ശ്രീനിവാസന്റെ കൊലപാതകം: നാല് പ്രതികളെ തിരിച്ചറിഞ്ഞു
പാലക്കാട്: മേലാമുറിയില്‍ ആര്.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ പരിശോധനയില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അബ്ദുല്‍ റഹ്മാന്, ഫിറോസ്, ഉമ്മര്‍, അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് പൊലിസ് നിഗമനം. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്നാട് രജിസ്ട്രേഷന് ആണെന്നും സൂചനയുണ്ട്. ഫിറോസു ഉമ്മറുമാണ് ഈ ബൈക്കില്‍ സഞ്ചരിച്ചത്. ഈ ബൈക്ക് വല്ലപ്പുഴ കടന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അബ്ദുല്‍ ഖാദര്‍ ആക്ടിവ സ്കൂട്ടറിലായിരുന്നുവെന്നും പൊലിസ് പറയുന്നു. അറസ്റ്റ് ഉടന്‍ നടക്കുമെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാങ്കേതിക വിദ്യയുടെയടക്കം സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമെന്നും മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. കേസില്‍ നിരവധി പേരെ പൊലിസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് കൊലയാളികളെ സംബന്ധിച്ച് പൊലിസിന് സൂചന ലഭിച്ചത്.
അതിനിടെ എലപുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിതിന്റെ കൊലപാതകത്തില്‍ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്റെ സുഹൃത്ത് രമേശ്, അറുമുഖന്, ശരവണന് എന്നീ ആര്.എസ്.എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഗൂഢാലോചന അടക്കമാണ് പൊലിസ് അന്വേഷണം.
ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകീട്ട് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."