ഒന്നാം റാങ്കും രണ്ടാം റാങ്കും ഉൾപ്പെടെ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ മൂന്നും ഇന്ത്യൻ താരങ്ങൾ
ഇന്ത്യക്ക് നേട്ടവുമായി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പുതിയ ഐ.സി.സി റാങ്കിങ് പട്ടിക പുറത്തിറക്കി. ഏറ്റവും പുതിയ റാങ്കിങ് ലിസ്റ്റ് പ്രകാരം ആദ്യ അഞ്ച് ഓൾറൗണ്ടർമാരുടെ സ്ഥാനങ്ങളിൽ മൂന്ന് പേരും ഇന്ത്യൻ താരങ്ങളാണ്. ഇതിൽ തന്നെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്. രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ചത്.
ഐ.സി.സി റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയാണ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ആയ ജഡേജക്ക് നിലവിൽ 460 പോയിന്റുകളാണ് ഉള്ളത്. 376 പോയിന്റുകളുമായി രവിചന്ദ്ര അശ്വിനാണ് രണ്ടാം സ്ഥാനത്തുള്ളത്. 283 പോയിന്റുകളുള്ള അക്ഷർ പട്ടേൽ അഞ്ചാം സ്ഥാനത്താണ്.
ബംഗ്ലാദേശിന്റെ ശാക്കിബുൽ ഹസനാണ് 326 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് 320 പോയിന്റോടെ നാലാം സ്ഥാനത്താണ്. മിച്ചൽ സ്റ്റാർക് (265) ആറാം സ്ഥാനത്തുമുണ്ട്.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കരുത്തരായ ആസ്ത്രേലിയയെ തകർത്തെറിഞ്ഞ സന്തോഷത്തിനിടെയാണ് പുതിയ ഐ.സി.സി റാങ്കിങ് പ്രഖ്യാപിച്ചത്. ടീം ഇന്ത്യക്ക് ഒരു മത്സരം കൂടി സ്വന്തമാക്കിയാൽ പരമ്പര നേടുകയും ഒപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."