സഹിഷ്ണുതയുടെ മതപാഠങ്ങൾ
അൻവർ സ്വാദിഖ്
ഫൈസി താനൂർ
മദീനയിലെ അൻസ്വാരികളിൽ പ്രമുഖനാണ് ഹുസ്വൈൻ. ബനൂ സാലിം ബിൻ ഔഫ് ഗോത്രക്കാരൻ. ഇസ് ലാമിനെയും പ്രവാചകനെയും വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ഇസ് ലാമിന്റെ വളർച്ച നന്നായി ആഗ്രഹിച്ച വ്യക്തി. പക്ഷേ, അദ്ദേഹത്തിന്റെ രണ്ടു മക്കളും ക്രിസ്ത്യാനികളാണ്. ആ പിതാവിനെ അത് വല്ലാതെ പ്രയാസപ്പെടുത്തി. മക്കൾ ഇസ്‌ലാം സ്വീകരിക്കാനുള്ള വഴികളോരോന്നും അന്വേഷിച്ചു. അവരെ മുസ്‌ലിംകളാകാൻ നിർബന്ധിച്ചാലോ എന്ന് ആലോചിച്ചു.
വിവരം പ്രവാചക സദസ്സിലെത്തി ഹുസ്വൈൻ അവതരിപ്പിച്ചു. മക്കളെ എങ്ങനെയെങ്കിലും മതം മാറ്റണം. അതിന് അവരിൽ സമർദം ചൊലുത്തണം. നിർബന്ധിക്കണം... അദ്ദേഹത്തിന്റെ ആവശ്യം മുഹമ്മദ് നബി(സ) കേട്ടു . എന്തു മറുപടി പറയണമെന്നറിയാതെ പ്രവാചകൻ ദിവ്യസന്ദേശത്തിനായി കാത്തിരുന്നു. അപ്പോഴാണ് ഖുർആനിലെ ഈ വചനം അവതരിക്കുന്നത്; 'മതത്തിന്റെ കാര്യത്തിൽ ബലപ്രയേഗമേ ഇല്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു' (ഖുർആൻ: 256).
ഈ വചനം ഇറങ്ങിയതോടെ ആ പിതാവിന് സ്വന്തം പദ്ധതികളിൽ നിന്ന് പിന്തിരിയേണ്ടി വന്നു. ഇതാണ് ഇസ്‌ലാമും ഖുർആനും. സ്വന്തം മക്കളെ നിർബന്ധമതപരിവർത്തനത്തിന് വിധേയമാക്കാൻ ശ്രമിച്ച പിതാവിനെ പിന്തിരിപ്പിച്ച ആദർശം. ഇവിടെ ആരെയും നിർബന്ധിക്കലില്ല. അതില്ലാതെ തന്നെ ആർക്കും ഉൾക്കൊള്ളാവുന്ന മനോഹരമായ ആശമാണ് ഇസ് ലാം. ഖുർആനിന്റെ ഈ സമീപനമാണ് മുസ്‌ലിം സമൂഹം എല്ലായിടത്തും സ്വീകരിച്ചത്.
മനുഷ്യത്വത്തെ ആദ്യം പരിഗണിക്കണമെന്നും അതിൽ വിവേചനം അരുതെന്നും പഠിച്ച മതം. അതിന്റെ പിൽക്കാല ഉദാഹരണമാണ് ഉമറുൽ ഫാറൂഖ് (റ).
ഖലീഫ ഉമറിന്റെ അടിമയാണ് അസഖ്. ആൾ മുസ്‌ലിം അല്ല, ക്രസ്ത്യാനിയാണ്. ഒരിക്കൽ അദ്ദേഹം ഖലീഫയുടെ അടുക്കൽ ഒരു സഹായം അഭ്യർഥിച്ചു ചെന്നു. ഭരണകാര്യങ്ങളിൽ മുഴുവൻ ശ്രദ്ധയും വന്നതോടെ, കച്ചവടം നിലച്ചു വരുമാനം മുട്ടിയ സമയം. രണ്ടു നേരത്തെ ഭക്ഷണം പൊതു ഖജനാവിൽ നിന്ന് എടുക്കാൻ അലി(റ)യെ പോലുള്ളവർ പറഞ്ഞതുകൊണ്ട് പട്ടിണി കിടക്കുന്നില്ലെന്നു മാത്രം.
'നിന്നെ സഹായിക്കാൻ കൈയിൽ ഒന്നുമില്ല. നീ പറഞ്ഞ ആവശ്യത്തിന് പൊതുഖജനാവിൽ ഫണ്ടും ഇല്ല. പക്ഷേ, മതപരമായ ഉദ്ദേശ്യത്തോടെ മുസ് ലിംകൾക്കു മാത്രം നീക്കിവെച്ച പണമുണ്ട്. അത് നിനക്ക് ഇപ്പോൾ തരാൻ സാധിക്കുകയില്ല. നീ മുസ് ലിം ആവുകയാണെങ്കിൽ അതു തരാം...' ഉമർ(റ) പറഞ്ഞു.
അസഖിന് മതം മാറുന്നത് ഇഷ്ടമായില്ല. ഖലീഫ ആ വിസമ്മതത്തെ എതിർത്തില്ല. 'ഇസ് ലാം മതത്തിൽ ആരെയും നിർബന്ധിക്കൽ ഇല്ല... സ്വീകരണവും തിരസ്‌കരണവും നിന്റെ താൽപര്യം...' എന്നു പറഞ്ഞു ഖലീഫ അയാളെ ആശ്വസിപ്പിച്ചു. അവസാനം അസഖിനോട് പറഞ്ഞു; 'നിന്നെ ഞാൻ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നു. അതാണ് നിനക്കു വേണ്ടി എനിക്ക് ചെയ്യാനാവുന്ന ഉപകാരം. ഇനി നിനക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകാം..'
ഇതാണ് ഇസ്‌ലാം. സഹിഷ്ണുതയുടെ ഈ പാഠങ്ങളാണ് ഇസ്‌ലാമിനെ കൂടുതൽ ജനകീയമാക്കി മാറ്റിയത്. ഇന്നു ലോക ജനസംഖ്യയുടെ നാലിൽ ഒന്ന് ഇസ് ലാം വിശ്വാസികളായത് ഈ സഹിഷ്ണുതയുടെ വഴിയിൽ മുസ്‌ലിംകൾ ഉറച്ചു നിന്നപ്പോൾ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."