പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍; 5.60 കോടിയുടെ ഓഹരി; പി.കെ ശശിക്കെതിരായ ഫണ്ട് തിരിമറിയുടെ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: കെ.ടി.ഡി.സി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.കെ ശശിയുടെ സാമ്പത്തിക തിരിമറിയുടെ രേഖകള്‍ പുറത്ത്. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകള്‍ സമര്‍പ്പിച്ചത്.
ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന് പി.കെ.ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കു മാറ്റിയ പത്തു ലക്ഷം രൂപയുടേയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ പി.കെ. ശശിയുടെ അക്കൗണ്ടിലേക്കുപോയ പത്തുലക്ഷം രൂപയുടെയും രേഖകളുള്‍പ്പടെയാണ് പുറത്തുവന്നത്.
സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്‌സല്‍ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തി. യൂണിവേഴ്‌സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിന്റെ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്
ഡ്രൈവര്‍ പി.കെ ജയന്റെ പേരില്‍ അലനെല്ലൂര്‍ വില്ലേജ് പരിസരത്തു വാങ്ങിയ ഒരു കോടിയ്ക്കു മുകളില്‍ വിലവരുന്ന സ്ഥലത്തിന്റെ ആധാരവും അതിന്റെ പോക്കുവരവ് നടത്തിയ രേഖകളും, മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള സ്ഥലക്കച്ചവടത്തിന്റെ രേഖകള്‍, യൂണിവേഴ്‌സല്‍ കോളേജിനു സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖ, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണത്തില്‍ പി.കെ.ശശിയുടെ റൂറല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്കു മാറ്റിയ പത്ത് ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്കു മാറ്റിയ പത്ത് ലക്ഷത്തിന്റെയും കണക്കുകള്‍ എന്നിവയാണ് പുത്തലത്ത് ദിനേശന് ഏരിയാ കമ്മിറ്റി യോഗത്തില്‍ വിവിധ അംഗങ്ങള്‍ നല്‍കിയത്.
കണക്ക് സംബന്ധിച്ച് പി.കെ.ശശിക്ക് പറയാനുള്ളതും കമ്മിഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏരിയ കമ്മിറ്റി നല്‍കിയ കണക്കുകളുടെ കൃത്യമായ മറുപടിക്കായി പി.കെ.ശശി ഒരാഴ്ച സാവകാശം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."