കണ്ണീർപ്പാടങ്ങളിൽ കർഷകർക്ക് നഷ്ടപ്പെടുന്നത് കിടപ്പിടങ്ങൾ
ശക്തമായ വേനൽമഴയിൽ നെൽകൃഷി നശിച്ച തിരുവല്ല നിരണം സ്വദേശി രാജീവന്റെ ആത്മഹത്യ സംസ്ഥാനത്തെ കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ദുരിതങ്ങളുടെ നേർക്കാഴ്ചയാണ്. മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്നവരാണ് കേരളത്തിലെ കർഷകരിൽ ഏറെയും. എന്നാൽ, കാലം തെറ്റിയെത്തുന്ന പേമാരി കർഷകരുടെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കർഷകരുടെ പാടങ്ങളെ കണ്ണീർപ്പാടങ്ങളാക്കുന്നത്. വിളവെടുക്കാൻ കഴിയാതെ അതവരുടെ കിടപ്പാടങ്ങളെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കടുത്ത വേനലിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കനത്ത മഴയിലും കാറ്റിലും കോടികളുടെ കൃഷിനാശമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യത്തെ കൃഷിനാശത്തിലുണ്ടായ നഷ്ടം പരിഹരിക്കാനായിരുന്നു ഇത്തവണ ബാങ്കുകളിൽ നിന്നും സഹകരണ സംഘം സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് രാജീവ് കൃഷി ചെയ്യാൻ ഒരുങ്ങിയത്. സ്വന്തമായി ഉണ്ടായിരുന്ന മൂന്നേക്കറിലും പാട്ടത്തിനെടുത്ത അഞ്ചേക്കറിലുമായിരുന്നു നെൽകൃഷി ചെയ്തത്. കൊയ്തെടുക്കാൻ പ്രായമായിക്കൊണ്ടിരിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് എത്തിയ കനത്ത മഴ രാജീവന്റെ പ്രതീക്ഷകളത്രയും കണ്ണീരിൽ മുക്കിയത്.
ഇത് കുട്ടനാട്ടിലെ മുഴുവൻ കർഷകരും അനുഭവിക്കുന്ന ദുരിതങ്ങളാണ്. വേനൽമഴ മുമ്പും ഉണ്ടാകാറുണ്ടെങ്കിലും കാലവർഷത്തെ അനുസ്മരിപ്പിക്കുമാറ് അവ ദിവസങ്ങളോളം കനത്ത കാറ്റോടു കൂടി ഉണ്ടാകാറില്ല. ആയിരക്കണക്കിന് വാഴകളും തെങ്ങുകളും റബർ മരങ്ങളും കടപുഴകി വീഴുകയും കുരുമുളകും തോട്ടവിളകളും നെൽകൃഷിയാകെയും വെള്ളത്തിൽ മുങ്ങിനശിക്കുകയും ചെയ്യുമ്പോൾ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്നവരുടെ വഴിയാണ് അടയുന്നത്. കിടപ്പാടങ്ങളുടെ ആധാരങ്ങൾ ഈടായി നൽകിയാണ് കർഷകർ കാർഷിക വായ്പകൾ എടുത്ത് കൃഷിയിൽ മുതലിറക്കുന്നത്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കനത്ത മഴയും ചിലപ്പോൾ കടുത്ത വെയിലും കൊടുങ്കാറ്റും വമ്പിച്ച നാശം വരുത്തുമ്പോൾ, ബാങ്കുകളിലെ വായ്പകളുടെ പലിശ അടവുകൾ പോലും മുടങ്ങുന്നു. കുന്നുകൂടുന്നത് പോലുള്ള പലിശ പോലും തിരിച്ചടക്കാനാവാതെ വരുമ്പോൾ കർഷകരുടെ കിടപ്പാടങ്ങളാണ് ബാങ്കുകൾ ജപ്തി ചെയ്യുന്നത്. കൃഷിനാശം സംഭവിക്കുന്നവർക്ക് സർക്കാർ ധനസഹായം നൽകുമെന്ന് പറയുകയല്ലാതെ യഥാർഥ നഷ്ടത്തിന്റെ കാൽ ഭാഗം പോലും കൊടുക്കാറില്ല. ആത്മഹത്യ ചെയ്ത രാജീവന് കഴിഞ്ഞ പ്രാവശ്യമുണ്ടായ ലക്ഷങ്ങളുടെ നഷ്ടത്തിന് പരിഹാരമായി വെറും 2,000 രൂപയാണ് നൽകിയതെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ കണ്ണീരോടെയാണ് പറഞ്ഞത്.
പരിസ്ഥിതി നാശത്തിലൂടെ കേരളം കഴിഞ്ഞ വർഷങ്ങളായി കനത്ത കാലാവസ്ഥാ മാറ്റത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരുടെ വീടുകളും കൃഷിയും നശിച്ചു. പലർക്കും നാമമാത്രമായ നഷ്ടപരിഹാരമാണ് കിട്ടിയത്. പലരും ഇപ്പോഴും താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നു. മുതിർന്നവരുടെ തൊഴിലുകളും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുകയാണ് ഓരോ വർഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ.
