മലയാളി ഹാജിമാരുടെ വരവ് തുടങ്ങി, ആദ്യ സംഘം സഊദിയിൽ; ഊഷ്‌മള സ്വീകരണം നൽകി ഹജ്ജ് മിഷനും വിഖായ വളണ്ടിയർമാരും
മക്ക: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം വിശുദ്ധ ഭൂമിയിൽ എത്തി. ജിദ്ദ എയർപോർട്ട് വഴി എത്തിയ ആദ്യ ഹജ്ജ് സംഘത്തിന് എംബസി ഉദ്യോഗസ്ഥരും വിവിധ മലയാളി സംഘടന വളണ്ടിയർമാരും ചേർന്ന് ഊഷ്‌മള സ്വീകരണം നൽകി. രാവിലെ 4:30 ഓടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മലയാളി ഹജ്ജ് സംഘത്തെ ടെർമിനലിന് പുറത്തേക്ക് ഇറങ്ങിയതോടെ സമസ്ത ഇസ്‌ലാമിക് സെന്റർ വിഖായ സന്നദ്ധ സേവക സംഘം സ്വീകരിച്ചു.
എസ് ഐ സി നാഷണൽ വൈസ് പ്രസിഡന്റ് അബൂബക്കർ ദാരിമി ആലമ്പാടി, വിഖായ നാഷണൽ കൺവീനർ ജാബിർ നാദാപുരം, കോർഡിനേറ്റർ ദിൽഷാദ് തലാപ്പിൽ ജിദ്ദ വിഖായ ചെയർമാൻ അബ്ദുൽ അസീസ് കാളികാവ്, വിഖായ നാഷണൽ സമിതി മെമ്പർ അസ്‌കർ മുല്ലപ്പള്ളി, വിഖായ ജിദ്ദ അംഗങ്ങളായ അബ്ദുൽ മുസ്വവ്വിർ, സിദ്ധീഖ് കാളികാവ്, സലീം മണ്ണാർക്കാട് തുടങ്ങിയവ നേതൃത്വം നൽകി.
ആദ്യ മലയാളി ഹജ്ജ് സംഘത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പെടെ 172 തീർഥാടകരാണ് ജിദ്ദയിൽ എത്തിയത്. കോഴിക്കോട്ടുനിന്ന് പുലർച്ചെ 1.10ന് പുറപ്പെട്ട വിമാനം, സഊദി സമയം പുലർച്ചെ 4.35ന് ജിദ്ദ ഹജ്ജ് ടെർമിനലിൽ ഇറങ്ങി. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി വളന്റിയർമാർ ഹാജിമാരുടെ സഹായത്തിന് ഹജ്ജ് ടെർമിനലിൽ ഉണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കി ഹജ്ജ് സർവിസ് കമ്പനികൾ തീർഥാടകരെ മക്കയിലെത്തിക്കുകയാണ് ചെയ്യുന്നത്.
മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ സംഘടനകളും തീർഥാടകരെ സ്വീകരിക്കുന്നുണ്ട്. മലയാളികളുമായി രണ്ടാമത്തെ വിമാനം ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് സഊദി സമയം രാത്രി എട്ടിന് ജിദ്ദയിലെത്തും. 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പെടെ 173 തീർഥാടകരാണ് ഇതിൽ യാത്ര ചെയ്യുന്നത്. മറ്റന്നാൾ മുതൽ കണ്ണൂരിൽനിന്നും ഈമാസം 16 മുതൽ കൊച്ചിയിൽനിന്നും തീർഥാടകർ എത്തിത്തുടങ്ങും. കോഴിക്കോട്ടുനിന്നും ഞായറാഴ്ച മൂന്ന് വിമാനങ്ങള്‍ സർവിസ് നടത്തും. പുലര്‍ച്ചെ 1.05നും രാവിലെ 8.05നും വൈകീട്ട് 4.30 നുമാണ് വിമാനങ്ങള്‍ പുറപ്പെടുക.
നേരത്തെ മദീനയിൽ ഇറങ്ങിയ ഇന്ത്യൻ ഹാജിമാരിൽ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സംഘങ്ങളായി മക്കയിൽ എത്തുന്നുണ്ട്. ജിദ്ദ വഴിയെത്തുന്ന മുഴുവൻ ഹാജിമാരും ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കും. മദീന വഴിയായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള മടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."