വരുന്നൂ, കോട്ടൂരിലും ആന ആംബുലൻസുകൾ
തിരുവനന്തപുരം
ആനകളെ പുനരധിവാസ, ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേക ആംബുലൻസ് നിർമിക്കാനൊരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. രണ്ട് ആംബുലൻസ് ട്രക്കുകളാണ് ഒരുക്കുന്നത്.
അശോക് ലെയ്ലാൻഡിന്റെ പുതിയ ട്രക്ക് ഷാസിയിലാണ് ട്രക്ക് ആംബുലൻസുകൾ നിർമിക്കുക. ഷാസിയും ബോഡിയും ഉൾപ്പെടെ ഏകദേശം 35 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡ്രൈവറെ കൂടാതെ സഹായിക്കും ട്രക്കിന്റെ മുൻവശത്ത് ഇരിക്കാൻ സൗകര്യമുണ്ടാകും. ആനകളെ നിർത്തിക്കൊണ്ടു പോകാനുള്ള സൗകര്യത്തിലാണ് ബോഡി നിർമിക്കുക. ആനയ്ക്കരികിൽ പാപ്പാനും ഇരിപ്പിടമുണ്ടാകും. ആനയ്ക്ക് വെള്ളം നൽകാൻ വാട്ടർ ടാങ്കും മരുന്നുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. നിലവിൽ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ് ആനകൾക്കായി ആംബുലൻസ് ട്രക്കുകളുള്ളത്. ഇവിടെയുള്ള രണ്ട് ആംബുലൻസ് ട്രക്കുകൾ വടക്കൻ ജില്ലകളിലെ സേവനത്തിനും ഉപയോഗിക്കാറുണ്ട്. ആന ആംബുലൻസ് വരുന്നത് വന്യജീവി സംഘർഷങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന തെക്കൻ ജില്ലകൾക്ക് കൂടുതൽ സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."