പ്ലസ്ടു വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍ മൂല്യനിർണയം 'മത്സര'മാക്കി വിദ്യാഭ്യാസ വകുപ്പ് ഒരു ക്യാംപിൽ 75ഉം 51ഉം പേപ്പറുകൾ നോക്കാൻ ഓഫർ
സ്വന്തം ലേഖിക
കോഴിക്കോട്
പ്ലസ് ടു ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ഓഫറുകൾ നൽകി വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ ജീവിതം പന്താടുന്നതായി ആക്ഷേപം. മൂല്യനിര്‍ണയം വേഗത്തിലാക്കാന്‍ ഒരു അധ്യാപകന് ഒരു ദിവസം 51ഉം 75ഉം ഉത്തരക്കടലാസുകൾ നോക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. കൂടുതൽ ഉത്തരക്കടലാസുകൾ നോക്കുന്നവർക്ക് അധിക പ്രതിഫലവും നൽകും. ഇത് കൃത്യമായ മൂല്യനിർണത്തിന് തടസം വരുത്തുമെന്നാണ് അധ്യാപകർ തന്നെ പറയുന്നത്.
ഒരു ദിവസം പരമാവധി ബോട്ടണി-സുവോളജി വിഷയങ്ങള്‍ 75 പേപ്പര്‍ വരെയും, മറ്റു വിഷയങ്ങള്‍ 51 എണ്ണവും മൂല്യനിര്‍ണയം നടത്താം. അധ്യാപകര്‍ക്ക് ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഈ വര്‍ഷം 26ല്‍ നിന്നും 34 ആയി വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് അധികം പേപ്പറുകള്‍ നോക്കാൻ സന്നദ്ധരാവുന്നവര്‍ക്ക് കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് മൂല്യ നിര്‍ണയത്തെ ഗുരുതരമായി ബാധിക്കുമെന്നും അധ്യാപകര്‍ പറയുന്നു. ഇത്തവണ ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ എന്നിങ്ങനെ രണ്ടു തരത്തിലാണ് ചോദ്യങ്ങള്‍ ഉള്ളത്. മൂല്യനിര്‍ണയത്തിലും ഇത് രണ്ടും പ്രത്യേകം പ്രത്യേകമായി തന്നെ പരിഗണിക്കണം. ഒരു ദിവസത്തെ ക്യാംപില്‍ മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചതു തന്നെ മൂല്യനിര്‍ണയത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപവും മുൻപ് ഉയര്‍ന്നിരുന്നു. ഒരോ ചോദ്യത്തിനും ചെലവഴിക്കാന്‍ കഴിയുന്ന സമയം ഗണ്യമായി കുറയും. ഉത്തരങ്ങള്‍ കൃത്യമായി വായിച്ചുനോക്കാതെ അധ്യാപകര്‍ മാര്‍ക്കിടുന്നതിലേക്കായിരിക്കും നയിക്കുക. ഇത് വിദ്യാര്‍ഥികളുടെ ഫലത്തെ പ്രതികൂലമായി ബാധിക്കാനും വിജയശതമാനം കുറയാനും ഇടയാക്കും. മാത്രമല്ല കഴിഞ്ഞ തവണ പ്ലസ് വണ്‍, ഡിഗ്രി പ്രവേശനത്തിന് യോഗ്യത നേടിയ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ആവശ്യമായ അത്രയും സീറ്റുകൾ അനുവദിക്കുന്നതിന് പകരം വിജയശതമാനം കുറച്ച് സീറ്റ് അപര്യാപ്ത ഇല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് വകുപ്പ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."