നോമ്പുകാലത്തോട് പൂതിനിറച്ച് അനുഗൃഹീത ദിനരാത്രങ്ങൾ
വെള്ളിപ്രഭാതം
വേങ്ങൂർ സ്വലാഹുദ്ദീൻ റഹ്‌മാനി
നമ്മുടെ വീട്ടിൽ, നാട്ടിൽ ഏറെ സ്‌നേഹിക്കുന്ന, ആദരിക്കുന്ന അതിഥി വരുന്നുവെന്ന് കരുതുക. അതിഥി സുഹൃത്താകാം, ബന്ധുവാകാം, ഗുരുവാകാം, നേതാവാകാം, രാഷ്ട്രത്തലവനാകാം. അതിഥിയുടെ സ്ഥാനവും മാനവുമനുസരിച്ച് നമ്മുടെ തയാറെടുപ്പുകൾക്ക് ജാഗ്രത കൂടും. എത്രനേരത്തെ തുടങ്ങാനാകുമോ അത്രയും നേരത്തെ ആസൂത്രണങ്ങൾ തുടങ്ങും. മനസും ശരീരവും അറിയാതെ അതിന്റെ ആലോചനകളിലും അനക്കങ്ങളിലുമായി സദാ വ്യാപൃതമാകും. പഴുതടച്ച തയാറെടുപ്പുകൾ നടത്തും. അതിഥിയെ സ്വീകരിക്കുന്നതിൽ വല്ല പാളിച്ചകളും സംഭവിച്ചാൽ മനസ് നോവും. ഇത് മനുഷ്യന്റെ സ്വാഭാവികതയാണ്.
11 മാസങ്ങൾക്കൊടുവിൽ അതിഥിയായെത്തുന്ന അനുഗൃഹീത മാസമാണല്ലോ വിശുദ്ധ റമദാൻ. ആണ്ടിലൊരിക്കൽ കടന്നുവരുന്ന അതിഥിയുടെ വരവറിയിച്ച് തൊട്ടുമുമ്പുള്ള രണ്ടുമാസങ്ങളെ അവൻ മഹത്വപ്പെടുത്തി; റജബും ശഅബാനും. അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ, വ ബല്ലിഗ്‌നാ റമദാൻ എന്ന പ്രാർഥനയിലൂടെ രണ്ടുമാസം മുൻപേ അതിഥിയെ മനസിൽകൊണ്ടു നടക്കുന്നു വിശ്വാസി. ഇതാ അതിഥി വരാനായെന്നു മനസിനെ സദാ തോന്നിപ്പിക്കുന്നു നിരന്തരം ആ പ്രാർഥന. നോമ്പെടുത്തും ധ്യാനനിമഗ്‌നരായും പ്രാർഥിച്ചും റജബും ശഅ്ബാനും സമ്പന്നമാക്കുന്ന വിശ്വാസിസമൂഹം മനസും ശരീരവും പരിസരവുമൊക്കെ വെടിപ്പാക്കി നോമ്പുകാലത്തോട് പൂതിവച്ചു നടന്നടുക്കുന്നു. പരിശുദ്ധ റമദാന് ഉണർവും ഉന്മേഷവുമേകുകയാണ് അപ്പോൾ റജബും ശഅ്ബാനും. രണ്ടു മാസങ്ങളുടെയും മഹത്വവും സവിശേഷതകളും വിശ്വാസി മനസിനെ റമദാനിന്റെ പടിവാതിലിലെത്തിക്കുന്നു. പരിശുദ്ധ മാസത്തിന്റെ വിശുദ്ധിക്ക് വ്യക്തമായൊരു മുഖവുരയാണ് യഥാർഥത്തിൽ റജബും ശഅ്ബാനും.
റമദാനിനെ ആദരിക്കാനാണ് ശഅ്ബാൻ മാസത്തെ ഇത്രയധികം പുണ്യമാക്കിയതെന്നതാണ് നേര്. അനസ്(റ) പറയുന്നു: ഒരിക്കൽ നബി(സ്വ)യോട് ചോദിച്ചു: റമദാൻ നോമ്പ് കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് ഏതാണ്? നബി പറഞ്ഞു: ശഅ്ബാൻ. റമദാനിനെ മഹത്വമാക്കാൻ വേണ്ടി. വീണ്ടും ചോദിച്ചു. ഏറ്റവും ശ്രേഷ്ഠമായ ധർമമെന്ത്? നബി പറഞ്ഞു: റമദാനിൽ കൊടുക്കുന്ന ധർമ്മം(തുർമുദി).
