വിപ്രോയിൽ ജോലിക്ക് കയറാനിരുന്നവർക്ക് എട്ടിന്റെ പണി; വാഗ്ദാനം ചെയ്ത ശമ്പളം കുത്തനെ കുറച്ചു
ബംഗളൂരു: അമ്പതിനായിരം രൂപക്ക് മുകളിൽ പ്രതിമാസ ശമ്പളം പ്രതീക്ഷിച്ചവർക്ക് കടുത്ത നിരാശ നൽകി വിപ്രോ കമ്പനി. പുതുതായി തെരഞ്ഞെടുത്ത ജീവനക്കാർ ട്രെയിനിങ് പൂർത്തിയാക്കി ജോലിക്ക് കയറുന്നതിന് മുമ്പാണ് ശമ്പളം കുത്തനെ കുറച്ചതായുള്ള അറിയിപ്പ് വന്നത്. പുതിയ അറിയിപ്പ് പ്രകാരം പ്രതിമാസ ശമ്പളം മുപ്പത്തിനായിരത്തിൽ താഴെയായിരിക്കും.
പ്രതിവർഷം 6.5 ലക്ഷം രൂപ ശമ്പളം നൽകുമെന്നായിരുന്നു വിപ്രോ ജോലിക്ക് കയറുന്നതിന് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ട്രെയിനിങ് പൂർത്തിയാക്കി ജോലിക്ക് കയറുന്നതിന് മുൻപായി കമ്പനി തീരുമാനം മാറ്റി. പ്രതിവർഷം 3.5 ലക്ഷം മാത്രമേ നൽകാനാവുവെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചത്.
ഇമെയിലിലൂടെ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് മുന്നിൽ 3.5 ലക്ഷമെന്ന പാക്കേജ് കമ്പനി അവതരിപ്പിക്കുകയായിരുന്നു. ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവരെ അഭിനന്ദിച്ച വിപ്രോ 3.5 ലക്ഷം പ്രതിവർഷ ശമ്പളത്തിന് കമ്പനിയിൽ ജോലിക്ക് കയറാൻ താൽപര്യമുള്ളവർ ഇമെയിലിനൊപ്പമുള്ള ഗൂഗ്ൾ ഫോം പൂരിപ്പിച്ച് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആവശ്യകതയിലുണ്ടായ കുറവും സാമ്പത്തിക മാന്ദ്യമുണ്ടാവാനുള്ള സാഹചര്യവും മുൻനിർത്തിയാണ് വിപ്രോ ശമ്പളം കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."