'ഇ.പി തന്റെ വീട്ടിലല്ല വന്നത്, കെ.വി തോമസും ക്ഷണിച്ചിട്ട് വന്നതല്ല' ദല്ലാള്‍ ടി.ജി നന്ദകുമാര്‍
കൊച്ചി: ഇ.പി ജയരാജന് എത്തിയത് ക്ഷണിച്ചിട്ടല്ലെന്ന് വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാര്‍. ഇ.പി തന്റെ വീട്ടിലല്ല വന്നതെന്നും വെണ്ണല തയ്ക്കാട്ടുശ്ശേരി ക്ഷേത്രത്തിലാണ് എത്തിയതെന്നും നന്ദകുമാറിന്റെ പ്രതികരണം. 'ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ഇ.പി ജയരാജന് എത്തിയത്. കെ.വി തോമസും കൂടെയുണ്ടായിരുന്നു. കെ.വി തോമസും ക്ഷണിച്ചിട്ട് വന്നതല്ല. ആ സമയത്ത് അമ്മയെ കണ്ടപ്പോള്‍ ഷാള്‍ അണിയിച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
'ജനുവരി 21 നായിരുന്നു അമ്മയുടെ പിറന്നാള്‍. പിറന്നാള്ചടങ്ങിന് ഇ.പി ജയരാജനെ ക്ഷണിച്ചിരുന്നെങ്കിലും എത്താന്‍ പറ്റിയിരുന്നില്ല. അന്ന് പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിച്ചിരുന്നു. കെ.വി തോമസ് എല്ലാതവണയും ഇവിടെ ക്ഷേത്രത്തില്‍ ഭക്ഷണം കഴിക്കാന്‍ വരാറുണ്ടെന്നും' നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ രോഗബാധിതനായ പ്രവര്‍ത്തകനെ കാണാനാണ് എത്തിയതെന്നും കൊച്ചിയിലെത്തിയത് ചൊവ്വാഴ്ചയാണെന്നും ഇപി പ്രതികരിച്ചു. നന്ദകുമാറിന്റെ അമ്മയെന്ന് അറിഞ്ഞില്ല, ആദരിക്കണമെന്ന് ആവശ്യപ്പെട്ടത് ക്ഷേത്രം ഭാരവാഹികളാണെന്നും ഇപി പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥയുടെ തലേദിസവം ഇ.പി ജയരാജന് കൊച്ചിയില്‍ എത്തിയതായാണ് വിവരം. ജാഥയില്‍ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റന് കൂടിയായ എം.വി ഗോവിന്ദന് പറഞ്ഞത്. എന്നാല്‍ ഇപിയുടെ സന്ദര്‍ശനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് എംവി ഗോവിന്ദന് പ്രതികരിച്ചു.
പി.ജയരാജന് സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആയുര്‍വേദ റിസോര്‍ട്ട് പരാതിയില്‍ വിശദീകരണം നല്‍കിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇപിയെന്നാണു വിവരം. ഇക്കാര്യത്തില്‍ അനൂകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇപി പങ്കെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."