പുണ്യങ്ങളുടെ പൂക്കാലത്തെ പുഷ്‌കലമാക്കാൻ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ശഅ്ബാൻ മാസത്തിനു വിശിഷ്യാ പതിനഞ്ചാം രാവിന് വലിയ മഹത്വമാണുള്ളത്. ബറാഅത്ത് രാവ് എന്ന് പൊതിവിൽ അറിയപ്പെടുന്ന രാവാണത്.
നിസ്‌കാരത്തിൽനിന്ന് വിരമിച്ച നബി ആഇശ ബീവിയോട് ചോദിച്ചു: ആഇശാ! നീയുമായുള്ള കരാർ ലംഘിച്ചുവെന്ന് നീ എന്നെക്കുറിച്ച് ശങ്കിച്ചുപോയോ?' ആഇശ: 'ഇല്ലല്ലോ റസൂലേ.' 'പക്ഷേ, സുജൂദിന്റെ ദൈർഘ്യംകൊണ്ട് അങ്ങ് മരണപ്പെട്ടിരിക്കുമോ എന്ന് ഞാൻ ശങ്കിച്ചു.' നബി(സ്വ): 'ഈ രാവ് ഏതാണെന്ന് നിനക്കറിയുമോ?' ആഇശ: 'ഇല്ല'. നബി(സ്വ): ഇത് ശഅ്ബാൻ പതിനഞ്ചിന്റെ രാവാണ്. തന്റെ അടിമകളുടെ മേൽ അല്ലാഹു ഈ രാത്രി പ്രത്യക്ഷപ്പെടും. പാപമോചനം തേടുന്നവർക്ക് പൊറുത്തുകൊടുക്കും. കാരുണ്യം തേടുന്നവർക്ക് അവൻ കാരുണ്യം ചെയ്യും. പകവയ്ക്കുന്നവരെ അവൻ ഉപേക്ഷിക്കുകയും ചെയ്യും' (അത്തർഗീബ് 2-52)
നബി(സ്വ)ക്ക് തന്റെ ഉമ്മത്തിന് വേണ്ടി ശുപാർശ ചെയ്യാനുള്ള പൂർണാധികാരം നൽകപ്പെട്ടത് ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയായിരുന്നുവെന്നത് ഈ രാത്രിയുടെ മഹത്വത്തിന് മാറ്റ് കൂട്ടുന്നു. സർവ ജീവികളുടെയും ഒരു വർഷത്തെ ഭക്ഷണം, ആയുസ് എന്നിവ രേഖപ്പെടുത്തുന്നതും ബറാഅത്ത് രാവിന്റെ പ്രത്യേകതയാണ്. ഇബ്‌നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം: 'ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ എല്ലാം അല്ലാഹു വിധിക്കുകയും ലൈലത്തുൽ ഖദ്‌റിൽ അത് മാലാഖമാരിലേക്ക് ഏൽപ്പിക്കുകയും ചെയ്യും'(ജമൽ 7-118). 'നിശ്ചയം നാം ഇതിനെ (ഖുർആനിനെ) അനുഗൃഹീത രാവിലാണ് അവതരിപ്പിച്ചത്. നാം മുന്നറിയിപ്പ് നൽകുന്നവർതന്നെ. ആ രാത്രിയിലാണ് യുക്തിസഹമായ എല്ലാ കാര്യങ്ങളും വേർതിരിക്ക പ്പെടുന്നത്'(ദുഖാൻ -34).
ആദ്യസൂക്തത്തിൽ പരാമർശിച്ച 'ലൈലത്തുൽ മുബാറക് (അനുഗൃഹീത രാവ്) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് ശഅ്ബാൻ പതിനഞ്ചിന്റെ രാവാണെന്ന് വിഖ്യാത മുഫസ്സിർ ഇക്‌രിമ(റ) വ്യക്തമാക്കിയിട്ടുണ്ട്. ഒരുപറ്റം പണ്ഡിതന്മാർ ഈ അഭിപ്രായത്തോട് വിയോജിക്കുകയും ആ രാവ് ലൈലത്തുൽ ഖദ്‌റാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകൻ(സ്വ)യും സച്ചരിതരായ പിൻഗാമികളും ആദരിച്ച പതിനഞ്ചാം രാവിന്റെ മഹത്വത്തെ കേവലം ഒരഭിപ്രായഭിന്നതയുടെ പേരിൽ അവമതിക്കുകയും അനാദരിക്കുകയും പരഹസിക്കുകയും ചെയ്യുന്നത് വിവരക്കേടാണ്.