ലോകം മുഴുവനും കാലാവസ്ഥാമാറ്റത്തിന് വിധേയമാവുന്നുണ്ടെങ്കിലും കേരളത്തിൽ അത്തരം പ്രത്യാഘാതങ്ങൾ വളരെ രൂക്ഷമായ തോതിലാണ് ഉണ്ടാകുന്നത്. കടലിലേക്ക് തൂങ്ങിക്കിടക്കുന്ന ഒരു മൺതിട്ടയോട് വേണമെങ്കിൽ കേരളത്തെ ഉപമിക്കാം. ഈ കൊച്ചു ഭൂമിയിലാണ് കൂറ്റൻ പദ്ധതികൾക്കായി കുന്നുകൾ ഇടിച്ചു നിരപ്പാക്കിക്കൊണ്ടിരിക്കുന്നതും. അരുവികളും തോടുകളും ചതുപ്പുനിലങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നതും. നികത്തപ്പെടുന്ന സ്ഥലങ്ങളിൽ കൂറ്റൻ കെട്ടിടങ്ങൾ ഉയരുമ്പോൾ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുകയും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും. അങ്ങനെയും കൃഷിനാശം സംഭവിക്കുന്നു. പശ്ചിമഘട്ടങ്ങളിലെ കൈയേറ്റങ്ങളും ക്വാറികളുടെ വർധനവും കേരളത്തിന്റെ കാലാവസ്ഥയിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. താൻ നിർദേശിച്ച പരിഹാര മാർഗങ്ങൾ നടപ്പിൽ വരുത്തിയിരുന്നെങ്കിൽ കേരളത്തിൽ പ്രളയങ്ങൾ സംഭവിക്കുകയില്ലായിരുന്നുവെന്നാണ് മാധവ് ഗാഡ്ഗിൽ രണ്ടാമത്തെ പ്രളയത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
കൃഷി നാശം സംഭവിച്ചവർക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകുമെന്ന്, രാജീവന്റെ ആത്മഹത്യയെ പരാമർശിച്ച് കൃഷി മന്ത്രി പി. പ്രസാദ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ അതൊന്നും സംഭവിക്കാറില്ല. കഴിഞ്ഞ തവണത്തെ കൃഷിനാശത്തിനു പരിഹാരമായി വെറും 2,000 രൂപയാണ് രാജീവിന് സർക്കാർ നൽകിയത്. സർക്കാർ നഷ്ടപരിഹാരം മതിയായ രീതിയിൽ നൽകുന്നില്ല. കർഷകർക്ക് കടം കിട്ടാൻ വേറെ വഴിയുമില്ല. മൂക്കറ്റം കടത്തിൽ മുങ്ങുന്ന രാജീവനെപ്പോലുള്ള നിസ്സഹായരായ കർഷകർ ഒടുവിൽ ആത്മഹത്യയിലാണ് അഭയം കണ്ടെത്തുന്നത്. കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് ഇൻഷുറൻസ് വ്യവസ്ഥ പുതുക്കുമെന്നും മന്ത്രി പറയുന്നു. കടം കയറി മുടിഞ്ഞ രാജീവൻ പാടവരമ്പത്തെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി മരിക്കണമായിരുന്നോ ഇത്തരമൊരു പ്രസ്താവനയ്ക്ക്.
അഞ്ചു വർഷത്തിനിടെ 25 കർഷകരാണ് കേരളത്തിൽ ജീവനൊടുക്കിയത്. കർഷക ആത്മഹത്യകളിൽ ഏറെയും നടന്നത് 2019 ലായിരുന്നു. 2019 ഓഗസ്റ്റിലെ പ്രളയത്തെ തുടർന്നാണ് 12 കർഷകർ ജീവനൊടുക്കിയത്. ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതിനാലാണ് ജപ്തി ഭയന്ന് ഇത്രയും കർഷകർ ജീവനൊടുക്കിയത്. കേരളത്തിൽ കർഷക ആത്മഹത്യ ഇല്ലാതായെന്ന പിണറായി സർക്കാരിന്റെ അവകാശവാദത്തിന്റ മുനയൊടിക്കുന്നതാണ് ഇത്രയും ആത്മഹത്യകൾ. അതിൽ അവസാനത്തേതാണ് തിരുവല്ല നിരണം രാജീവന്റേത്.
വേനൽ മഴയിലും കനത്ത കാറ്റിലും 261.190 കോടി രൂപയുടെ കൃഷി നാശമാണ് സംസ്ഥാനത്തുണ്ടായത്. 316.03 ഹെക്ടർ നെൽകൃഷി രാജീവ് ജീവനൊടുക്കിയ പത്തനംതിട്ട ജില്ലയിൽ മാത്രം നശിച്ചു. 5.80 കോടി രൂപയുടെ കൃഷി നാശവുമുണ്ടായി. ഈ നഷ്ടമെല്ലാം സർക്കാർ എന്നാണ് നികത്തിക്കൊടുക്കുക. നഷ്ടപരിഹാരം നൽകാനാണെങ്കിൽ സർക്കാരിന്റെ കൈയിൽ പണവുമില്ല. ഇതുവരെ 10 കോടിയിലേറെ രൂപ കൃഷിനാശം സംഭവിച്ചവർക്ക് നൽകാനുണ്ട്. കേന്ദ്രാവിഷ്കൃത വിള ഇൻഷുറൻസിലൂടെയും സംസ്ഥാന വിള ഇൻഷുറൻസിലൂടെയുമാണ് ഈ തുക കർഷകർക്ക് കിട്ടേണ്ടത്. അത് ഇതുവരെ കൊടുത്ത് തീർത്തിട്ടില്ല.
കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കൃഷി മന്ത്രി പി. പ്രസാദ് കഴിഞ്ഞ ദിവസം വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റൊരു കർഷക ആത്മഹത്യകൂടി സംഭവിക്കുന്നതിന് മുമ്പ് അടിയന്തര നഷ്ടപരിഹാരം നൽകാൻ കൃഷി മന്ത്രിതന്നെ മുൻകൈയെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."