത്തിയപ്പോഴാണ് മുബഷിറിനെ കാണാതായ വിവരം അറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 5.45ന് തന്നെ ഇയാൾ ക്യാംപിൽനിന്ന് പുറത്തുപോയതായി അരീക്കോട് പൊലിസ് പറഞ്ഞു.
സ്വന്തം ബുള്ളറ്റിലാണ് മുബഷിർ ക്യാംപിൽ നിന്ന് പുറത്തുപോയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പൊലിസ് അന്വേഷണം തുടരുകയാണ്.
വടകരയിലെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.
ക്യാംപിലെ പൊലിസുകാരൻ വിളിച്ചപ്പോൾ മുബഷിർ ഫോണെടുത്തിരുന്നു. ഇയാൾ തമിഴ്‌നാട്ടിലെ സേലത്തുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം.
ഒരു പൊലിസുകാരന്റെ നിസ്സഹായത എന്ന പേരിലുള്ള കുറിപ്പിൽ ക്യാംപിലെ അസി. കമാൻഡര്‍ക്കെതിരേയാണ് മുഖ്യമായും പരാതി ഉന്നയിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ നിസ്സഹായനായി സങ്കടവും പരിഭവവുമില്ലാതെ പോകുകയാണെന്നും കത്തിലുണ്ട്. ഞാനോടെ തീരണം ഇതെല്ലാമെന്നും ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മുബഷിറിൻ്റെ കുറിപ്പിലുണ്ട്.
ക്യാംപിലെ അസി. കമാൻഡര്‍ അജിത്ത് കുമാറിൻ്റെ പരാതിയിലാണ് അരീക്കോട് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ നാലര വര്‍ഷമായി അരീക്കോട് ക്യാംപിലെ ഉദ്യോഗസ്ഥനാണ് മുബഷിർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."