ഗതാഗതകുരുക്കിലമര്‍ന്നു നഗരം
കാസര്‍കോട്: ഒച്ചിഴയും വേഗത്തില്‍ നടക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണത്തെ തുടര്‍ന്നു നഗരത്തില്‍ ഗതാഗതകുരുക്കു രൂക്ഷം. രാവിലെ മുതല്‍ വൈകുന്നേരം വരെ നഗരത്തില്‍ ഗതാഗതകുരുക്കു രൂക്ഷമാണ്. പൊലിസിന്റെ ഇടപെടല്‍ സമയോചിതമായി ഇല്ലാത്തതാണു കുരുക്കു മുറുകാന്‍ കാരണമെന്നു യാത്രക്കാര്‍ ആരോപിക്കുന്നു. നവീകരണം നടക്കുന്നതിനാല്‍ പുതിയ ബസ് സ്റ്റാന്‍ഡിലേക്കു ബസുകള്‍ കയറുന്നില്ല.
ഇതേ തുടര്‍ന്ന് എല്ലാ ഭാഗത്തേക്കും പോകേണ്ട ബസുകളും പുതിയ ബസ് സ്റ്റാന്‍ഡിന്റെ കവാടത്തിലാണു നിര്‍ത്തിയിടുന്നത്. നഗരം ചുറ്റി സര്‍വിസ് നടത്തുന്ന ബസുകള്‍ ഗതാഗതകുരുക്കിനെ തുടര്‍ന്നു മിക്കപ്പോഴും തോന്നുന്നിടത്തു സര്‍വിസ് അവസാനിപ്പിക്കുകയാണ്. ഇതോടെ യാത്രക്കാര്‍ വലയുകയാണ്. ദേശീയപാതയിലും പുതിയ ബസ് സ്റ്റാന്‍ഡ് പഴയ ബസ് സ്റ്റാന്‍ഡ് റോഡിലും ഗതാഗതകുരുക്ക് ഒഴിഞ്ഞ സമയമില്ല. പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തിയായാല്‍ ഒരു പരിധിവരെ ഗതാഗതകുരുക്കിനു പരിഹാരമുണ്ടാകും. എന്നാല്‍ ഈ ജോലി എന്നു തീരുമെന്ന് ഒരു ഉറപ്പുമില്ല.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കൃത്യതയോടെയാണ് പണി നടക്കുന്നത്. ഓണം-പെരുന്നാള്‍ ആഘോഷത്തിന്റെ തിരക്കു കൂടി നഗരത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ നഗരത്തില്‍ നിന്നുതിരിയാന്‍ ഇടമുണ്ടാകില്ല.
45 ലക്ഷം രൂപ ചെലവിലാണു നവീകരണം നടത്തുന്നത്. പൂര്‍ണമായും ഗതാഗതയോഗ്യമായാല്‍ മാത്രമേ ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കൂവെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നതെങ്കില്‍ ഒരുമാസം കൂടി വേണ്ടിവരും പണി പൂര്‍ത്തികരിക്കാന്‍. അടിയന്തിരമായി റോഡുകളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചു ഗതാഗതകുരുക്കിനു പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."