പ്രവാചകർ(സ്വ) ശഅ്ബാൻ മുഴുവനും നോമ്പും മറ്റു ആരാധനകളുമായി ജീവിതം ധന്യമാക്കിയിരുന്നുവെന്ന് ചില ഹദീസുകളിൽ കാണാം. മാത്രവുമല്ല, നമ്മുടെ പൂർവികർ റമദാനിനെ വരവേൽക്കാനുള്ള ആത്മീയബോധം നേടിയെടുത്തിരുന്നതും ശഅ്ബാനിലാണ്.
ശഅ്ബാനിന്റെ സമാഗതമോർത്ത് വീട്ടിലെ കുട്ടികൾപോലും ആത്മനിർവൃതിയടയുന്നു. ബറാഅത്ത് രാവിലെ നോമ്പും ചക്കരച്ചോറിന്റെ സമ്പന്നതയും അവരെ ഹർഷപുളകിതരാക്കുന്നു. ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ യാസീൻ ഓതാൻ പറയുന്ന വല്യുമ്മമാരും ആത്മാർഥമായി ഓതുന്ന കുട്ടികളും വീടകങ്ങളിലെ നിറഞ്ഞ കാഴ്ച്ചയാണ്.
ജീവിതയോട്ടങ്ങൾക്കിടയിൽ ഇത്തരം നിമിഷങ്ങളെയും രാവുകളും നാം മറക്കരുത്. ശഅ്ബാനിന്റെ പുണ്യനിമിഷങ്ങളെക്കുറിച്ചുള്ള നമ്മുടെ അശ്രദ്ധയെ കുറിക്കുന്നതാണ് പ്രവാചകൻ(സ്വ)യുടെ തിരുമൊഴികൾ. ഉസാമത്തുബ്‌നു സൈദ്(റ) നബി(സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പനുഷ്ഠിക്കുന്നതായി ഞാൻ അങ്ങയെ കണ്ടിട്ടില്ല? തിരുനബി(സ്വ) പറഞ്ഞു: റജബിനും റമദാനിനുമിടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന മാസമാണിത്. ലോകരക്ഷിതാവിലേക്ക് സുകൃതങ്ങൾ ഉയർത്തപ്പെടുന്ന മാസം. നോമ്പുകാരനായിരിക്കെ എന്റെ ആരാധനകൾ ഉയർത്തപ്പെടാൻ ഞാനാഗ്രഹിക്കുന്നു(നസാഈ).
ഇമാം തിർമുദി(റ)യും ഇബ്‌നു മാജ(റ)യും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക: ആഇശ(റ) പറഞ്ഞു: ഒരു രാത്രിയിൽ നബി(സ്വ)യെ ഞാൻ കണ്ടില്ല. പ്രവാചകർ(സ്വ) ജന്നത്തുൽ ബഖീഇൽ പോയി മരിച്ചവർക്ക് വേണ്ടി പ്രാർഥന നടത്തുകയായിരുന്നു അന്നേരം. തിരിച്ചുവന്ന് നബി(സ്വ) ചോദിച്ചു: നിന്റെ അവസരം ഞാൻ മറ്റുള്ളവരുടെ അടുക്കൽ ഉപയോഗപ്പെടുത്തിയെന്നാണോ നീ കരുതിയത്? ഞാൻ പറഞ്ഞു: തിരുദൂതരേ, താങ്കൾ മറ്റുഭാര്യമാരുടെ അടുക്കൽ പോയെന്നാണ് ഞാൻ കരുതിയത്. അപ്പോൾ നബി(സ്വ) പറഞ്ഞു: 'നിശ്ചയം ശഅ്ബാനിന്റെ പതിനഞ്ചാം രാവിൽ അല്ലാഹു ഭൂമിയോടടുത്ത ആകാശത്തേക്ക് കടന്നുവരും. കൽബ് ഗോത്രത്തിലെ ആടുകളുടെ മുടിയുടെ എണ്ണത്തേക്കാൾ അവൻ അടിമകൾക്ക് പൊറുത്തുകൊടുക്കുകയും ചെയ്യും(മിശ്കാത്ത്). ബൈഹഖി(റ)ന്റെ മറ്റൊരു ഹദീസിൽ കൽബ് ഗോത്രത്തിലെ ആടുകളുടെ മുടി എണ്ണമനുസരിച്ച് നരകമോചനം നൽകുമെന്നും പറയുന്നുണ്ട്. ബറാഅത്തിന് 'മോചനം' എന്നാണ് അർഥമെന്നും ഇവിടെ ശ്രദ്ധേയമാണ്
.
