കണ്ണൂര്‍ ഉറപ്പിച്ച് എല്‍.ഡി.എഫ്, വിജയപ്രതീക്ഷ കൈവിടാതെ യു.ഡി.എഫും; അടിയൊഴുക്കുകളറിയാതെ അഴീക്കോടും കൂത്തുപറമ്പും
കണ്ണൂര്‍: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ആര്‍ക്കൊക്കെ എത്ര വീതം സീറ്റുകള്‍ ലഭിക്കുമെന്നതറിയാനുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. രാവിലെ 10 ഓടെ തന്നെ കണ്ണൂരിന്റെ രാഷ്ട്രീയ ചിത്രം തെളിഞ്ഞുവരും. സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വൈകിട്ട് അഞ്ചോടെ ജില്ലയിലെ 11 മണ്ഡലങ്ങളിലെയും ഫലം പുറത്തുവരും.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫിന് എതിരാണെങ്കിലും കരുത്തുതെളിയിക്കുമെന്നാണ് യു.ഡി.എഫ് ക്യാംപ് പറയുന്നത്. മികച്ച വിജയമുണ്ടാവുമെന്നാണ് എല്‍.ഡി.എഫ് ക്യാംപിന്റെ ആത്മവിശ്വാസം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് എട്ട്, യു.ഡി.എഫ് മൂന്ന് എന്നതാണ് സ്ഥിതി. ഇത്തവണ ഇതില്‍ എത്രമാത്രം ഏറ്റകുറച്ചില്‍ സംഭവിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
11 മണ്ഡലങ്ങളില്‍ ആറിടങ്ങള്‍ ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമാണ്. യു.ഡി.എഫ് കുത്തകയാക്കിവച്ച ഇരിക്കൂറും പേരാവൂരിലും യു.ഡി.എഫ് വിജയം ഉറപ്പിക്കുമ്പോഴും എക്‌സിറ്റ് പോളുകളില്‍ പേരാവൂരില്‍ ഇടതുവിജയം പ്രവചിച്ചത് യു.ഡി.എഫ് ക്യാംപിനെ ഞെട്ടിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് കഴിഞ്ഞതവണ പിടിച്ചെടുത്ത കണ്ണൂരിലും യു.ഡി.എഫ് രണ്ടുതവണ വിജയിച്ച അഴീക്കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
ഈ രണ്ടു മണ്ഡലങ്ങളിലെയും പലം പ്രവചനാതീതമാണ്. കഴിഞ്ഞതവണ വലതുമുന്നണിയില്‍നിന്ന് പിടിച്ചെടുത്ത കൂത്തുപറമ്പില്‍ ഇത്തവണ പോരാട്ടം കനത്തത് ഇടതിനെ ആശങ്കയിലാക്കുന്നു. മന്ത്രി കെ.കെ ശൈലജ കുത്തുപറമ്പില്‍നിന്ന് മാറി മട്ടന്നൂരില്‍ മത്സരിക്കുന്നതാണ് കൂത്തുപറമ്പില്‍ ഇടതിനെ അനിശ്ചിതത്ത്വത്തിലാക്കിയത്.
പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശേരി, തലശേരി. മട്ടന്നൂര്‍, ധര്‍മടം മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇരിക്കൂറില്‍ മാത്രമാണ് യു.ഡി.എഫിന് ഉറച്ച വിജയപ്രതീക്ഷയുള്ളത്.
അടിയൊഴുക്കുകളറിയാതെ
അഴീക്കോട്
അടിയൊഴുക്കുകള്‍ വ്യക്തമല്ലാത്ത അഴീക്കോടും പേരാവൂരും പരാജയപ്പെട്ടാല്‍ യു.ഡി.എഫിന് അത് താങ്ങാനാവില്ല. കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കൂത്തുപറമ്പില്‍ കെ.പി മോഹനനും പരാജയപ്പെടുന്നത് എല്‍.ഡി.എഫിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. കനത്ത മത്സരം നടന്ന അഴീക്കോട് പ്രവചനാതീതമെന്നതാണ് ചില എക്‌സിറ്റ് പോള്‍ വിലയിരുത്തല്‍. ഇരുകക്ഷികളിലെയും യുവ നേതാക്കളായ മുസ്‌ലിം ലീഗിലെ കെ.എം ഷാജിയും എല്‍.ഡി.എഫിലെ കെ.വി സുമേഷും തമ്മിലാണ് മത്സരം. ഷാജി രണ്ടു തവണ ജയിച്ചു കയറിയ മണ്ഡലമാണിത്. ഷാജിക്ക് നേരിയ മുന്‍തൂക്കമെന്നാണ് ചില പ്രവചനങ്ങള്‍ നല്‍കുന്ന സൂചന.
കൂത്തുപറമ്പ്
കൂത്തുപറമ്പ് മണ്ഡലത്തിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ എല്‍.ജെ.ഡിയിലെ കെ.പി മോഹനനും യു.ഡി.എഫില്‍ മുസ്‌ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയും തമ്മിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം യു.ഡി.എഫ് പാളയത്തിലായിരുന്ന മോഹനന്‍ സി.പി.എമ്മിലെ കെ.കെ. ലൈശജയോടായിരുന്നു ഇവിടെനിന്ന് പരാജയപ്പെട്ടത്. ഇത്തവണ ശൈലജ മണ്ഡലംമാറി മട്ടന്നൂരില്‍ മത്സരിക്കുന്നു.
പേരാവൂര്‍
പത്തു വര്‍ഷമായി യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ പേരാവൂരില്‍ എല്‍.ഡി.എഫിലെ യുവനേതാവായ കെ.വി സക്കീര്‍ ഹുസൈന്‍ അട്ടിമറി വിജയം നേടുമെന്നാണ് ചില എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇവിടെ ജയിച്ചുകയറിയത്. ഇവിടെയാണ് എല്‍.ഡി.എഫ് നേട്ടമുണ്ടാക്കുമെന്ന സൂചന വന്നിരിക്കുന്നത്. പേരാവൂര്‍ യു.ഡി.എഫിനെ കൈവിട്ടാല്‍ എന്തുഘടകമായിരിക്കും പ്രതിഫലിച്ചതെന്നത് സംബന്ധിച്ചായിരിക്കും വരും ദിവസങ്ങളിലെ ചര്‍ച്ച.
കണ്ണൂര്‍
യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫില്‍ കോണ്‍ഗ്രസ് (എസ്) ലെ കടന്നപ്പള്ളി രാമചന്ദ്രന്‍ 1196 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയമാണ് നേടിയത്. യു.ഡി.എഫില്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയായിരുന്നു അന്ന് കടന്നപ്പള്ളിയുടെ എതിരാളി. ഇത്തവണയും ഇരുവരും തമ്മിലാണ് ഏറ്റുമുട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."