രാജ്യത്തെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവത്തിന് സമ്മോഹന്‍ തിരുവനന്തപുരം വേദിയാവും. 2023 ഫെബ്രുവരി 25, 26 തീയതികളില്‍ ഒരുക്കുന്ന 'സമ്മോഹന്‍' ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് കാമ്പസിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ 25ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായിരിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലായി പതിനഞ്ചോളം വേദികളിലായാണ് 'സമ്മോഹനം' നടക്കുന്നത്.
ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണം സാധ്യമാക്കുന്ന ഭിന്നശേഷി ഉച്ചകോടിയായാണ് 'സമ്മോഹന്‍' വിഭാവനം ചെയ്തിരിക്കുന്നത്.
കേന്ദ്രസംസ്ഥാന സാമൂഹ്യനീതി വകുപ്പുകളും ഡിഫറന്റ് ആര്‍ട് സെന്ററും ചേര്‍ന്നൊരുക്കുന്ന ഭിന്നശേഷി കലോത്സവത്തിന് കേരളം ആദ്യവേദിയാകുന്നത് കേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭിക്കുന്ന വലിയൊരു അംഗീകാരമാണ്.
അപാരമായ കഴിവുകള്‍ ഉള്ളിലുള്ളപ്പോഴും സമൂഹത്തില്‍ പൊതുവില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഭിന്നശേഷി സമൂഹം. സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്താനും അവര്‍ക്ക് തുല്യനീതി ഉറപ്പാക്കാനുമാണ് 'സമ്മോഹന്‍' ഉച്ചകോടി. ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുത്താനും, സഹതാപത്തിനു പകരം അവരെ ചേര്‍ത്തുപിടിക്കാനും സമൂഹത്തിന് അനുശീലനം നല്‍കുകയെന്നതും 'സമ്മോഹന്‍' ലക്ഷ്യമിടുന്നു.
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസിനു കീഴിലുള്ള ഒമ്പത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും 'സമ്മോഹനി'ല്‍ പങ്കെടുക്കും. കലോത്സവത്തിന് മാറ്റുകൂട്ടി, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിമേഖലയിലെ വിശിഷ്ട വ്യക്തികളുടെ കലാപ്രകടനങ്ങളും മെഗാ പരിപാടികളും അരങ്ങേറും. കര്‍ണ്ണാടക, ഒറീസ്സ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭിന്നശേഷി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വീല്‍ ചെയര്‍ ഡാന്‍സ്, ഒഡീസി സംഘനൃത്തം, ഗുജറാത്തി നൃത്തം, ഡാന്‍ഡിയ നൃത്തം എന്നിവ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളാകും.
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
'സമ്മോഹന്‍' ആസ്വദിക്കാന്‍ ആയിരത്തില്‍പ്പരം കാണികള്‍ ഈ ദിനങ്ങളില്‍ എത്തും. ഭിന്നശേഷി സമൂഹത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ പരിചയപ്പെടുത്തലും, ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും 'സമ്മോഹനി'ല്‍ ഉണ്ടാവും. ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധരുടെ സേവനവും പങ്കാളിത്തവും ഇതിനായൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."