സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം 25ന്
കാസര്‍കോട്: വൈദ്യുതിയുടെ കാര്യത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്വയംപര്യാപ്തമായി. സൗരോര്‍ജ്ജ പ്ലാന്റുപയോഗിച്ചാണ് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സൗരോര്‍ജ്ജ പ്ലാന്റുപയോഗിച്ച് ഒരു സര്‍ക്കാര്‍ ഓഫിസ് ഈ നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ജില്ല നേരിടുന്ന രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം കണക്കിലെടുത്താണ് പ്ലാന്റ് സ്ഥാപിച്ചത്. ഇതിനായി 15 കെ.വി സൗരോര്‍ജ്ജ പ്ലാന്റാണ് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. 25 വര്‍ഷമാണ് പ്ലാന്റിന്റെ കാലാവധി. 15.25 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒന്നരമാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കമ്മിഷന്‍ ചെയ്ത പ്ലാന്റില്‍ നിന്ന് ഇതിനകം 9,800 യൂനിറ്റ് വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഗ്രിഡിലേക്കു നല്‍കിയതായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ പറഞ്ഞു. ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റ് ആണിത്. ബാറ്ററി അധിഷ്ഠിത പ്ലാന്റിനു മൂന്നു വര്‍ഷത്തിനകം ബാറ്ററി മാറ്റേണ്ടതിനാല്‍ ചെലവ് കൂടും.
മതിയായ സൂര്യപ്രകാശം ലഭക്കുന്ന തെളിഞ്ഞ കാലാവസ്ഥയില്‍ ഇവിടെ 15 കെ.വി വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവിഷ്‌കരിച്ച പദ്ധതിയാണിത്.
വിവിധ വകുപ്പുകളുടെ അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതി ആരംഭിക്കാന്‍ വൈകിയത്. കെ.എസ്.ഇ.ബിയുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ സര്‍ട്ടിഫിക്കറ്റും പദ്ധതിയ്ക്കു ലഭിച്ചു. കെ.എസ്.ഇ.ബിയുടെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും സംയുക്ത പരിശോധനയ്ക്കു ശേഷമാണ് പദ്ധതി ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ മുഴുവന്‍ ഊര്‍ജ ആവശ്യങ്ങളും നിറവേറ്റാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുളള മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സൗരോര്‍ജ്ജ പാനല്‍ സംവിധാനം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം 25നു രാവിലെ 10നു എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി ബഷീര്‍ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."