ബറാഅത്ത് രാവിൽ പ്രത്യേകം യാസീൻ സൂറത്ത് ഓതുന്ന പതിവ് വിശ്വാസിസമൂഹത്തിനുണ്ട്. ഭക്ഷണത്തിൽ വിശാലത, ദീർഘായുസ്, പാപമോചനം തുടങ്ങിയ പല ഉദ്ദേശ്യലക്ഷ്യങ്ങൾവച്ചും യാസീൻ ഓതൽ പണ്ട് മുതലേ നടപ്പുണ്ട്. ബറാഅത്ത് രാവിൽ ഇവയ്ക്ക് വേണ്ടി നിരന്തരം പ്രാർഥിക്കാൻ പല ഹദീസുകളിലും കാണാം. ഭക്ഷണ വിശാലതക്കും പാപമോചനത്തിനും മറ്റും ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ പ്രാർഥിക്കേണ്ടതിന്റെ ആവശ്യം നബി(സ്വ) ഉണർത്തുന്നുണ്ട്.
നബി(സ്വ) പറഞ്ഞു: ശഅ്ബാൻ പതിനഞ്ചായി കഴിഞ്ഞാൽ ആ രാവിൽ നിസ്‌കരിക്കുകയും പകൽ നോമ്പുകൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്യുക. കാരണം അല്ലാഹു സൂര്യാസ്തമയ സമയത്ത് ഭൂമിയോട് അടുത്ത ആകാശത്തേക്ക് ഇറങ്ങിവരും(ഐശ്വര്യവും കരുണയും ചൊരിയുമെന്നർത്ഥം). എന്നിട്ട് ഇങ്ങനെ പറയും: 'അറിയുക. വല്ല പാപമോചന കാംക്ഷിയുമുണ്ടെങ്കിൽ ഞാനവന് പൊറുത്ത് കൊടുക്കും. അറിയുക, ഭക്ഷണവിശാലത തേടുന്നവരുണ്ടെങ്കിൽ ഞാനവനത് നൽകും. അറിയുക. ബുദ്ധിമുട്ട്, അനുഭവിക്കുന്നുണ്ടെങ്കിൽ അവനെ സുഖപ്പെടുത്തും' ഇങ്ങനെ പ്രഭാതം വരെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്‌നുമാജ).
ഇതുപോലെ ആയുസ് നിശ്ചയിക്കുന്നതും ഈ മാസത്തിലാണെന്ന് ഹദീസ് വ്യക്തമാക്കുന്നു. ആഇശ(റ) പറയുന്നു: നബി(സ്വ) ശഅ്ബാൻ മുഴുവനും നോമ്പനുഷ്ഠിക്കുമായിരുന്നു. ഞാൻ ചോദിച്ചു: താങ്കൾ ശഅ്ബാനിൽ നോമ്പനുഷ്ഠിക്കാൻ എന്താണിത്ര കാരണം? പ്രവാചകർ(സ്വ) പറഞ്ഞു: നിശ്ചയം മരിക്കുന്നവരെ അല്ലാഹു തീരുമാനിക്കുന്നത് ഈ മാസത്തിലാണ്. നോമ്പുകാരനായിരിക്കെ എന്റെ അവധി എത്താൻ ഞാനാശിക്കുന്നു(തർഹീബ് വത്തർഹബ് 118/2).
റമദാൻ ഉൾകൊള്ളുന്ന മഹത്വത്തിന് മുഖവുര നൽകുകയാണ് യഥാർഥത്തിൽ റജബിലെയും ശഅ്ബാനിലെയും ഓരോ രാപകലുകളുമെന്ന് ചുരുക്കം. റമദാനിനോട് വ്യത്യസ്ത മാനസികാടുപ്പം സമ്മാനിക്കുന്നുണ്ട് ഈ മാസങ്ങൾ. അതിനാലാണ് പ്രസ്തുത മാസങ്ങളിൽ റമദാനെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."